Connect with us

International

ആക്രമണം പുനരാരംഭിക്കും; സമാധാന കരാറില്‍നിന്നു താലിബാന്‍ പിന്‍മാറി

Published

|

Last Updated

കാബുള്‍  |താലിബാന്‍ – യുഎസ് സമാധാന കരാറില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കരാറില്‍നിന്നും താലിബാന്‍ പിന്‍മാറി. അഫ്ഗാന്‍ സേനയ്‌ക്കെതിരെ ആക്രമണം പുനഃരാരംഭിക്കുകയാണെന്നും എന്നാല്‍ വിദേശ സൈന്യങ്ങളെ ആക്രമിക്കില്ലെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.

18 വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ചാണ് ഫെബ്രുവരി 29ന് യുഎസുമായി താലിബാന്‍ സമാധാന കരാറില്‍ ഒപ്പുവച്ചത്. താലിബാന്റെ 5,000 തടവുകാരെയും അഫ്ഗാനിസ്ഥാന്റെ 1,000 തടവുകാരെയും മാര്‍ച്ച് 10 ന് അകം അന്യോന്യം വിട്ടയയ്ക്കാനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. 14 മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നു സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുമെന്ന് യുഎസും വ്യക്തമാക്കിയിരുന്നു.

ദോഹയില്‍ നടന്ന ചടങ്ങില്‍ താലിബാന്‍ നേതാവും സമാധാനചര്‍ച്ചകളില്‍ മധ്യസ്ഥനുമായിരുന്ന മുല്ല ബറാദറും യുഎസിനു വേണ്ടി കൂടിയാലോചനകള്‍ക്കു നേതൃത്വം നല്‍കിയ സലാമി ഖാലില്‍സാദുമാണ് കരാറില്‍ ഒപ്പു വച്ചത്. താലിബാന്‍ തടവുകാരെ സര്‍ക്കാര്‍ മോചിപ്പിക്കില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി തിങ്കളാഴ്ച പ്രഖ്യാപിച്ചതിന് പിറകെയാണ് സമാധാന കരാറില്‍നിന്നും താലിബാന്‍ പിന്‍മാറുന്നത്.

താലിബാന്‍ തടവുകാരെ വിട്ടയക്കുന്നത് മേഖലയിലെ ശാക്തിക സമവാക്യം മാറ്റുമെന്ന ആശങ്കയാണ് അഫ്ഗാന്‍ സര്‍ക്കാറിനുള്ളത്. സമാധാന കരാറില്‍നിന്നും താലിബാന്‍ പിന്‍മാറുന്നുവെന്ന പ്രഖ്യാപനം വന്നയുടനെ അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ കോസ്റ്റ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അതേ സമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Latest