Connect with us

Articles

ഇത് വിത്തെറിയൽ; വിളവെടുപ്പ് പിന്നീട്

Published

|

Last Updated

വടക്കു കിഴക്കൻ ഡൽഹിയിൽ മുസ്്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ സംഘ്്പരിവാർ ഭരണകൂടന്റെ മൗനാനുവാദത്തോടെ നടത്തിയ വംശഹത്യാ നീക്കം താത്കാലികമായി ശമിച്ചെങ്കിലും രാജ്യം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന ഏറ്റവും ഗുരുതരമായ സൂചനയാണ് ഈ കലാപം നൽകുന്നത്. ഏറ്റവും നിർധനരും അന്നന്നത്തെ അന്നത്തിനായി നെട്ടോട്ടമോടുന്നവരുമായ മനുഷ്യരുടെ പുറമ്പോക്കാണ് വംശഹത്യക്ക് തിരഞ്ഞെടുത്തത്. ഇവിടെ അപൂർവം മുസ്്‌ലിംകൾക്കേ സ്വന്തമായി കെട്ടിടമുള്ളൂ. അതെല്ലാം കത്തിച്ചു. പള്ളിയും മദ്്‌റസകളുമാണ് മറ്റ് മുസ്്‌ലിം വസ്തുവകകൾ. അതും അഗ്നിക്കിരയാക്കി. ഹിന്ദുക്കളുടെ കെട്ടിടങ്ങളിൽ വാടകക്ക് താമസിക്കുന്നവരാണ് ഏറെയും. അതിനാൽ കെട്ടിടം കത്തിച്ചില്ല. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് സമ്പാദ്യങ്ങളെല്ലാം തകർത്തു. രേഖകൾ സൂക്ഷിച്ച അലമാരകളും പെട്ടികളുമായിരുന്നു അക്രമികൾക്ക് ആവശ്യം. അതവർ എടുത്തുകൊണ്ടുപോയി ചുട്ടു. മദീന മസ്ജിദിന് സമീപത്തെ മുഹമ്മദ് നഫീസിന്റെ വീട് ഇത്തരത്തിൽ നടന്ന ആസൂത്രിതമായ അക്രമണത്തിന്റെ ഉദാഹരണമായിരുന്നു. അധാർ അടക്കം ഒരു രേഖയും അവശേഷിക്കാത്ത ആ മനുഷ്യൻ തെരുവിൽ നിൽക്കുകയായിരുന്നു. ഞാൻ ഇന്ത്യൻ പൗരനാണെന്ന് എങ്ങനെ തെളിയിക്കും എന്ന നെഞ്ച് തകർക്കുന്ന ചോദ്യമാണ് കത്തിക്കരിഞ്ഞ മജീനാ മസ്ജിദിന്റെ ഇടുങ്ങിയ ഗല്ലിയിൽ നിന്ന് അദ്ദേഹം ചോദിക്കുന്നത്.

[irp]

ഈ ഗല്ലിയിൽ ഉള്ളവരെല്ലാം തലമുറകളായി ഇവിടെ വന്നുചേർന്നവരാണ്. തൊഴിൽ തേടി രാജ്യ തലസ്ഥാനത്തെത്തിയ മുൻ തലമുറയുടെ കണ്ണികൾ. അവർ എന്നും ഡൽഹിയിലായിരുന്നുവെങ്കിലും വേരുകൾ യു പിയിലും ഹരിയാനയിലും ബിഹാറിലുമെല്ലാമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഡൽഹിയുടെ സൗന്ദര്യം വർധിപ്പിക്കാൻ സഞ്ജയ്ഗാന്ധി പ്രഖ്യാപിച്ച ചേരി നിർമാർജനത്തിന്റെ ഇരകളാണവർ. 1976ൽ തുർക്ക്മാൻ ഗേറ്റിൽ ചേരികൾക്ക് മീതെ ബുൾഡോസറുകൾ നിരങ്ങി നീങ്ങിയപ്പോൾ കിടപ്പാടം നഷ്ടമായ മുസ്്‌ലിംകളും ദളിതുകളും വടക്കു കിഴക്കൻ ഡൽഹിയിലേക്കും തലസ്ഥാനത്തിന്റെ പ്രാന്തങ്ങളിലേക്കും വലിച്ചെറിയപ്പെട്ടു. ഈ ജില്ലകളിൽ മാത്രം 174 കോളനികളിൽ അവർ വസിക്കുന്നു. മുസ്്‌ലിംകൾ മാത്രം വസിക്കുന്ന കോളനികൾ ഹിന്ദു വർഗീയ വാദികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. വർഗീയ കലാപങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് ഇന്ധനമായിത്തീരുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം കോളനികൾ എന്നും ഭീഷണിയുടെ നിഴലിലായിരുന്നു. അതിനാൽ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവർ കഴിയുന്ന കോളനികളിലെല്ലാം നേരത്തെ തന്നെ സുരക്ഷാ ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

