Connect with us

Articles

എന്തിനിത്? അക്രമികള്‍ക്കറിയില്ല, ആക്രമിക്കപ്പെട്ടവര്‍ക്കും

Published

|

Last Updated

ഡൽഹി ഈദ്ഗാഹ് അഭയാർഥി ക്യാമ്പിനു പുറത്ത് ഉടുവസ്ത്രത്തിനായി തിരയുന്നവർ

രണ്ട് വർഗീയ കലാപങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്തതിന്റെ നടുക്കമായിരുന്നു ഡൽഹിയിൽ വിമാനമിറങ്ങുമ്പോൾ. വർഷങ്ങൾക്കു മുമ്പ് നടന്ന രണ്ടാം മാറാട് കലാപവും മംഗലാപുരം വർഗീയ കലാപവും റിപ്പോർട്ട് ചെയ്ത അനുഭവം മനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. മനുഷ്യർ രക്തദാഹികളായിത്തീരുന്ന വർഗീയ കലാപങ്ങൾ മനുഷ്യരിൽ പരസ്പര വിശ്വാസം നശിപ്പിച്ചു കളയുന്നു. ഭയം ഒരു കറുത്ത കരിമ്പടമായി മൂടുന്നു.

ഡൽഹി മെട്രോയിൽ യാത്ര വടക്കു കഴിക്കൻ ഡൽഹിയിൽ മത ന്യൂനപക്ഷങ്ങൾ വംശഹത്യക്ക് വിധേയമായ പ്രദേശങ്ങളിലേക്ക് അടുക്കുകയായിരുന്നു. മെട്രോയിൽ നിന്നുള്ള വിദൂര ദൃശ്യങ്ങളിൽ മുസ്തഫാബാദും ശിവ് വിഹാറും തെളിയുന്നു. മിക്ക കെട്ടിടങ്ങൾക്കും മുകളിൽ ദേശീയ പതാക പാറുന്നു. പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയർന്നതായിരുന്നു ആ പതാകകൾ. തിങ്ങിനിറഞ്ഞ കെട്ടിടങ്ങളും അതിനിടിയിലൂടെയുള്ള ഇടുങ്ങിയ ഗല്ലികളും ഓട്ടോകളും സൈക്കിൾ റിക്ഷകളും കുതിരവണ്ടികളും തിക്കിത്തിരിക്കുന്ന പാതകളും. ആ രണ്ട് നഗര പ്രാന്തങ്ങളെ വളഞ്ഞൊഴുകുന്ന മാലിന്യം മൂടിയ കൂറ്റൻ അഴുക്കുചാൽ.
മെട്രോ ഇറങ്ങി ആയിരങ്ങൾ തിങ്ങിക്കഴിയുന്ന മുസ്തഫാബാദിലെ ഈദ്ഗാഹ് അഭയാർഥിക്യാമ്പിനെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു.

കത്തിക്കരിഞ്ഞതും അടിച്ചു തകർക്കപ്പെട്ടതുമായ വീടുകൾക്കും പള്ളികൾക്കും കെട്ടിടങ്ങൾക്കും മുന്നിൽ സി ആർ പി എഫുകാർ തോക്കുമായി കാവൽ നിൽക്കുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. തകർന്ന കെട്ടിടങ്ങളിൽ നിന്ന് കരിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ ഓരോ പ്രദേശത്തും ക്യാമ്പ് ചെയ്ത് നഷ്ടം കണക്കാക്കുന്നു. ഭീതി എന്ന മാരക രോഗം ഈ പ്രദേശങ്ങളെ വിട്ടകന്നിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും സന്നദ്ധ സേവകരും ഓരോ ഗല്ലിയിലുമുണ്ട്. മനസ്സ് തുറന്ന് സംസാരിക്കാൻ എല്ലാവരും ഭയപ്പെടുന്നു. കലാപത്തിന് സാക്ഷിയായവർ എന്തെങ്കിലും പറയുമ്പോൾ നാലുപാടും നിരീക്ഷിക്കുന്നു. ആരെങ്കിലും കടന്നു വരുമ്പോൾ അവർ ഞെട്ടുന്നു. ജിവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും വിലപ്പെട്ട ബന്ധുജനങ്ങളും നഷ്ടപ്പെട്ടവരെല്ലാം ക്യാമ്പുകളിലാണ്. അവർക്ക് ആരൊക്കെ മരിച്ചു എന്നറിയില്ല. എത്രയോ പേരെ കാണാതായിട്ടുണ്ട്. അവരെല്ലാം ഭയപ്പെട്ട് ഓടിപ്പോയിട്ടുണ്ടാകും എന്നവർ സമാധാനിക്കുന്നു.

