Connect with us

Articles

ആപ് ബദൽ ചോദ്യം ചെയ്യപ്പെടുന്നുവോ?

Published

|

Last Updated

ഡൽഹി വംശഹത്യ കൊറോണ വൈറസിന്റെ ഇന്ത്യൻ പതിപ്പെന്നും ജനാധിപത്യത്തെ പൂര്‍ണമായും തകർത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ വാക്കുകൾ കേട്ട് ഹിന്ദുത്വ ഫാസിസ്റ്റുകൾ അഴിഞ്ഞാടി എന്നും ഇതുതന്നെയാണ് അവർ ലക്ഷ്യമിടുന്നതെന്നും അരുന്ധതി റോയ് പറയുന്നു. വടക്കുകിഴക്കൻ ഡല്‍ഹിയിലെ കൂലിത്തൊഴിലാളികളായ മുസ്‍ലിംകളുടെ നേര്‍ക്കാണ് ആയുധം കൊണ്ട് അക്രമം നടത്തിയത്. വിദേശ രാഷ്ട്രങ്ങളിൽ നിന്നോ ഐക്യരാഷ്ട്രസഭയിൽ നിന്നോ നമുക്ക് സഹായം ലഭിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അക്രമത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളും വീടുകളും പള്ളികളും വാഹനങ്ങളും തീയിട്ടു. തെരുവുകൾ മുഴുവൻ കനല്‍ കൂന്പാരമാണ്. ആശുപത്രികൾ പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മോര്‍ച്ചറികളിൽ മൃതദേഹങ്ങളും. തെരുവിൽ അക്രമം അരങ്ങേറുമ്പോൾ പോലീസ് കൈയുംകെട്ടി നോക്കിനിന്നതും ചിലയിടങ്ങളിൽ പങ്കാളികളായതും വീഡിയോകളിൽ കണ്ടു. കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്രക്കെതിരെ നടപടിയെടുക്കാത്തത് ചോദ്യം ചെയ്ത ജസ്റ്റിസ് മുരളീധറിനെ പാതിരാ ഉത്തരവിലൂടെ സ്ഥലം മാറ്റി. പ്രശസ്തി ആഗ്രഹിക്കാത്തവരെയും സ്വയം അപകടത്തില്‍പെടാൻ തയ്യാറാകുന്നവരെയും സത്യം പറയുന്നവരെയുമാണ് യഥാര്‍ഥത്തിൽ നമുക്ക് ആവശ്യം. ധീരരായ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും കലാകാരന്മാരെയും വേണമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലെ ഡല്‍ഹിയുടെ ഒരു ചിത്രമാണ് അവർ ഇവിടെ വരച്ചു കാട്ടിയിരിക്കുന്നത്. കോൺഗ്രസടക്കം മുഖ്യധാരയിലെ ഒരു പ്രതിപക്ഷ കക്ഷിയും ഈ വിഷയത്തിൽ ഗൗരവമായി ഇടപെട്ടില്ല എന്ന വിമർശനം വ്യാപകമായുണ്ട്. അത് ശരിയുമാണ്. ഏറ്റവുമധികം വിമർശനങ്ങൾ ഉയരുന്നത് വലിയ ഭൂരിപക്ഷത്തോടെ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെപ്പറ്റിയാണ്. മറ്റു കക്ഷിനേതാക്കൾ ഉയർത്തുന്ന വിമർശനങ്ങളെ നമുക്ക് അവഗണിക്കാം. പക്ഷേ, സത്യസന്ധമായ ഒരു വിലയിരുത്തൽ ആം ആദ്മി പാർട്ടിയുടെ കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ട്. ആഴ്ചകൾക്കു മുന്പ് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ആ കക്ഷിയുടെ വിജയം ആരെയും ഞെട്ടിക്കുന്നതാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയിട്ടും നൂറുകണക്കിന് കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും കിണഞ്ഞു ശ്രമിച്ചിട്ടും ആ തിരഞ്ഞെടുപ്പിൽ ആം ആദ്മി നേടിയ വിജയം ഗംഭീരമായിരുന്നു. മോദിക്കും സംഘത്തിനും വലിയൊരു ആഘാതമാണ് അതെന്നതിനാൽ ചില വിട്ടുവീഴ്ചകൾ അവർ ചെയ്തതിനെ അവഗണിക്കുകയായിരുന്നു പലരും. ഈ ലേഖകൻ തന്നെ അങ്ങനെ കണ്ടതാണ്. പക്ഷേ, അതിനിടയിൽ ഭാവിയിൽ ഇവർ നേരിട്ടേക്കാവുന്ന ചില പ്രതിസന്ധികളുടെ സൂചനകളും നൽകിയിരുന്നു. ആ ലേഖനത്തിന്റെ അവസാനഭാഗത്ത് ഇങ്ങനെ എഴുതി. “തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമില്ലാത്ത സമയത്ത് കെജ്‍രിവാൾ എടുത്ത ചില നിലപാടുകൾ സംശയാസ്പദമാണ്. കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ഭേദഗതികൾ വന്നപ്പോൾ (അനുഛേദം 370) അതു വഴി കശ്മീർ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണപ്രദേശമാക്കിയപ്പോൾ അതിനെ പരസ്യമായി പിന്തുണക്കാൻ അദ്ദേഹം തയ്യാറായി. ഡല്‍ഹിക്ക് പൂർണ സംസ്ഥാന പദവി എന്നത് അതീവ പ്രധാന പ്രശ്‌നമായി ഉയർത്തിക്കാട്ടുന്ന ഒരു പാർട്ടി മറ്റൊരു സംസ്ഥാനത്തെ വിഭജിക്കുന്ന കാര്യത്തിൽ ഈ നിലപാടെടുക്കുന്നതിൽ വൈരുധ്യമില്ലേ? ബാബരി മസ്ജിദ് വിഷയത്തിൽ വന്ന കോടതി വിധിയിൽ സന്തോഷം രേഖപ്പെടുത്തിയതും പലരേയും നിരാശപ്പെടുത്തി. ഡല്‍ഹിക്കു പുറത്തേക്ക് വളരാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ ഇത്തരം നിലപാട് എടുക്കില്ലായിരുന്നു. തന്നെയുമല്ല, വരുംകാലത്ത് എന്തായിരിക്കും വർഗീയതയോടും ഫാസിസത്തോടും കെജ്‍രിവാള്‍ എടുക്കുന്ന സമീപനം എന്നതാണ് ആശങ്ക”(സിറാജ് ഫെബ്രുവരി 12). പക്ഷേ, പുറത്ത് ഇത്തരം വിഷയങ്ങളൊക്കെ ഉയരുന്നതിനു മുമ്പ് ഡല്‍ഹിയിൽ തന്നെ അവർക്കു ഇത്ര കടുത്ത ഒരു പരീക്ഷണം നേരിടേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഡല്‍ഹിക്ക് പുറത്തുള്ള വിഷയങ്ങൾ എന്ന നിലയിൽ ഇത് വരെ അവർ രക്ഷപ്പെട്ടുവെങ്കിൽ ഇവിടെ അത് സാധ്യമാകാതെ വന്നിരിക്കുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെയും ക്ഷണിച്ചിരുന്നില്ല എന്നതും പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു എന്നതും പലരും ചൂണ്ടിക്കാട്ടിയതുമാണ്. കേന്ദ്ര സർക്കാറുമായി ഭരണതലത്തിൽ സംഘർഷം ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ എന്നൊക്കെ വാദിച്ചേക്കാം. പക്ഷേ, സമ്പൂർണ ഫാസിസത്തിലേക്കു കുതിക്കുന്ന ഒരു കേന്ദ്ര സർക്കാറാണിത് എന്ന തിരിച്ചറിവ് ഇല്ലാത്ത ആളല്ലല്ലോ ഇദ്ദേഹം. കേവലം സംഘി- സംഘി വിരുദ്ധർ എന്ന ദ്വന്ദം സൃഷ്ടിച്ചു കൊണ്ടോ സംഘി ചാരൻ എന്ന് വിളിച്ചു കൊണ്ടോ ബി ജെ പിയുടെ ബി ടീമെന്നും മറ്റും ആരോപിച്ചു കൊണ്ടോ വിലയിരുത്താവുന്ന ഒരു വിഷയമല്ലിത്. ഒറ്റയടിക്ക് പറഞ്ഞു തള്ളാവുന്ന വിഷയവുമല്ല. സങ്കീര്‍ണമാണ് അവസ്ഥ. ആ നിലക്ക് നോക്കിയാൽ ബി ജെ പിയുടെ വളർച്ചക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായിക്കാത്ത ഒരു കക്ഷിയും ഇന്ത്യയിലില്ല. മറ്റു കക്ഷികൾ ഇത്തരം ഒരു സന്ദർഭത്തിൽ എന്ത് നിലപാട് എടുക്കുമെന്ന മുൻ അനുഭവങ്ങളും നമുക്കില്ല. പക്ഷേ, ഇത്ര ശക്തമായ ജനപിന്തുണയോടെ ജയിച്ച ഒരു കക്ഷി എന്ത് നിലപാടെടുത്തു എന്നാണു പരിശോധിക്കേണ്ടത്. അതും മറ്റു കക്ഷികളിൽ നിന്നെല്ലാം വ്യത്യസ്തമായ ബദൽ എന്നവകാശപ്പെടുന്നവർ.

