Connect with us

Kerala

പെരിയ കേസ്: നിയമ സഭയില്‍ ബഹളം- പ്രതിപക്ഷം ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം | പെരിയ ഇരട്ട കൊല കേസില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കേസ് അന്വേഷണം ഹൈക്കോടതി ആവശ്യത്തെ തുടര്‍ന്ന് സി ബി ഐ ഏറ്റെടുത്തിട്ടും ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച കേസ് ഡയറി സി ബി ഐ നല്‍കാത്തത് സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദം ഫലമാണ്. ഇതിനാല്‍ വിഷയം നിയമസഭ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കൊലയാളികളുടെ ദൈവമായി മാറിയെന്നും ക്രിമിനലുകള്‍ക്ക് വേണ്ടി ക്രിമിനലുകള്‍ ഭരിക്കുകയാണെന്നും അടിയന്തിര പ്രമേയ നോട്ടീസില്‍ ഷാഫി പറമ്പില്‍ എം എല്‍ എ ആരോപിച്ചു.

ഇതിന് മറുപടി നല്‍കി മുഖ്യമന്ത്രി കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞു. ഇതില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ല. സി ബി ഐ അന്വേഷണത്തിനെതിരായ സര്‍ക്കാറിന്റെ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. കേസില്‍ 16 പേരെ അറസ്റ്റ് ചെയ്തു. സി ബി ഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വെറും സ്റ്റാറ്റസ് റിപ്പോര്‍ട്ട് മാത്രാണ്. ആരെങ്കിലും വിടുവായത്തം പറഞ്ഞാല്‍ അതിന് മറുപടി പറയലാണോ സര്‍ക്കാറിന്റെ പണിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ മറുപടി തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. എന്നാല്‍ പ്രതിപക്ഷം മര്യാദയില്ലാതെ പെരുമാറുന്നുവെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് ഡി ജി പിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനെതിരെ മന്ത്രി ജി സുധാകരന്‍ രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ സഭാ രേഖയില്‍ നിന്ന് നീക്കണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടി സ്വീകരിക്കാം എന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതോടെയാണ് അദ്ദേഹം ഇരിക്കാന്‍ തയ്യാറായത്.

 

---- facebook comment plugin here -----

Latest