കലാപം ഏറ്റവും കൂടുതൽ നാശം വിതച്ച ശിവ്‍വിഹാറിലേക്കുള്ള യാത്ര അത്യന്തം ഭീതിജനകമായിരുന്നു. അടഞ്ഞു കിടക്കുന്ന ഒരു ഗേറ്റിനപ്പുറം കുറേ കാറുകൾ കത്തിച്ചാമ്പലായി കിടക്കുന്നതു കണ്ടു. ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറിയപ്പോൾ വെണ്ണീറായ 65 ഓളം കാറുകൾക്കിടയിൽ മധ്യവയസ്‌കനായ റിയാസുദ്ദീനെ കണ്ടു. അയാൾ തന്റെ കത്തിക്കരിഞ്ഞ കാർ ഒന്നു കാണാൻ വന്നതാണ്. ശിവ്‍വിഹാറിലെയും മുസ്ത്വഫാ ബാദിലെയും വ്യാപാരികളും ഇടപാടുകാരും വാഹനം നിർത്തുന്ന പാർക്കിംഗ് ഇടമാണത്. ഇവിടെ നിർത്തിയിട്ട എല്ലാ കാറുകളും കത്തിനശിച്ചിരിക്കുന്നു. “ഇവിടെ ഹിന്ദുക്കളും മുസ്‌ലിംകളും ഇടതിങ്ങി താമസിക്കുന്ന സ്ഥലമാണ്. ഇന്നുവരെ ഇവിടെ എന്തെങ്കിലും ഒരു പ്രശ്‌നം മതത്തിന്റെ പേരിൽ ഉണ്ടായിട്ടില്ല. കലാപം ഉണ്ടായപ്പോൾ എല്ലാം ആസൂത്രണം ചെയ്ത പോലെ നിമിഷങ്ങൾക്കകം ഒരു വിഭാഗത്തിന്റെ സ്വത്തുക്കൾ മുഴുവൻ കത്തിച്ചാമ്പലായി.

പുറത്തു നിന്നു വന്നവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. എന്നാൽ അവർക്ക് എങ്ങനെ മുസ്‍ലിം പള്ളിയും മുസ്‍ലിം വീടുകളും അവരുടെ സ്ഥാപനങ്ങളും മാത്രം തിരിച്ചറിയാൻ കഴിഞ്ഞു എന്നതാണു മനസ്സിലാകാത്തത്. അപ്പോൾ അതിനു പിന്നിൽ ഏറെ നാളത്തെ ആസൂത്രണവും കൃത്യമായി പദ്ധതിയും ഉണ്ട് എന്നുറപ്പാണ്” ഭയപ്പാടോടെ ചുറ്റുപാടും നോക്കിക്കൊണ്ട് റിയാസുദ്ദീൻ അത്രയും പറഞ്ഞു. അപ്പോഴേക്കും ഗേറ്റിനു പുറത്ത് പലരും ചുറ്റിത്തിരിയാൻ തുടങ്ങിയതോടെ അയാൾ വാക്കുകൾ നിർത്തി.
ഇതേ കവലയിൽ വർഷങ്ങളായി എൻജിൻ ഓയിൽ കച്ചവടം ചെയ്യുന്ന അനിൽ ശർമ എന്ന 48 കാരൻ പറഞ്ഞതും സമാനമായ കാര്യമായിരുന്നു. “പൗരത്വ നിയമത്തിനെതിരായ സമരം റോഡ് ഉപരോധത്തിലേക്കു നീങ്ങിയതോടെയാണ് കലാപത്തിനുള്ള നീക്കമുണ്ടായത്. അതുവരെ ഈ പ്രദേശത്ത് ഹിന്ദു-മുസ്‍ലിം സാഹോദര്യം നിലനിന്നിരുന്നു. കലാപത്തിനു പിന്നിൽ ഈ നാട്ടുകാർ ആയിരുന്നില്ല. അക്രമം നടത്തിയതെല്ലാം യുവാക്കളായിരുന്നു. അവരൊന്നും ഇവിടെ ഉള്ളവരായിരുന്നില്ല.