ആ സർക്കാറിന്റെ പരിമിതികൾ നമുക്കറിയാം. ആഭ്യന്തരം അവരുടെ കൈയിൽ ഇല്ല. പോലീസും പട്ടാളവുമില്ലാതെ ഇത്തരത്തിൽ ആസൂത്രണം ചെയ്യപ്പെട്ട ഒരു വംശഹത്യയെ ഫലപ്രദമായി നേരിടാൻ കഴിയില്ലെന്നതു സത്യവുമാണ്. പക്ഷേ, ചെയ്യാൻ കഴിയാമായിരുന്നത് ചെയ്തുവോ എന്നതാണ് ചോദ്യം. സാധാരണ രീതിയിൽ പാർട്ടി അണികൾ നൽകുന്ന ന്യായീകരണങ്ങൾ കൊണ്ട് ഉത്തരം കിട്ടുന്ന ഒരു ചോദ്യമല്ലിത്.(അത്തരം ഫാൻസ് അസോസിയേഷനുകൾ വ്യാപകമായി രംഗത്തുണ്ട്). നിലവിലുള്ള രാഷ്ട്രീയത്തിന് ബദൽ എന്ന രൂപത്തിൽ വിലയിരുത്തപ്പെടാൻ കഴിയുന്ന ഒരു സമീപനം അവർക്കുണ്ടായിരുന്നുവോ?, ഇല്ല എന്ന് മറുപടി പറയേണ്ടി വരും. രാജ്ഘട്ടിൽ പോയി പ്രാര്‍ഥിച്ചതോ അമിത് ഷാക്ക് കത്തെഴുതിയതോ ഒന്നും ഒരു പരിഹാരമല്ല. ഡല്‍ഹിയിൽ എന്ത് നടക്കുമെന്ന് നന്നായി അറിയാവുന്ന ആളാണല്ലോ അമിത് ഷാ. ഇതിനു മുന്പ് പലപ്പോഴും കേന്ദ്ര ഭരണക്കാർക്കെതിരെ തെരുവിലും ലെഫ്റ്റനന്റ് ഗവർണറുടെ മുന്നിലും സത്യഗ്രഹമിരുന്ന ഒരു കെജ്‍രിവാളിനെ നമ്മൾ ഓർക്കുന്നുവോ? അന്ന് ഉന്നയിച്ച പ്രശ്‌നങ്ങളെക്കാൾ എത്രയോ കൂടുതൽ ഗുരുതരമാണ് ഇന്നത്തെ അവസ്ഥ എന്ന് പറയേണ്ടതില്ലല്ലോ. മഹാത്മാ ഗാന്ധി നവഖലിയിൽ ചെയ്തത് പോലെ കെജ്‍രിവാൾ ചെയ്യണമായിരുന്നു തുടങ്ങിയ വാദങ്ങൾ ബാലിശമാണ്. കാരണം അന്നത്തെ ഇന്ത്യയല്ല ഇന്നത്തേത്. സംഘ്പരിവാർ കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമാണിത്. ഇതിനെല്ലാം പുറമെ മഹാത്മാ ഗാന്ധിയൊന്നുമല്ലല്ലോ കെജ്‍രിവാൾ. എന്നാൽ, സ്വന്തം അണികളോട് കേവലം ആഹ്വാനം ചെയ്യുന്നതിന് പകരം ചില ഇടങ്ങളിലെങ്കിലും ഇദ്ദേഹത്തിന് നേരിട്ടെത്താമായിരുന്നു. അതിനു ശ്രമിച്ചില്ല. ജീവഭയം കൊണ്ടാണെന്നൊക്കെ പറയാം. പക്ഷേ, അത് രാഷ്ട്രീയമായി തെറ്റാണ്. രാഹുലോ പ്രിയങ്കയോ അങ്ങനെ പോയോ എന്നാണു ആപ് പ്രവർത്തകരുടെ മറു ചോദ്യമെങ്കിൽ പിന്നെ ഒന്നും പറയാനില്ല. ബദൽ രാഷ്ട്രീയം അവിടെ അവസാനിക്കുന്നുവല്ലോ. കലാപത്തിൽ കൊല്ലപ്പെട്ടവർക്കു സഹായങ്ങളും പുനരധിവാസവും നൽകുക എന്നുള്ളത് ഏതു സർക്കാറും ചെയ്യുന്ന കാര്യമാണ്. അത് മറ്റാരേക്കാളും നന്നായി ചെയ്യാൻ ഒരു പക്ഷേ കെജ്‍രിവാൾ സർക്കാറിന് കഴിഞ്ഞേക്കാം.

കലാപം ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള ചിലർ ഉണ്ടാക്കിയതാണെന്ന ഒഴുക്കൻ വ്യാഖ്യാനം നൽകുക വഴി കെജ്‍രിവാൾ സംഘ്പരിവാറിനെ ഒരു പരിധി വരെ ന്യായീകരിക്കുന്നു. ഗുജറാത്ത് മാതൃകയിലുള്ള ഒരു വംശഹത്യ തന്നെയാണ് ഡല്‍ഹിയിലും നടന്നത് എന്ന സത്യം തുറന്നു പറയാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്നത് തന്നെയാണ് പ്രശ്നത്തിന്റെ കാതൽ. നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ഡല്‍ഹി പോലീസിനെ വിമർശിച്ചു കൊണ്ട് ഒരു വാക്കു പോലും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞില്ല എന്നത് അര്‍ഥഗര്‍ഭമാണ്. ഈ കലാപത്തിൽ സംഘ്പരിവാറും അതിനു നേതൃത്വം നൽകിയ അമിത് ഷായും യോഗി ആദിത്യനാഥും വഹിച്ച പങ്കിനെ പറ്റിയും അദ്ദേഹം മൗനിയാണ്. ആപിനെ വഞ്ചിച്ചു പുറത്തുപോയ കപിൽ മിശ്രയും കൂട്ടരും നടത്തിയ വർഗീയ വിഷം ചീറ്റലിന് ഈ കലാപവുമായുള്ള ബന്ധം അദ്ദേഹം കണ്ടില്ലെന്നാണോ? ഡല്‍ഹി കേസിൽ നീതിപൂർവമായ നിലപാടെടുത്ത ജസ്റ്റിസ് മുരളീധറിനെ രാത്രിക്കു രാത്രി മാറ്റിയ വിവരം ഇദ്ദേഹം അറിഞ്ഞില്ലേ?. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിൽ ആപ് മിണ്ടാതിരുന്ന വിഷയങ്ങൾ (കശ്മീരും ബാബരി മസ്ജിദ് വിധിയും മറ്റും) പ്രസക്തമാകുന്നത്.

കനയ്യകുമാറിനെതിരായ കേസ് ഇപ്പോൾ ഉയർത്തിയതിന് ആപ് പിന്തുണക്കാർ എങ്ങനെ ന്യായീകരിച്ചാലും ആർക്കും ബോധ്യമാകില്ല. ഇങ്ങനെ ചെയ്യാൻ കനയ്യ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവോ? ബിഹാറിൽ അതിശക്തമായ രാഷ്ട്രീയ പോരാട്ടത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന കനയ്യക്ക് ഇത് ഗുണകരമാകുമെന്ന വാദം അത്യന്തം ദയനീയമാണ്. എന്തായാലും ഡല്‍ഹി വംശഹത്യ ആം ആദ്മിക്ക് ഡല്‍ഹിയിൽ പോലും ബദൽ രാഷ്ട്രീയം സാധ്യമാകുന്നില്ല എന്ന തോന്നലാണ് സൃഷ്ടിക്കുന്നത്.

സി ആര്‍ നീലകണ്ഠന്‍
neelan2011@gmail.com

Latest