[irp]

ഇന്ദിരാഗാന്ധി വധത്തെ തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിന് ശേഷമാണ് ഡൽഹിയിലെ ഓരോ പാർപ്പിട കേന്ദ്രങ്ങളിലും ഇരുമ്പ് ഗേറ്റുകൾ സ്ഥാപിച്ചത്. എന്നാൽ പാവപ്പെട്ടവരുടെ ആവാസ കേന്ദ്രങ്ങളിൽ ഇതുണ്ടായിരുന്നില്ല. ഓരോ മതവിഭാഗത്തിലെയും പ്രത്യേകം പാർപ്പിട കേന്ദ്രങ്ങളിലെ ഇത്തരം ഗേറ്റുകൾ മുസ്്ലിം പുരോഗതിക്ക് തടസ്സമായെന്ന് സച്ചാർ കമ്മിറ്റി ചൂണ്ടിക്കാട്ടിയെങ്കിലും കലാപങ്ങളിൽ നിന്ന് അവരെ രക്ഷിക്കുന്നതിൽ ഇത്തരം ഗേറ്റുകൾ വലിയ പങ്കുവഹിച്ചു.

ശിവ് വിഹാറിലെ മുസ്്‌ലിംകൾ ആക്രമിക്കപ്പെട്ടപ്പോൾ തൊട്ടടുത്ത മുസ്്‌ലിം ഗല്ലിയായ ചമൻപാർക്കിലേക്ക് അക്രമികൾക്ക് കടക്കാൻ കഴിയാതിരുന്നത് ഇത്തരം ഗേറ്റ് ഉള്ളതിനാലാണ്. രണ്ടാഴ്ച മുമ്പ് നടന്ന കലാപത്തിൽ കണ്ടെടുക്കപ്പെട്ട മൃതദേഹങ്ങൾ 45 ആണെങ്കിലും കാണാതായവരുടെ എണ്ണം തിട്ടപ്പെട്ടുത്തിയിട്ടില്ല. പലരും ഭയന്നു സ്വന്തം വേരുള്ള ഇടങ്ങളിലേക്ക് നാടുവിട്ടിട്ടുണ്ടാവുമെന്നാണ് സന്നദ്ധ പ്രവർത്തകരും ബന്ധുക്കളും കരുതുന്നത്. എന്നാൽ കലാപമുണ്ടായ പ്രദേശത്തെ ചുറ്റി ഒഴുകുന്ന കൂറ്റൻ അഴുക്കുചാലിൽ എത്രപേരെ താഴ്ത്തി എന്ന ഭയം ഓരോരുത്തരും പങ്കുവെക്കുന്നു. 1984ലെ സിഖ് കൂട്ടക്കൊല വർഗീയ കലാപമായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം ഡൽഹി കണ്ട ഏറ്റവും വലിയ കലാപമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. അത് കെട്ടടങ്ങിയെന്നു പറയാനാവില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്. കൊലവിളി അവസാനിച്ചിട്ടില്ല. അതിനാൽ ഇവിടെ ഇപ്പോൾ ഭരിക്കുന്നത് ഭയമാണ്. പരസ്പരം സംസാരിക്കാൻ പോലും അവർ ആരെയോ ഭയപ്പെടുന്നു. 1974ൽ സദർ ബസാറിലുണ്ടായ കലാപത്തിൽ 10 പേരും 1987ൽ ഹൗസ് ബാഗിൽ 15 പേരും, 1992ൽ സീലം പൂരിൽ 30 പേരും മരിച്ച ന്യൂനപക്ഷങ്ങൾക്കെതിരായ വർഗീയ കലാപങ്ങളുണ്ടായി. തുടർന്ന് ശാന്തമായിരുന്ന ഡൽഹിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ വർഗീയ കലാപത്തിലേക്ക് തള്ളിവിടാൻ ആസൂത്രിത നീക്കമുണ്ടായി. വർഗീയ കലാപമുണ്ടാക്കി അതിന്റെ ഫലം ഉണ്ണുന്നവരായി മാറിയ ബി ജെ പി വടക്കു കിഴക്കൻ ഡൽഹിയെ അതിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് വടക്കു കഴിക്കൻ ഡൽഹി. 2011 ലെ സെൻസസ് അനുസരിച്ച് 22.42 ലക്ഷം ജനസംഖ്യയിൽ 6.58 ലക്ഷം മുസ്്‌ലിംകളാണ്. 3.28 ലക്ഷം പേർ ദളിതരും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടിവന്ന 8.23 ശതമാനം പേർ അധിവസിക്കുന്ന ഈ മേഖലയാണ് ഡൽഹിയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ല. ഏറ്റവും വൃത്തിഹീനമായ ഗല്ലികളും ദരിദ്രപൂർണമായ ജീവിതവും മനംപുരട്ടുന്ന ദുർഗന്ധവും ഇന്ത്യയുടെ തലസ്ഥാനനഗരത്തിന്റെ ഈ പുറംപോക്കിനെ അത്യന്തം ദയനീയമാക്കിത്തീർക്കുന്നു.

