Connect with us

National

ഡൽഹി അക്രമം: വിജനമായി സർക്കാറിന്റെ അഭയ കേന്ദ്രങ്ങൾ

Published

|

Last Updated

കിഴക്കൻ ഡൽഹിയിൽ ഒഴിഞ്ഞുകിടക്കുന്ന സർക്കാറിന്റെ അഭയ കേന്ദ്രം

ന്യൂഡൽഹി | വടക്കുകിഴക്കൻ ഡൽഹിയിൽ ഭീകരവാഴ്ചക്ക് ഇരകളായവർക്ക് താമസിക്കാൻ ആം ആദ്മി പാർട്ടി സർക്കാർ സംവിധാനിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകളെത്തുന്നില്ല. മൂന്ന് ക്യാമ്പുകളിൽ ഭീകരവാഴ്ചയുടെ ഒരു ഇര പോലുമില്ല. രാത്രി അഭയ കേന്ദ്രങ്ങളാണ് സർക്കാർ പ്രഖ്യാപിച്ച അധിക ദുരിതാശ്വാസ ക്യാമ്പുകളും. പതിവുകാർ മാത്രമാണ് അധിക ക്യാമ്പുകളിലുമുള്ളത്.
ശഹദാര, സീലാംപൂർ പ്രദേശങ്ങളിലെ ഒമ്പത് ക്യാമ്പുകളിൽ എട്ടെണ്ണവും സർക്കാർ നേരത്തേ തുടങ്ങിയ രാത്രികാല അഭയ കേന്ദ്രങ്ങളാണ്. ഈ അഭയ കേന്ദ്രങ്ങൾ വൃത്തിഹീനമാണ്. ഇതുമായി പൊരുത്തപ്പെട്ടവർ മാത്രമാണ് ഇവിടേക്ക് വരുന്നതെന്നും ഈ സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണെന്നും പറയുന്നു 202ാം നമ്പർ ഷെൽട്ടറിന്റെ പരിപാലകൻ രത്തൻ കുമാർ പറയുന്നു. സീലാംപൂരിലെ പുഷ്ത ഉസ്മാൻപൂർ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 50 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ടിവിടെ. കിടക്കയും പുതപ്പും വെള്ളവുമുണ്ടെങ്കിലും ഒരു ശൗചാലയമാണുള്ളത്. എന്നാൽ, സാധാരണ താമസിക്കുന്നവരല്ലാതെ ഭീകരവാഴ്ചയുടെ ഇരകളായ കുടുംബങ്ങളൊന്നും ഇവിടേക്ക് എത്തിയിട്ടില്ല.

സർക്കാർ തുറന്നെന്ന് പറയുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്ന് കമ്യൂണിറ്റി സെന്ററാണ്. ശ്രീറാം കോളനിയിലെ ഈ സെന്ററിൽ 42 കുടുംബങ്ങളുണ്ട്. ശഹദാരയിലെ ഘേടി മെണ്ടു ഗ്രാമത്തിൽ നിന്ന് അക്രമം കാരണം വന്നവരാണിവർ. രാത്രികാല അഭയ കേന്ദ്രങ്ങൾ ഒരിക്കലും ദുരിതാശ്വാസ ക്യാമ്പുകളാക്കിക്കൂടെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രവും ഭക്ഷണവും ചികിത്സയും ആരോഗ്യ- നിയമ- സാമ്പത്തിക സേവനങ്ങളും നൽകണം. സർക്കാറാണ് ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത്.

അക്രമ സ്ഥലങ്ങളിൽ നിന്ന് നിരവധി പേർ വീടൊഴിഞ്ഞ് പോയിട്ടുണ്ട്. ഇവർ ബന്ധുവീടുകളിലും സഹായഹസ്തം നീട്ടിയ പരിചയമില്ലാത്തവരുടെ വീടുകളിലും ആരാധനാ സ്ഥലങ്ങളിലും മറ്റുമാണ് താമസിക്കുന്നത്. നിരവധി പേർ നഗരം വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.

ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ആരോഗ്യ- നിയമ സേവനങ്ങൾ നൽകുന്ന ഹെൽപ് ഡെസ്‌കുകൾ സംവിധാനിക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇത്തരം ക്യാമ്പുകളിൽ ഇന്നലെ വരെ ഈ സേവനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വടക്കുകിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഭീകരവാഴ്ച ബുധനാഴ്ച വരെ നീണ്ടുനിന്നിരുന്നു.