Connect with us

Articles

സാമ്പത്തിക മേഖല ഐ സി യുവില്‍

Published

|

Last Updated

കഴിഞ്ഞ നവംബര്‍ മുപ്പതിനാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ പതനത്തിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നത്. ഇതിന് ശേഷം സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പല രൂപത്തിലും ഭാവത്തിലുമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ഒന്നും കുറിക്ക് കൊള്ളുന്നതായിരുന്നില്ല. ഇടക്കാല ബജറ്റുകള്‍ അവതരിപ്പിച്ചെങ്കിലും കാര്യമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായില്ല. കോര്‍പറേറ്റ് ആദായ നികുതി 25 ശതമാനത്തിലേക്ക് താഴ്ത്തി. ആ വഴിക്കുണ്ടായ വരുമാന നഷ്ടം 1.46 ലക്ഷം കോടി രൂപ. ഏറ്റവും ഭീകരമായ പ്രതിസന്ധി നേരിടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ രക്ഷിക്കാന്‍ 25,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഒന്നും സംഭവിച്ചില്ല. കാര്‍ഷിക മേഖല തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തി. കഴിഞ്ഞ ജൂലൈയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ അവകാശപ്പെട്ടിരുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കകത്തും പുറത്തും പറഞ്ഞു നടന്നതും അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്നാണ്. അതിനിടെയാണ് വീണ്ടും ആഭ്യന്തരോത്പാദനം അഞ്ച് ശതമാനത്തില്‍ താഴെയായി മൂക്കുകുത്തി വീണത്. ഇപ്പോള്‍, അഞ്ച് ലക്ഷം കോടി ഡോളര്‍ വാദം കേള്‍ക്കാനില്ല. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നെല്ലാം 2014 മുതല്‍ മോദി പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. എല്ലാം വീരവാദങ്ങള്‍ മാത്രമാകുകയാണ്.
കോര്‍പറേറ്റ് ആദായ നികുതി കുറഞ്ഞതിന് പുറമെ ജി എസ് ടി വരവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത് 13 ലക്ഷം കോടി രൂപയാണെങ്കില്‍ ഇന്നത്തെ നിലയില്‍ ഈ ഇനത്തിലെ വരുമാനം രണ്ട് ലക്ഷം കോടി രൂപയെങ്കിലും കുറയുമെന്നാണ് കണക്കാക്കുന്നത്. അടിസ്ഥാന പലിശ നിരക്കുകള്‍ പലതവണ കുറച്ചെങ്കിലും വ്യവസായ നിക്ഷേപമോ വായ്പയുടെ തോതോ ഉയരുന്നില്ല. റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപയെടുത്ത് ഉപയോഗിച്ചു. എന്നിട്ടും വരുമാനവും ചെലവും തമ്മിലുള്ള വിടവ് കൂടുകയാണ്. അതെ, ഇന്ത്യ നിശ്ചലമാകുകയാണ്, പാപ്പരാകുകയാണ്.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലെ വ്യാവസായിക ഉത്പാദനം 3.8 ശതമാനമായി കുറഞ്ഞു. സെപ്തംബറില്‍ ഇത് 4.3 ശതമാനം ആയിരുന്നു.

വൈദ്യുതോത്പാദനത്തില്‍ 12.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഇത് മാത്രമല്ല, ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉയര്‍ച്ചക്കാവശ്യമായ ഇറക്കുമതി, കയറ്റുമതി, വാഹന വില്‍പ്പന, ബേങ്ക് ക്രെഡിറ്റ്… എല്ലാ മേഖലകളിലും വലിയ തോതിലുള്ള തകര്‍ച്ചകള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. മാന്ദ്യം രൂക്ഷമായതോടെ ജനലക്ഷങ്ങളുടെ തൊഴിലും വരുമാനവുമാണ് നഷ്ടപ്പെടുന്നത്. വാഹന വ്യവസായ മേഖല തന്നെ ഏറ്റവും പ്രധാന ഉദാഹരണം. കാര്‍ വില്‍പ്പന 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഇന്ത്യയിലെ കാര്‍ വിപണിയുടെ പകുതിയും കൈയടക്കിയിട്ടുള്ള മാരുതി സുസുകിയുടെ വില്‍പ്പന 39 ശതമാനം കുറഞ്ഞു. ഹോണ്ടക്ക് 51 ശതമാനവും ടാറ്റക്ക് 58 ശതമാനവും വില്‍പ്പന ഇടിഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വന്നാല്‍ കഥ അതിലും കഷ്ടം.
പണിപൂര്‍ത്തിയായ 12.8 ലക്ഷം ഫ്‌ളാറ്റുകള്‍ ഇന്ത്യയിലെ 30 നഗരങ്ങളില്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്നു. ഇതു മുഴുവന്‍ വിറ്റുതീര്‍ക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ മിനിമം നാല് വര്‍ഷം വേണം. ഫണ്ടിന്റെ അഭാവത്തില്‍ നിലവില്‍ പണിതു കൊണ്ടിരിക്കുന്ന 70 ശതമാനം പ്രൊജക്ടുകളും സമയ പരിധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല.

