Connect with us

National

സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ നഗരത്തില്‍ സ്ഥാപിച്ച് ഭരണകൂടം

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ചിത്രങ്ങള്‍ ഭരണകൂടം തെരുവുകളില്‍ പ്രദര്‍ശിപ്പിച്ചു. ഡിസംബര്‍ 19ന് ലഖ്‌നൗവിലുണ്ടായ പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും മേല്‍വിലാസവും രേഖപ്പെടുത്തിയ ഹോര്‍ഡിങ് ആണ് നഗരമധ്യത്തില്‍ ലഖ്‌നൗ ജില്ലാഭരണകൂടം നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഷിയ പുരോഹിതന്‍ മൗലാന സെയ്ഫ് അബ്ബാസ്, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ് ആര്‍ ദരപുരി, കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ എന്നിവരുള്‍പ്പടെ 53 പേരുടെ ചിത്രങ്ങളും പേരുവിവരങ്ങളുമാണ് ഹോര്‍ഡിങ്ങിലുള്ളത്.

സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടയില്‍ അക്രമം നടത്തിയവരില്‍ ജില്ലാ ഭരണകൂടം തിരിച്ചറിഞ്ഞവരുടെ ചിത്രങ്ങളാണ് നഗരത്തില്‍ പലഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹോര്‍ഡിങ്ങിലുള്ളതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് വിശദീകരിച്ചു. ഇത്തരത്തില്‍ നൂറ് ഹോര്‍ഡിങ്ങുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.അതേ സമയം എന്തിനാണ് ഇവരുടെ ഫോട്ടോയും പേരുവിവരവും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നോട്ടീസും ജില്ലാ ഭരണകൂടം അയച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് തീരുമാനം.