Connect with us

National

ഡൽഹി വംശഹത്യ: ഇരകൾക്ക് പരാതിപ്പെടാനും ഭയം

Published

|

Last Updated

ഡൽഹിയിലെ നിയമസഹായ ക്യാമ്പിൽ എത്തിയവർ

ന്യൂഡൽഹി | വടക്കു കിഴക്കൻ ഡൽഹിയിൽ ആക്രമണത്തിന് ഇരയായവർക്ക് പോലീസിൽ പരാതി നൽകാൻ പോലും ഭയം. പോലീസ് പിന്തുണയോടെ സംഘ് ഭീകരർ അഴിഞ്ഞാടിയത് നേരിൽക്കണ്ട ഭയത്തിൽ നിന്ന് ഇരകൾ ഇനിയും രക്ഷനേടിയിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. “അക്രമത്തിന് പോലീസ് കൂട്ടുനിൽക്കുന്നത് നേരിട്ടു കണ്ടതാണ്. എങ്ങനെയാണ് അവരെ ഇനിയും തങ്ങൾ വിശ്വസിക്കുക”യെന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുമായി സന്നദ്ധ സംഘടനകൾ സമീപിക്കുമ്പോൾ അവർ നൽകുന്ന മറുപടി.

പോലീസിനെ സമീപിക്കാൻ പേടിയാണെന്നും അക്രമത്തിൽ പോലീസിനും കൃത്യമായ പങ്കുണ്ടെന്നും പുരാനാ മുസ്തഫാബാദിലെ അൽ ഹിന്ദ് ആശുപത്രയിൽ പരുക്ക് പറ്റിയവർക്കും ബന്ധുക്കൾക്കുമായി തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പറഞ്ഞു. പോലീസിന്റെ സഹായം നിരവധി തവണ അഭ്യർഥിച്ചതാണ്. എന്നാൽ, പോലീസും ഭരണകൂടവും വേട്ടക്കാർക്കൊപ്പമായിരുന്നു. അവരിൽ നിന്ന് എന്ത് സഹായം പ്രതീക്ഷിക്കാനാണ്?- തലക്ക് പരുക്കേറ്റ ഇംറാൻ ഖാൻ സിറാജിനോട് പറഞ്ഞു.

പരാതി നൽകാൻ ചിലർ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പോയിരുന്നു. എന്നാൽ, കലാപമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് അവരെ പിടിച്ചുവെച്ചിരിക്കുകയാണ്. വലിയ തോതിൽ സംഘർഷം അരങ്ങേറിയ മുസ്തഫാബാദ് മുതൽ ശിവ് വിഹാർ വരെയുള്ള സ്ഥലങ്ങളിൽ പോലീസ് ആക്രമണത്തിന് കൂട്ടുനിന്നെന്ന് ആവർത്തിക്കുന്നുണ്ട്. ആക്രമണവും കൊലപാതകവും നേരിട്ട് കണ്ടതാണെന്നും മുസ്തഫാബാദിൽ അക്രമികൾ തകർത്ത പള്ളിയുടെ കമ്മിറ്റി പ്രസിഡന്റ്ഹാജി മുഹമ്മദ് ഫഖ്‌റുദ്ദീൻ പറഞ്ഞു.

രേഖകൾ ചാരമായി

നിയമ സഹായവുമായി രംഗത്തെത്തുന്ന സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് മുന്നിൽ മറ്റൊരു പ്രതിസന്ധിയായി നിൽക്കുന്നത് ഇരകളുടെ രേഖകളാണ്. രേഖകളെല്ലാം കലാപകാരികൾ തീയിട്ട് നശിപ്പിച്ചു. കൈയിൽ ഒന്നുമില്ലാതെയാണ് പലരും ക്യാമ്പുകളിലെത്തിയത്. ആധാർ, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, പത്താം ക്ലാസ്, സർവകലാശാല റെക്കോർഡുകൾ തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുണ്ട്. നിയമ മാർഗം ഇത് തിരിച്ചെടുത്ത് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോഴേക്കും സമയം ഏറെ വൈകുമെന്ന് സന്നദ്ധ സംഘടനകൾ പറയുന്നു. ഇരകളിൽ ഭൂരിപക്ഷവും അടിയന്ത സഹായം ആവശ്യമുള്ളവരാണ്. ചിലർക്ക് ആധാർ ഉൾപ്പെടെയുള്ള രേഖയിലെ വിലാസം മറ്റൊരു സ്ഥലത്തേതാണ്. നേരത്തേ വാടക്ക് താമസിച്ചിരുന്ന സ്ഥാലത്തെ വിലാസത്തിലാണ് ആധാർ. ഇവർ പിന്നീടാണ് ആക്രമണമുണ്ടായ സ്ഥാലത്തേക്ക് താമസം മാറിയത്. അതുകൊണ്ട് രേഖകൾ വഴി ഇവിടുത്തെ വിലാസം തെളിയിക്കാൻ കഴിയില്ല. ഇതിന് തങ്ങൾ വാടകക്ക് നിൽക്കുന്നുവെന്ന് തെളിയിക്കുന്ന വാടകച്ചീട്ടോ സത്യവാങ്മൂലമോ ആവശ്യമായി വരും. ഇരകളിൽ വലിയ വിഭാഗത്തിനും എങ്ങനെയാണ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടതെന്ന് പോലും അറിയില്ല. കൃത്യമായ നിയമ സഹായം ലഭ്യമായില്ലെങ്കിൽ ഇവർ ഇരകളുടെ പട്ടികയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും സന്നദ്ധ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

 

പരിമിതികളുണ്ടെന്ന്
സുപ്രീം കോടതി

ന്യൂഡൽഹി | കലാപങ്ങൾ മുൻകൂട്ടി തടയാൻ കോടതികൾക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ കോടതികൾക്ക് പരിമിതി ഉണ്ട്. ചില സാഹചര്യങ്ങൾ കോടതിയുടെ നിയന്ത്രണത്തിനപ്പുറത്താണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വർഗീയ പ്രസംഗങ്ങൾ നടത്തിയ ബി ജെ പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇരകളിലൊരാൾ നൽകിയ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഉടനടി എന്ത് ചെയ്യാൻ കഴിയും? ഞങ്ങളുടെ സമ്മർദം നിങ്ങൾ അറിഞ്ഞിരിക്കണം. മാധ്യമങ്ങളിൽ വരുന്ന വിമർശങ്ങൾ ഞങ്ങളും വായിക്കുന്നുണ്ട്. കോടതികൾക്ക് ഒരിക്കലും ഇത്തരം കാര്യങ്ങൾ തടയാൻ കഴിയില്ല. സമാധാനം ആഗ്രഹിക്കുന്നു. പക്ഷേ, കോടതിയുടെ അധികാരത്തിന് ചില പരിമിതികളുണ്ട്. ജനം മരിച്ചോട്ടെ എന്നല്ല ഇതിനർഥം”- ചീഫ് ജസ്റ്റിസ് പറഞ്ഞു.

കലാപബാധിതരായ പത്ത് പേർ നൽകിയ റിട്ട് ഹരജി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡൽഹി ഹൈക്കോടതി ഏപ്രിൽ 13ലേക്ക് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് പ്രമുഖ സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.

വടക്കു കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ ആക്രമണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിശ്ചയിക്കണം, ആക്രമണങ്ങളിൽ പോലീസുകാരുടെ പങ്ക് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണം, ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളും ഹരജിക്കാർ ഉന്നയിച്ചിട്ടുണ്ട്.

Latest