മാന്ദ്യം കാരണം ബേങ്കുകളുടെ വായ്പയിലും കുറവുണ്ടായി. സാമ്പത്തിക വളര്‍ച്ചക്ക് അടിസ്ഥാനമിടുന്ന നിക്ഷേപത്തില്‍ ഇടിവുണ്ടായി. 2018ല്‍ 14.2 ശതമാനം വായ്പാ വളര്‍ച്ച ഉണ്ടായിരുന്നിടത്ത് 2019ല്‍ 12.18 ശതമാനമായി. ഇന്ത്യയുടെ ഗാര്‍ഹിക നിക്ഷേപവും കാര്യമായി ശുഷ്‌കിച്ചു. 2011-12 കാലഘട്ടത്തില്‍ ജി ഡി പിയുടെ 23.6 ശതമാനം ആയിരുന്നിടത്ത് നിന്ന് 2017-18ല്‍ 17.2 ശതമാനമായി കുറഞ്ഞു. കോര്‍പറേറ്റ് നിക്ഷേപമാകട്ടെ 2012-13ലെ ജി ഡി പിയുടെ 17 ശതമാനം എന്നിടത്തു നിന്ന് 2017-18ല്‍ ഒമ്പത് ശതമാനമായും 2018-19ല്‍ 4.3 ശതമാനമായും കൂപ്പുകുത്തി.
ഇതിനെല്ലാം പുറമെ, സമ്പദ് വ്യവസ്ഥയുടെ അനൗപചാരിക മേഖലകളും കാര്‍ഷിക മേഖലയും ചെറുകിട-ഇടത്തരം വ്യവസായ മേഖലയുമെല്ലാം തകര്‍ന്നു കിടക്കുന്നു. ടെക്സ്റ്റൈല്‍ മേഖലയില്‍ തമിഴ്‌നാട്ടില്‍ 25 മില്‍ പൂട്ടി. കോയമ്പത്തൂരിലും തിരുപ്പൂരിലുമെല്ലാം തുണിവ്യവസായം തകര്‍ന്നു. തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, ബംഗാള്‍ എന്നിവിടങ്ങളില്‍ എത്രയോ ചെറുകിട വ്യവസായ യൂനിറ്റുകള്‍ ഇതിനകം അടച്ചു.

കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, വൈദ്യുതി, റിഫൈനറി ഉത്പന്നങ്ങള്‍, രാസവളം, ഉരുക്ക്, സിമന്റ് എന്നിവയാണ് ഇന്ത്യയുടെ അടിസ്ഥാന വ്യവസായങ്ങള്‍. മൊത്തം ആഭ്യന്തരോത്പാദനത്തില്‍ അടിസ്ഥാന വ്യവസായങ്ങളുടെ പങ്കാളിത്തം 40.27 ശതമാനം വരും. അപ്പോള്‍, ഈ മേഖലകളെല്ലാം തകരുമ്പോള്‍ രാജ്യത്തിന്റെ നട്ടെല്ലു തന്നെ ഒടിയുന്നുവെന്ന് കണക്കാക്കാം. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ അടുത്തിടെ പറഞ്ഞത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിലെ ക്രമാനുഗതമായ മാന്ദ്യത്തിനിടക്കും പണപ്പെരുപ്പം സമ്പദ്ഘടനക്കും ഉപഭോക്താക്കള്‍ക്കും വലിയ പോറലേല്‍പ്പിക്കാതെയായിരുന്നു. എന്നാല്‍ ചില്ലറ പണപ്പെരുപ്പം 40 മാസത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലേക്കുയര്‍ന്നു. ഭക്ഷ്യവിലക്കയറ്റം 10 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. പച്ചക്കറികള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും ദിനം പ്രതി വിലവര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വളര്‍ച്ചയും തൊഴിലുകളും എവിടെയുമില്ല. എല്ലായിടത്തും തകര്‍ച്ചയും, തൊഴിലില്ലായ്മയും നഷ്ടങ്ങളും മാത്രം. പണപ്പെരുപ്പം കൂടുതല്‍.
2016ല്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷിക്ക് സാമ്പത്തിക വളര്‍ച്ചയിലുള്ള പങ്ക് 45 ശതമാനമായി കുറഞ്ഞു. തൊഴിലവസരങ്ങളിലുണ്ടായ കുറവും വരുമാനത്തിലുണ്ടായ ഇടിവുമാണ് വാങ്ങല്‍ ശേഷി കുത്തനെ കുറയാന്‍ കാരണമായത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും തൊഴില്‍തേടി പന്ത്രണ്ട് കോടി യുവജനങ്ങള്‍ പുതുതായി തൊഴില്‍ കമ്പോളത്തില്‍ എത്തുന്നുണ്ട്. 2015വരെ ഇന്ത്യയില്‍ പ്രതിവര്‍ഷം പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരം ശരാശരി നാലരക്കോടിയായിരുന്നു. എന്നാല്‍, 2016ല്‍ ഇത് വെറും 1.35 കോടി ആയി.
ഇന്ത്യയുടെ ദേശീയ വരുമാനത്തില്‍ 17 ശതമാനവും സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്. അതുപോലെ ജനങ്ങളില്‍ 52 ശതമാനവും ഇപ്പോഴും കൃഷിയെയും മറ്റ് അനുബന്ധ മേഖലകളെയും ആശ്രയിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. ഇതിനു പുറമെ കോടിക്കണക്കിന് ചെറുകിട ഉത്പാദകരും തൊഴിലാളികളും അസംഘടിത മേഖലകളില്‍ ജോലിചെയ്ത് ഉപജീവനം കഴിക്കുന്നുണ്ട്. ഇത്രയും വലിയൊരു ജനവിഭാഗത്തിന്റെ വാങ്ങല്‍ ശേഷിയാണ് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം. എന്നാല്‍, ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാര്‍ഷിക മേഖലയുടെ നിക്ഷേപം കേന്ദ്ര ബജറ്റ് വിഹിതത്തിന്റെ വെറും രണ്ട് ശതമാനമായി വെട്ടിക്കുറച്ചു. ഇത് പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നാലര ശതമാനമായിരുന്നു. ഇതോടൊപ്പം ഗ്രാമവികസനത്തിനായി അനുവദിക്കുന്ന തുകയും കുറച്ചു. 2013ല്‍ 7.3 ശതമാനമായിരുന്നത് 2016ല്‍ കേന്ദ്ര ബജറ്റ് വിഹിതത്തിന്റെ അര ശതമാനമായി വെട്ടിക്കുറച്ചു.

