Connect with us

Kerala

തലസ്ഥാനത്തെ നിശ്ചലമാക്കിയ കെ എസ് ആര്‍ ടി സി പണിമുടക്ക് അവസാനിച്ചു: യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം |  നഗരത്തെ നിശ്ചലമാക്കി നാല് മണിക്കൂര്‍ നീണ്ടുനിന്ന കെ എസ് ആര്‍ ടി സി മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. സ്വകാര്യ ബസുമായുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട സിറ്റി ഡി ടി ഒയെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തുടങ്ങിയ പണിമുടക്കാണ് യൂണിയന്‍ നേതാക്കളും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചത്. ഡി ടി ഒ അടക്കമുള്ള പോലീസ് അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് കെ എസ് ആര്‍ ടി സി യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. കെ എസ് ആര്‍ ടി സി ബസുകള്‍ റോഡിന്റെ പല ഭാഗങ്ങളിലായി നിര്‍ത്തിയിട്ടതിനാല്‍ നഗരം മുഴുവന്‍ ഗതാഗതക്കുരുക്കിലാണ്. സര്‍വ്വീസുകള്‍ പുനരാരംഭിച്ചാലും ശരിയായ രൂപത്തില്‍ ഗതാഗതം നടക്കണമെങ്കില്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ പണിമുടക്കിനെ തുടര്‍ന്ന് ബസ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കെകോട്ട ബസ്റ്റാന്റില്‍ ബസ് കാത്തിരുന്ന കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (66) ആണ് മരിച്ചത്. ബസ്റ്റാന്റില്‍ കുഴഞ്ഞുവീണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ആറ്റുകാല്‍ പൊങ്കാല ഭാഗത്തേക്ക് കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതിനിടെ സ്വകാര്യ ബസ് റൂട്ട് മാറി ഓടിയതാണ് പ്രശ്‌നത്തിന് തുടക്കം. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് കെ എസ് ആര്‍ ടി സി എ ടി ഒ തടയുകയായിരുന്നു. സ്വകാര്യ ബസിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരെ എ ടി ഒ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നു. ഇതോടെ പ്രശ്‌നത്തില്‍ ഇടപെട്ട പോലീസ് എ ടി ഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്, ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ കെ എസ് ആര്‍ ടി സി മിന്നല്‍ പണിമുടക്ക് ആരംഭിക്കുകയായിരുന്നു.

ആദ്യം സിറ്റി സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. പിന്നീട് തമ്പാനൂരില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകളും ജീവനക്കാര്‍ നിര്‍ത്തിവെച്ചു. യാത്രക്കാര്‍ പലരും ബസില്‍ കയറിയെങ്കിലും ബസെടുക്കാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പ്രതിഷേധവും തുടങ്ങി.

ഇതോടെ നഗരം ഗതാഗത കുരുക്കില്‍ വീര്‍പ്പ്മുട്ടി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ പൊരിവെയിലത്ത് റോഡില്‍ കുടുങ്ങി. രോഗികളും വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരമുടക്കമുള്ളവര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വലഞ്ഞു. നഗരം മുഴുവന്‍ എല്ലാ ഭാഗത്തേക്കും ഗതാഗതകരുക്ക് വ്യാപിച്ചു. ആളുകള്‍ കിലോമീറ്ററുകളോളം ലക്ഷ്യ സ്ഥാനംവെച്ച് നടന്നു. ചെറുവാഹനങ്ങള്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ ഓട്ടോ അടക്കമുള്ള മറ്റ് വാഹനങ്ങളേയും യാത്രക്കാര്‍ക്ക് ആശ്രയിക്കാനായില്ല.