Connect with us

National

പൗരത്വ നിയമ ഭേദഗതി: യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതി (സി എ എ) വിഷയത്തില്‍ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷലെ ബാഷെലെറ്റ് സുപ്രീം കോടതിയെ സമീപിച്ചു. നിയമ ഭേദഗതിയില്‍ ഇടപെടുന്നതിനുള്ള ഹരജി നല്‍കുന്നതിനാണ് ബാഷെലെറ്റ് പരമോന്നത കോടതിയെ സമീപിച്ചത്. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ പുറത്തു നിന്നുള്ള
ഒരു കക്ഷിക്കും നിയമപരമായ അവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. യു എന്നിലെ ഇന്ത്യന്‍ പ്രതിനിധി സംഘമാണ് ബാഷെലെറ്റിന്റെ ഇടപെടല്‍ ഹരജിയുമായി ബന്ധപ്പെട്ട വിവരം നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

സി എ എ ഇന്ത്യയുടെ ആഭ്യന്തര കാര്യവും നിയമങ്ങള്‍ നിര്‍മിക്കുകയെന്നത് ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ പരമാധികാരവുമാണ്. രാജ്യത്തിന്റെ പരമാധികാര സംബന്ധിയായ വിഷയങ്ങളില്‍ ഇടപെടാന്‍ പുറത്തു നിന്നുള്ള
ഒരു കക്ഷിക്കും അവകാശമില്ലെന്നാണ് ഞങ്ങളുടെ ഉറച്ച നിലപാട്- രവീഷ് കുമാര്‍ പ്രതികരിച്ചു. സി എ എ ഭരണഘടനാപരമായി സാധുതയുള്ളതാണ്. ഭരണഘടന ആവശ്യപ്പെടുന്ന എല്ലാ മൂല്യങ്ങളും പാലിച്ചു കൊണ്ടുള്ളതാണ് അത്. ഇന്ത്യാ വിഭജനത്തിനു ശേഷം ഉയര്‍ന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ള രാജ്യത്തിന്റെ ദീര്‍ഘ കാലമായുള്ള ദേശീയ പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്. നിയമവാഴ്ച നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതിന്റെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയോട് അങ്ങേയറ്റത്തെ ആദരവും അതില്‍ പൂര്‍ണ വിശ്വാസവുമുണ്ട്. ഞങ്ങളുടെ ശബ്ദവും നിയമപരമായ നിലപാടും ശരിയാണെന്ന് സുപ്രീം കോടതി സമര്‍ഥിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സി എ എയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി കഴിഞ്ഞാഴ്ച പ്രസ്താവന നടത്തിയിരുന്നു. അക്രമം തടയാന്‍ ഇന്ത്യന്‍ ഭരണ നേതൃത്വം നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സി എ എ അടിസ്ഥാനപരമായി വിവേചനപരമാണെന്നും അത് പുനരവലോകനം ചെയ്യണമെന്നും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബില്ല് പാസാക്കപ്പെട്ടതിനു പിന്നാലെ, യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് പ്രതികരിച്ചിരുന്നു.