Connect with us

Covid19

കൊറോണ; പരിഭ്രാന്തരാകേണ്ടതില്ല; ഒറ്റക്കെട്ടായി നേരിടാം: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് നിലവില്‍ രണ്ടുപേര്‍ കൊറോണ വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊറോണയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാറുകളുമായും സമഗ്രമായ ചര്‍ച്ച നടത്തിയതായി പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു.

“ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. കൊറോണയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം. സ്വയരക്ഷ ഉറപ്പാക്കുന്നതിന് ചെറുതും എന്നാല്‍ ഗൗരവമുള്ളതുമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൊറോണ പടരുന്നത് തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ പട്ടികയും പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും മറയ്ക്കുക, കൈകള്‍ ഇടക്കിടെ നന്നായി കഴുകുക തുടങ്ങിയ അടിസ്ഥാന സുരക്ഷാ മാര്‍ഗങ്ങള്‍ പട്ടികയിലുണ്ട്.

അതിനിടെ, കൊറോണ വൈറസ് വ്യാപിച്ച ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൊവ്വാഴ്ചയോ അതിനു മുമ്പായോ അനുവദിച്ച വിസകളെല്ലാം റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിനോ അതിനു മുമ്പോ ചൈനീസ് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം തുടരും. കൊറോണ വൈറസ് ബാധിതമായ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫെബ്രുവരി ഒന്നിനോ അതിനു ശേഷമോ പുറപ്പെടുവിച്ച വിസ നിരോധനവും തുടരും. ഡല്‍ഹിയിലും തെലുങ്കാനയിലുമാണ് നിലവില്‍ കൊറോണ കേസുകല്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest