Connect with us

Kerala

കാലവര്‍ഷ ദുരന്തം; കേന്ദ്രത്തിന്റെ അടിയന്തര ധനസഹായം ഇനിയും ലഭിച്ചില്ല- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | 2019ലെ പ്രളയവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത പ്രതികരണനിധിയില്‍ നിന്ന് ലഭിക്കേണ്ട അടിയന്തര ധനസഹായം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെയിംസ് മാത്യുവിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ ദുരന്ത നിധിയുടെ മാനദണ്ഡമനുസരിച്ച് 2101.88 കോടി രൂപയുടെ അധിക സഹായം ആവശ്യപ്പെട്ടുകൊണ്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. 2019-20 ലെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം പരിഗണിക്കുന്നതിനായി കേന്ദ്രം ആവശ്യപ്പെട്ട പ്രകാരമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കത്തും നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ നി്ന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ല.

2018 മെയ് മുതല്‍ ആഗസ്റ്റ് വരെ നീണ്ടുനിന്ന കാലവര്‍ഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡം അനുസരിച്ച് 5616 കോടി രൂപയുടെ സഹായം അഭ്യര്‍ഥിച്ച് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ഈ മെമ്മോറാണ്ടം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ അധിക സഹായമായി 2904.85 കോടി രൂപ മാത്രമാണ് കേന്ദ്ര ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിച്ചത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ദുരന്ത പ്രതികരണ നിധി വിഹിതത്തിന്റെ ആദ്യ ഗഡു 5227.50 ലക്ഷം രൂപ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ. 2019ലെ പ്രളയം കാരണം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുവാനായി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏഴ് അംഗ സംഘം കേരളം സന്ദര്‍ശിക്കുകയും സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ കേന്ദ്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ 2101.88 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്ര സംഘത്തിന് യഥാസമയം സമര്‍പ്പിക്കുകയും ചെയ്തു.

ഇതോടൊപ്പം, അടുത്തടുത്ത വര്‍ഷങ്ങളില്‍ അതിതീവ്ര മഴമൂലമുള്ള ദുരന്തം, 68 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കേരളം നേരിടുന്നത് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് കേന്ദ്ര സംഘത്തിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.മുഖ്യമന്ത്രി വിശദീകരിച്ചു.

 

 

Latest