[irp]

എങ്ങനെയാണ് ഇത്രവേഗം വാഹനങ്ങളും കെട്ടിടവും കത്തിച്ചാമ്പലായത് എന്നത് അത്ഭുതമാണ്. ഗ്യാസ് കുറ്റിയോ പെട്രോളോ ഇതിനായി ഉപയോഗിച്ചിട്ടുണ്ടാകണം.
ഗല്ലികൾ തീയും പുകയും മൂടിയതോടെ എല്ലാവരും ജീവനുംകൊണ്ടോടുകയായിരുന്നു”. പൂർണമായി കത്തിനശിച്ച മൂന്ന് നിലകളുള്ള മദീനാ മസ്ജിദിൽ ഒന്നും അവശേഷിച്ചിട്ടില്ല. മദീനാ മസ്ജിദ് കത്തിച്ചവർ അതിനോടു ചേർന്നുള്ള ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളാൽ അലങ്കരിച്ച വൃദ്ധ ദമ്പതികളായ നരേഷ് ചന്ദിന്റെയും മുന്നീ ദേവിയുടെയും വീടും അഗ്‌നിക്കിരയാക്കി. തീക്കളി താണ്ഡവമാടിയ തെരുവിൽ അഞ്ച് നില കെട്ടിടങ്ങൾ വരെ തീവിഴുങ്ങി കറുത്തിരുണ്ടു നിൽക്കുന്നു.

ആവേശത്തിൽ തീയിട്ടു പോയതല്ല വീടുകളെന്ന് മദീനാ മസ്ജിദിനു സമീപത്തെ മുഹമ്മദ് നഫീസിന്റെയും മായിന്നൂരിന്റെയും വീട്ടിനുള്ളിൽ കയറി നോക്കിയാൽ മനസ്സിലാകും. വീട്ടുപകരണങ്ങളെല്ലാം തച്ചുടച്ച് വാരിക്കൂട്ടി കത്തിച്ചിരിക്കുന്ന കാഴ്ച നെഞ്ചു പൊള്ളിക്കുന്നതാണ്. മൂന്ന് മണിക്കൂറെങ്കിലും അക്രമകാരികൾ ഈ തെരുവിൽ അഴിഞ്ഞാടിയെന്നും പോലീസോ ഫയർ ഫോഴ്‌സോ ഒന്നും തിരിഞ്ഞു നോക്കിയില്ലെന്നും മുഹമ്മദ് നഫീസ് പറഞ്ഞു. മദീനാ മസ്ജിദിനപ്പുറത്തെ ഔലിയാ മസ്ജിദും കത്തിച്ചാമ്പലായിരിക്കുന്നു. ഈ മസ്ജിദിൽ നിൽക്കുമ്പോഴാണ് ഐ എൻ എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനും ഏതാനും ദലിത് നേതാക്കളും അവിടം സന്ദർശിക്കാനെത്തിയത്. ഇതു ഫാസിസത്തിന്റെ രാഷ്ട്രീയ പ്രയോഗമാണെന്ന് അദ്ദേഹം സിറാജുമായി സംസാരിക്കവെ ചൂണ്ടിക്കാട്ടി.
ഹിറ്റ്‌ലർ സമാനമായ രീതിയിൽ ജൂതന്മാരുടെ സിനഗോഗുകളും വീടുകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും കത്തിക്കാൻ ആസൂത്രിതമായ നീക്കം നടത്തിയിരുന്നുവെന്നും 1938ൽ ഹിറ്റ്‌ലർ ചെയ്തതിന്റെ ആവർത്തനമാണ് ഇന്ന് ഡൽഹിയിൽ അരങ്ങേറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest