Connect with us

National

പാക്കിസ്ഥാനു വേണ്ടി ചാര പ്രവര്‍ത്തനം; ജമ്മുവില്‍ ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

ജമ്മു | പാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയയാളെ ജമ്മുവില്‍ അറസ്റ്റ് ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി. ജമ്മുവിലെയും മറ്റും നിര്‍ണായക പ്രാധാന്യമുള്ള കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പാക് ഇന്റലിജന്‍സിന് കൈമാറിയ പങ്കജ് ശര്‍മ എന്നയാളാണ് അറസ്റ്റിലായത്. സാമ്പത്തിക നേട്ടത്തിനായി ഇയാള്‍ ജമ്മു കശ്മീരിലെ ജമ്മു, സാമ്പ, കതുവ ജില്ലകളിലുള്ള കേന്ദ്രങ്ങളുടെ വീഡിയോയും ചിത്രങ്ങളും പാക്കിസ്ഥാന്‍ ഭാഗത്തുള്ളവര്‍ക്ക് നല്‍കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയായിരുന്നു കൈമാറ്റം. ചോദ്യം ചെയ്യലില്‍ ശര്‍മ കുറ്റം സമ്മതിച്ചതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

അതിര്‍ത്തി മേഖലകളിലുള്ള ദേശീയ പാതയിലെ ചില പാലങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും കൈമാറിയതെന്ന് ശര്‍മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിനുള്ള പ്രതിഫലം ശര്‍മക്ക് രണ്ട് ബേങ്ക് അക്കൗണ്ടുകളിലായി എത്തി. സംശയകരമായ ഇടപാടുകളുമായി ബന്ധപ്പെട്ട് ശര്‍മയുടെ അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി.

ആന്ധ്രപ്രദേശില്‍ കിഴക്കന്‍ നാവികസേന കമാന്‍ഡിന്റെ കേന്ദ്രമായ വിശാഖപട്ടണത്ത് നടന്ന ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഏഴ് നാവികോദ്യോഗസ്ഥരെയും ഒരു ഹവാല ഓപ്പറേറ്ററെയും അറസ്റ്റ് ചെയ്തിരുന്നു. നാവിക സേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവര്‍ പാക്കിസ്ഥാന് നല്‍കിയതായാണ് ഇന്റലിജന്‍സ് ഏജന്‍സി സംശയിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ ആന്ധ്ര ഇന്റലിജന്‍സ് പോലീസും നാവിക ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.