Connect with us

National

കർണാടകയിൽ   മന്ത്രിപുത്രിയുടെ ആഡംബര വിവാഹം വിവാദത്തിൽ

Published

|

Last Updated

ബെംഗളൂരു | 500 കോടി രൂപ ചെലവഴിച്ച് നടത്തുന്ന കർണാടക ആരോഗ്യ മന്ത്രിയുടെ മകളുടെ വിവാഹം വിവാദത്തിൽ. മന്ത്രി ബി ശ്രീരാമലുവിന്റെ മകൾ രക്ഷിതയുടെ അത്യാഡംബര വിവാഹമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ വിവാദമായിരിക്കുന്നത്.

2016ൽ കേന്ദ്ര സർക്കാർ നോട്ട് നിരോധിച്ചതിനെ തുടർന്ന് ജനം നട്ടം തിരിയുന്ന സമയത്ത് കർണാടകയിലെ ഖനി രാജാവ് ജനാർദന റെഡ്ഢി കോടികൾ ചെലവിട്ട് മകളുടെ ആഡംബര വിവാഹം നടത്തിയത് വിവാദമായിരുന്നു. 19 കോടിയുടെ വിവാഹസാരി ഉൾപ്പെടെ 550 കോടിയായിരുന്നു ചെലവ്. വർഷങ്ങൾക്ക് ശേഷമാണ് സമാന രീതിയിലുള്ള മറ്റൊരു വിവാഹത്തിന് കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മന്ത്രി ശ്രീരാമലുവിന്റെ മകളുടെ വിവാഹച്ചടങ്ങുകൾക്ക് 500 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഹൈദരാബാദിലെ വ്യവസായി രവികുമാറാണ് വരൻ. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം. കഴിഞ്ഞ ഫെബ്രുവരി 27ന് തന്നെ വിവാഹത്തിനുള്ള ചടങ്ങുകൾ തുടങ്ങിയിരുന്നു. മാർച്ച് അഞ്ചിന് ബെംഗളൂരു പാലസ് മൈതാനിയിലാണ് വിവാഹം. ഹംപിയിലെ വിറ്റാല ക്ഷേത്രത്തിന് സമാനമാണ് കൂറ്റൻ വിവാഹ വേദി. 300 പേർ മൂന്ന് മാസം സമയമെടുത്താണ് വിവാഹ വേദി ഒരുക്കിയത്. 40 ഏക്കർ സ്ഥലത്താണ് വിവാഹ വേദി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 27 ഏക്കർ സ്ഥലത്താണ് വിവാഹ ചടങ്ങുകളടക്കമുള്ളവ നടക്കുക. 15 ഏക്കർ സ്ഥലം വിവാഹത്തിന് എത്തുന്ന അതിഥികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടി മാത്രമുള്ളതാണ്. വിവാഹത്തിനായി ബെല്ലാരിയിലെ ഹോസ്‌പെട്ടയിൽ മൂന്ന് ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ആഡംബര കൊട്ടാരവും നിർമിച്ചിട്ടുണ്ട്.

നടി ദീപിക പദുകോണിന്റെ മേക്കപ്പ്മാനാണ് രക്ഷിതയെ അണിയിച്ചൊരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യെദ്യൂരപ്പ, ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ എന്നിവർക്ക് ക്ഷണമുണ്ട്. കർണാടക ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ആഡംബരപൂർവമായ വിവാഹമായിരിക്കും ശ്രീരാമലുവിന്റെ മകളുടേത് എന്നാണ് പറയുന്നത്.
കർണാടക ബി ജെ പി ഘടകത്തിലെ കരുത്തനാണ് ആഭ്യന്തരമന്ത്രിയായ ബി ശ്രീരാമലു. ബെല്ലാരിയിലെ ഖനി രാജാക്കന്മാരായ റെഡ്ഢി സഹോദരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് അദ്ദേഹം. ബെല്ലാരി ഖനി അഴിമതിക്കേസിൽ ജനാർദന റെഡ്ഢിയുടെ ജാമ്യാപേക്ഷയിൽ അനുകൂല വിധി നേടാൻ ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം നേരിടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.