ലോക ബേങ്കും ഐ എം എഫും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ നിലവിലെ സാമ്പത്തിക മേഖലയുടെ തകര്‍ച്ചയെ കുറിച്ച് ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അടുത്ത രണ്ട് വര്‍ഷത്തേക്ക് മെച്ചപ്പെടില്ലെന്നാണ് ഇവര്‍ പറയുന്നത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഇന്ത്യയുടേതിനേക്കാള്‍ ഉയര്‍ന്നതായതിനാല്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പേരും ഇന്ത്യക്ക് നഷ്ടമായി. ഇന്ത്യയുടെ സാമ്പത്തിക മേഖല മുരടിക്കുമ്പോള്‍ ആഗോള സാമ്പത്തിക രംഗം വളരുകയാണ്. അതിനാല്‍ ഇന്ത്യയിലേക്ക് വരേണ്ട വിദേശ മൂലധനവും നിക്ഷേപവും മറ്റു രാജ്യങ്ങളിലേക്ക് പോകുകയും ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കുകയും ചെയ്യും.
ഇന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യം ആകസ്മികമല്ല, മറിച്ച് ക്ഷണിച്ചു വരുത്തിയതാണ്. 2008ല്‍ സാമ്പത്തിക മാന്ദ്യം ലോകത്തെ മുഴുവന്‍ ബാധിച്ചപ്പോഴും വലിയ പോറലുകളേല്‍ക്കാതെ പിടിച്ചുനിന്ന ചുരുക്കം ചില രാഷ്ട്രങ്ങളില്‍ ഒന്ന് നമ്മുടെ ഇന്ത്യയാണ്. അതിന്റെ കാരണം ഇന്ത്യ പുലര്‍ത്തിപ്പോന്നിരുന്ന സാമ്പത്തിക സുതാര്യതയും നയങ്ങളുമായിരുന്നു.

വളര്‍ച്ച മുരടിച്ച് കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുകയില്ല. വിപണിയില്‍ പണമിറങ്ങുന്നില്ലെങ്കില്‍ ഉപഭോഗം കുറയും. ഉപഭോഗം കുറയുന്നതാകട്ടെ ആളുകളുടെ കൈയില്‍ പണമില്ലാത്തതിനാലും. കൃഷിക്കാരും തൊഴിലാളികളും കൈയില്‍ പണമില്ലാതെ നട്ടം തിരിയുമ്പോള്‍ ക്രയവിക്രയം കുറയും. ഇതു തന്നെയാണ് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ അടിസ്ഥാന കാരണവും. തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുമ്പോള്‍, കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടാതെ വരുമ്പോള്‍ സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് കൊണ്ടോ കോര്‍പറേറ്റുകള്‍ക്ക് വീണ്ടും ധനസഹായം നല്‍കുന്നത് കൊണ്ടോ രാജ്യത്തെ ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാകില്ല.

Latest