[irp]

ഒരു വർഗീയ കലാപത്തിന് വിത്തിട്ടു കഴിഞ്ഞാൽ അത് ആവശ്യമുള്ളപ്പോൾ വിളവെടുക്കാമെന്നതാണ് സംഘ്്പരിവാറിന്റെ കണക്ക് പുസ്തകം പറയുന്നത്. അതിനാൽ വടക്കു കിഴക്കൻ ഡൽഹി നാളെ വിളകൊയ്യാനുള്ള ഇടമാണ് അവർക്കെന്ന് അഭയാർഥി ക്യാമ്പിലേക്ക് സഹായങ്ങളുമായി വന്ന പഞ്ചാബിൽ നിന്നുള്ള ഭഗത് സിംഗ് യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് ഹർമീന്ദർ സിംഗ് ഖാർപുരി സിറാജിനോട് പറഞ്ഞു. ജാഫറാബാദിലെ സി എ എ വിരുദ്ധ പ്രതിഷേധം വർഗീയ കലാപത്തിന്റെ വിത്തുവിതക്കാനുള്ള കാരണമാക്കി മാറ്റുകയായിരുന്നു. ശഹീൻ ബാഗിലെ പ്രതിഷേധം വ്യാപിക്കുന്നതു തടയാൻ അവർക്ക് ഭീതി പടർത്തണമായിരുന്നു. പൗരത്വ പ്രക്ഷോഭം വ്യാപിക്കുന്നതും അതിന് പിന്നിലെ മതേതരമായ ഐക്യവും അവരെ അത്രമാത്രം പ്രകോപിതരാക്കിയിരുന്നു. അതിനാൽ തന്നെ കൃത്യമായ ആസൂത്രണം ഈ കലാപത്തിന് പിന്നിൽ ഉണ്ടായിരുന്നു.

കപിൽ മിശ്ര എന്ന വർഗീയ വാദി അതിന് ഒരു ഉപകരണമായി എന്നു മാത്രം. കലാപം പൊട്ടിപ്പുറപ്പെട്ടാൽ ഗുജറാത്ത് വംശഹത്യയുടെ മാതൃകയിൽ ഭരണകൂടം പ്രവർത്തിക്കണമെന്നതായിരുന്നു ആസൂത്രണം. ആദ്യ മണിക്കൂറുകളിൽ പോലീസും സർക്കാർ സംവിധാനങ്ങളും നിശ്ചലമായിരുന്നതും പോലീസ് അക്രമകാരികൾക്കൊപ്പം ചേർന്നതും ഈ ഗൂഢാലോചനയുമായി കൂട്ടിവായിക്കണം. ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും പരിശീലനം ലഭിച്ച ക്രിമിനലുകൾ കലാപത്തിനായി എത്തി. വാഹനങ്ങളിൽ കൊണ്ടുവന്ന ഗ്യാസ് സിലിൻഡറുകളും പെട്രോളും യഥേഷ്ടം ഉപയോഗിച്ചാണ് ഞൊടിയിട നേരം കൊണ്ട് അവർ ഒരു ഗല്ലിമുഴുവൻ ചുട്ടു ചാമ്പലാക്കിയത്.

[irp]

വീടുകൾക്കും കടകൾക്കും മുമ്പിൽ കലാപത്തിനു മുമ്പ് കാവിക്കൊടി പ്രത്യക്ഷപ്പെട്ടു എന്നകാര്യം നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മുസ്്‌ലിം വീടുകൾ വേഗം കണ്ടെത്താനുള്ള അടയാളമായിരുന്നു അത്. പേര് ചോദിക്കുകയും വസ്ത്രം അഴിച്ച് മുസ്്‌ലിമാണോ എന്ന് പരിശോധിക്കുകയും ചെയ്ത് തല തല്ലിത്തകർത്തുകൊണ്ട് അക്രമികൾ മുന്നേറി. ജയ് ശ്രീറാം വിളിച്ച് ഗുജറാത്ത് വംശഹത്യയുടെ മറ്റൊരു ആവർത്തനം അവർ ലക്ഷ്യമിട്ടു. ഹിന്ദു രാഷ്ട്ര നിർമിതിയിലേക്കുള്ള യാത്രയിൽ ആഭ്യന്തര ശത്രുക്കളെ ഇല്ലായ്മ ചെയ്യണമെന്ന ആർ എസ് എസ് ആചാര്യന്മാരുടെ ആഹ്വാനം നടപ്പാക്കാനുള്ള വിത്ത് അവർ തലസ്ഥാന നഗരിയിൽ വിതച്ചു കഴിഞ്ഞു. ഇനി അതിന്റെ വിവെടുപ്പ്. അതാണ് അവർ കാത്തിരിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest