Connect with us

Covid19

കൊറോണ: ഡല്‍ഹിയില്‍ 25 ആശുപത്രികളില്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി 25 ആശുപത്രികളില്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും അറിയിച്ചു. രാജ്യ തലസ്ഥാനത്ത് ഒരു കൊറോണ കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചത്.

കൊറോണയെ നേരിടുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും രാംമനോഹര്‍ ലോഹ്യ (ആര്‍ എം എല്‍), സഫ്ദര്‍ജംഗ് ആശുപത്രികളാണ് കൊറോണ ചികിത്സക്കായുള്ള നഗരത്തിലെ പ്രധാന ആശുപത്രികളെന്നും മന്ത്രി ജെയിന്‍ പറഞ്ഞു. 19 സര്‍ക്കാര്‍ ആശുപത്രികളിലും, ആറ് സ്വകാര്യ ആശുപത്രികളിലും കൊറോണ വൈറസ് ബാധിതരുടെ ചികിത്സക്കായി സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഐസോലേഷന്‍ വാര്‍ഡുകളുണ്ട്.

രോഗം പടരുന്നത് തടയാന്‍ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് ഉപ മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ഒരു കേസ് മാത്രമാണ് കൊറോണ പോസറ്റീവ് കണ്ടെത്തിയിട്ടുള്ളതെന്നും അതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സിസോദിയ പറഞ്ഞു. നേരത്തെ, കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.