Connect with us

Covid19

കൊറോണ: ലോക ബേങ്ക് 1200 കോടി ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചു

Published

|

Last Updated

വാഷിങ്ടന്‍ | കൊറോണ വൈറസ് രോഗബാധ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ലോകബാങ്ക് 1200 കോടി ഡോളറിന്റെ(87,534 കോടി രൂപ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. രോഗത്തെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് പ്രധിരോധത്തിനുള്ള സഹായമായാണ് പ്രഖ്യാപനമെന്ന് ലോക ബേങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ ദരിദ്ര രാജ്യങ്ങളില്‍ വലിയ ആഘാതമേല്‍പ്പിക്കും. അവര്‍ക്ക് ആരോഗ്യ സംവിധാനമൊരുക്കാന്‍ പണം ആവശ്യമാണ്. ഇതിനായാണ് അടിയന്തര സഹായം പ്രഖ്യാപിക്കുന്നതെന്നും മാല്‍പാസ് പറഞ്ഞു.

അംഗരാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, ഏതു രാജ്യങ്ങള്‍ക്കാണ് സഹായം നല്‍കാന്‍ സാധ്യതയുള്ളതെന്ന് അദ്ദേഹം വിശദമാക്കിയില്ല. വേഗത്തില്‍ നീങ്ങുക എന്നതാണ് ലക്ഷ്യം. ജീവന്‍ രക്ഷിക്കാന്‍ വേഗം ആവശ്യമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബോള, സിക്ക തുടങ്ങിയ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴും ലോകബേങ്ക് സഹായം പ്രഖ്യാപിച്ചിരുന്നു.

മധ്യ ചൈനയില്‍ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയേറ്റ് ഇതിനോടകം മൂവായിരത്തിലധികം പേരാണ് മരിച്ചത്. രോഗബാധ 78 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തു. മൊറോക്കോ, അന്‍ഡോറ, അര്‍മീനിയ, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി രോഗബാധയുണ്ടായത്. 90,000 ത്തിലധികം പേര്‍ക്കു ലോകമെമ്പാടും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര നാണയ നിധിയും (ഐഎംഎഫ്) ലോക ബാങ്കും ഏപ്രിലില്‍ നടത്താനിരുന്ന നേരിട്ടുള്ള മുഖാമുഖ ചര്‍ച്ചകള്‍ റദ്ദാക്കി.

Latest