Connect with us

Kozhikode

മലയോരം മേഘാവൃതം; വേനൽ മഴ പ്രതീക്ഷിക്കാം

Published

|

Last Updated

കോഴിക്കോട് | അടുത്ത രണ്ട് ദിവസങ്ങളിൽ വേനൽ മഴ മലപ്പുറത്ത് നിന്ന് തെക്കോട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. എന്നാൽ, മലയോര മേഖലകളിലെല്ലാം ഇന്നലെ മേഘാവൃതമായ അന്തരീക്ഷം നിലനിന്നത് മറ്റിടങ്ങളിലും മഴ പ്രതീക്ഷയേകുന്നുണ്ട്. പശ്ചിമഘട്ടത്തിൽ കേരള-തമിഴ്‌നാട് അതിർത്തിക്ക് മുകളിൽ ഇന്നലെ ശക്തമായ മേഘ സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 37.2 മില്ലിമീറ്റർ. ചേർത്തല, വൈക്കം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചു. മൂന്നാറിലാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. 0.2 മില്ലിമീറ്റർ.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മലയോര മേഖലകളിൽ തീർത്തും മേഘാവൃതമായ അന്തരീക്ഷമുണ്ട്. ഇത്തവണ ചൂടുകാലം നേരത്തേ ആരംഭിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ ഔദ്യോഗിക നിരീക്ഷണ പ്രകാരം മാർച്ച് ഒന്ന് മുതലാണ് വേനൽക്കാലം. ഇത്തവണ ഈ സീസണോടു കൂടി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് പട്ടാമ്പിയിൽ 37 മില്ലിമീറ്റർ മഴയാണ് കിട്ടിയത്. ഏതാനും കിലോമീറ്റർ ചുറ്റളവിൽ നന്നായി മഴ പെയ്യുമെങ്കിലും തൊട്ടടുത്ത പ്രദേശത്ത് തീരെ മഴ ലഭിക്കാത്ത രീതിയിലായിരിക്കും വേനൽ മഴയെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ് ബീറ്റ് വെതർ പ്രവചിച്ചു. കൂടാതെ, കടലിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കാറ്റിന്റെ ഗതിക്കനുസരിച്ച് മഴയുടെ തോതിൽ മാറ്റങ്ങളുണ്ടാകും. കേരള കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ നിഗമനമനുസരിച്ച് മധ്യ-തെക്കൻ ജില്ലകളിലും മലപ്പുറത്തുമടക്കം ഇന്നും നാളെയും 2.5 മില്ലിമീറ്റർ മുതൽ 15.6 മില്ലിമീറ്റർ വരെയുള്ള മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മഴക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ, ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ വടക്കൻ കേരളത്തിലും മഴ പ്രവചിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest