Connect with us

Cover Story

ഇവിടെ സൗഹൃദത്തിന്റെ നന്മ പൂക്കുന്നു

Published

|

Last Updated

2002 ഫെബ്രുവരിയും 2020 ഫെബ്രുവരിയും തമ്മിലുള്ള സാമ്യം വർഷങ്ങളിലെ അക്കങ്ങൾ മാറിമറിഞ്ഞതുകൊണ്ടുള്ളതല്ല. നരോദാപാട്യയിലെ കരിഞ്ഞ മനുഷ്യ മാംസ ഗന്ധങ്ങൾക്കും തെരുവിലെ ആളുന്ന തീക്കൂനകൾക്കും മേലെ ആക്രോശം മുഴങ്ങി ആഞ്ഞടുത്ത ആൾക്കൂട്ടം അതേ ക്രൗര്യത്തോടെ ഇന്ത്യയുടെ ഹൃദയഭൂമിയിൽ ആവർത്തിക്കുന്നു എന്നതാണ്.
18 വർഷങ്ങൾക്കുശേഷം ഗുജറാത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വംശഹത്യയുടെ കരാളഹസ്തം നീളുമ്പോൾ ഗുജറാത്തിലെ അന്നത്തെ അധികാര കേന്ദ്രങ്ങൾ ഡൽഹിയിൽ ഭരണ ചക്രം തിരിക്കുന്നു. മത നിരപേക്ഷതയുടെ താഴികക്കുടങ്ങൾ ഓരോന്നായി തകർത്തുകൊണ്ടിരിക്കുന്ന ഭീഷണമായ വർത്തമാന ഇന്ത്യയുടെ നേർ ചിത്രം ഓരോ മനുഷ്യരുടെയും ഉള്ളം തപിപ്പിക്കുമ്പോൾ, കേരളം എക്കാലത്തേയും പോലെ ഒരുമയുടെ മതിൽക്കെട്ടുകൾ കൂടുതൽ ബലപ്പെടുത്തുകയാണ്.
പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ന്യൂനപക്ഷത്തിനുമേൽ ആശങ്കയുടെ തീമഴ വിതച്ചപ്പോൾ കേരളം ഒറ്റക്കെട്ടായി നിന്നു. നാം ഇന്ത്യക്കാർ എന്ന ഭരണഘടനയുടെ ആമുഖം ഉച്ചത്തിൽ ഉരുവിട്ടു. അതാണ് കേരളം. ഒരു ഛിദ്രശക്തിക്കും കളങ്കിതമാക്കാൻ കഴിയാത്ത, മനുഷ്യ സ്‌നേഹത്തിന്റെ വറ്റാത്ത ഉറവകളുള്ള കേരളം.

ആശങ്കയുടെ ആകാശം കറുത്തുനിന്ന ദിവസമായിരുന്നു ഫെബ്രുവരി 27. അന്നത്തെ പത്രങ്ങളിൽ തലക്കെട്ടിൽ ഡൽഹിയിലെ മരണ നിരക്ക് 27 ആയിരുന്നു.
അന്ന് സായാഹ്നത്തിന്റെ വരവറിയിച്ച് അസർ ബാങ്കൊലി മുഴങ്ങിയപ്പോൾ കണിയാർകണ്ടം ജുമാ മസ്ജിദിലേക്ക് നടന്നു വന്ന ആ രണ്ട് മനുഷ്യരുടെ ചുവടുകൾക്ക് അനന്തമായ അർഥമുണ്ടായിരുന്നു. കണ്ണിൽ ഇരുട്ടു നിറഞ്ഞ കുനിപ്പാലിൽ മൂസ മുസ്്ലിയാരുടെ കൈ പിടിച്ച് നടന്നു വരികയാണ് ആലുള്ള കണ്ടി മുരളി. കഴിഞ്ഞ അഞ്ചെട്ട് വർഷമായി വെളിച്ചം ഉൾക്കണ്ണിലേക്കു ചുവടുമാറ്റിയ മൂസ മുസ്‌ലിയാർക്ക് പള്ളിയിലേക്കുള്ള യാത്രയിൽ ഹൃദയത്തിലെ വെളിച്ചവുമായി മുന്നിൽ നടക്കുകയാണ് മുരളി. രണ്ടുപേർക്കും ഏതാണ്ട് പ്രായം 60-65 നിടക്കാണ്. രണ്ടുപേരുടെയും ബാല്യവും യൗവനവുമെല്ലാം ഓമശ്ശേരിക്കടുത്ത കണിയാർകണ്ടം ഗ്രാമത്തിലാണ് കൊഴിഞ്ഞുപോയത്.
ബീഡിത്തൊഴിലാളിയായിരുന്ന ഉപ്പക്ക് ആറ് മക്കളുള്ള കുടുംബം പുലർത്താൻ നെട്ടോടമോടേണ്ടി വന്ന കാലത്ത് ദർസിലെ പണിവിട്ട് സഊദിയിലേക്ക് പോയതാണ് മൂസ മുസ്‌ല്യാർ. രണ്ട് പതിറ്റാണ്ടിന്റെ പ്രവാസം മോശമല്ലാത്ത ജീവിത സാഹചര്യമെല്ലാം ഉണ്ടാക്കി. ശിഷ്ട ജീവിതം നാട്ടിൽ കഴിഞ്ഞുകൂടാനെത്തിയപ്പോഴാണ് പ്രമേഹം രണ്ട് കണ്ണിന്റെയും കാഴ്ച കവർന്നത്. കൈകാൽ വിരലുകൾക്കും ആ നിശ്ശബ്ദ കൊലയാളി ക്ഷതമേൽപ്പിച്ചു. കൂടാതെ പത്തോളം ശസ്ത്രക്രിയകൾ ആ ശരീരത്തിൽ വേണ്ടിവന്നു. അതൊന്നും മൂസ മുസ്‌ലിയാരെ തളർത്തിയില്ല. കാരണം, അചഞ്ചലമായ ഒരു വിശ്വാസമാണ് ജീവിതമെന്ന് അദ്ദേഹം പറയുന്നു. അതിനാൽ ഖിബ്‌ലയിലേക്കു മുട്ടുകുത്തി നാഥനോടുള്ള പ്രാർഥനക്കായി പടച്ചവന്റെ ആലയത്തിലേക്ക് പോകണമെന്ന് മനസ്സ് വെമ്പും. സുബ്ഹിക്കും ളുഹറിനും അസറിനും മഗ്‌രിബിനും ഇശാഇനും പള്ളിയിലെത്താൻ ഉള്ളം തുടിക്കും. അപ്പോൾ ഭാര്യമാരിൽ ആരെങ്കിലുമൊന്ന് കൈപിടിച്ചു വഴിയിലെത്തിക്കും. അപ്പോഴേക്കും മുരളി അവിടെ ഉണ്ടാകും. മൂസ മുസ്്ലിയാരെ പള്ളിവരെ കൈപിടിച്ചുകൊണ്ടുപോവുക മുരളിയാണ്. കഴിഞ്ഞ എട്ട് വർഷമായി തുടരുന്ന ഈ കർമത്തിനുപിന്നിൽ മനുഷ്യ സ്‌നേഹത്തിന്റെ നൈർമല്യം മാത്രം. മൂസ മുസ്‌ലിയാരുടെ വീടിനോട് ചേർന്ന കടയിലാണ് മുരളിയുടെ ഉന്നക്കിടക്ക നിർമാണം. തൊഴിൽ അൽപ്പ നേരം നിർത്തിവെച്ചാണ് മുരളിയുടെ ഈ യാത്ര. അടുത്ത കാലത്ത് മുരളിക്ക് കേൾവിക്കുറവുണ്ടെങ്കിലും രണ്ടുപേരും ഏതാനും ചില കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരിക്കും നടന്നു നീങ്ങുക. പള്ളിയിൽ നിന്ന് മുസ്‌ലിയാരെ തിരിച്ചു കൊണ്ടുപോകാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും.

“പ്രവാസം എനിക്ക് നല്ല ജീവിതം തന്നു. ജീവിതത്തിൽ നിന്ന് ദാരിദ്രവും പ്രയാസങ്ങളും അകന്നുപോയി. ഇന്ന് രോഗങ്ങളും കാഴ്ചയില്ലായ്മയും സഹിച്ച് ഞാൻ ഈ മുറിയിലിരിക്കുകയാണ്. പക്ഷ, എനിക്ക് ഉള്ള് നിറയെ സന്തോഷമാണ്. ഒരു കൂരിരുട്ടിലും നമ്മെ കൈവിടാതെ കാത്തുസൂക്ഷിക്കാൻ ഇവിടെ സഹജീവികൾ ഉണ്ട് എന്ന സന്തോഷം. എന്തെങ്കിലും ആഗ്രഹിച്ചിട്ടല്ല മുരളി ഈ സഹായം ചെയ്യുന്നതെന്ന് എനിക്കറിയാം. അതിന്റെ പിന്നിൽ മനുഷ്യ സ്‌നേഹമെന്ന ഒറ്റ വികാരം മാത്രമേയുള്ളൂ.” വീട്ടിലെ മുറിയിൽ നിന്ന് അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരി പനങ്ങാട്ട് നിന്ന് വർഷങ്ങൾക്ക് മുമ്പ് കണിയാർ കണ്ടത്തേക്ക് വന്നതാണ് മുരളിയുടെ കുടുംബം. എം എസ് സി ഇലക്ട്രോണിക് യോഗ്യതയുള്ള മകൻ ബിനുവും അച്ഛനോടൊപ്പം ഈ കടയിൽ ജോലി ചെയ്യുന്നു.

“മൂസ മുസ്‌ലിയാർ എത്രയോ വർഷമായി എനിക്ക് പരിചിതനാണ്. ആ മനുഷ്യന് ഞാൻ ചെയ്യുന്നത് വലിയ കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഏതൊരു മനുഷ്യനും മറ്റൊരാൾക്ക് ചെയ്യേണ്ട പ്രാഥമികമായ ഒരു സഹായം മാത്രം.” താൻ ചെയ്യുന്ന മനോഹരമായ കർമത്തെ വ്യക്തിപരമായ ഒരു ദൗത്യമായി മാത്രം കാണുകയാണ് മുരളി.

ഈ നാട്ടിൻ പുറത്ത് മനുഷ്യർ സ്‌നേഹത്തോടെ കഴിയുന്നു. അവർക്ക് ഹിന്ദുവെന്നോ മുസൽമാനെന്നോ ഭേദമില്ല. ആഘോഷങ്ങളിൽ അവരെല്ലാം ഒരുമിച്ചു ചേരുന്നു. ആഹ്ലാദവും സങ്കടവും അവർ പരസ്പരം പങ്കിടുന്നു. അതിനിടെ മൂസ മുസ്‌ലിയാരുടെ കൈപിടിച്ച് അച്ഛൻ പള്ളിയിലേക്കുപോകുന്നത് എന്തെങ്കിലും സവിശേഷമായ സംഗതിയാണെന്നു തോന്നിയിട്ടില്ലെന്ന് മകൻ ബിനു പറയുന്നു. അത് ഈ നാട്ടിലെ ഒരു സാധാരണ കാര്യം മാത്രം. എന്നാൽ, രാജ്യം അനുദിനം വർഗീയമായി വിഭജിക്കപ്പെടുന്ന കാലത്ത് ഈ മനുഷ്യബന്ധത്തിന് അനേകം അർഥങ്ങളുണ്ടെന്ന കാര്യം ആ മകൻ അംഗീകരിക്കുന്നു.

ഇന്നലെ വരെ ഈ ലോകത്തെ ആവോളം കണ്ടിരുന്ന ഒരാൾ ഒരു സുപ്രഭാതത്തിൽ ഇരുട്ടിലേക്ക് തള്ളിയിടപ്പെടുമ്പോൾ സഹജീവികൾ നീട്ടുന്ന കൈയാണ് വെളിച്ചമായിത്തീരുന്നതെന്ന് മൂസ മുസ്്ലിയാർ പറയുന്നു. രണ്ട് കണ്ണുകളിലും കാഴ്ച നിശ്ശേഷം പോയിട്ടും താൻ അന്ധനാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എല്ലാം മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. ഭാര്യമാരായ ആസ്യയും ഖദീജയും കൂട്ടിനുണ്ട്. അവരിലായി പിറന്ന എട്ട് മക്കളിൽ ഏഴുപേരും പെൺമക്കൾ. അവരെയെല്ലാം വിവാഹം കഴിച്ചയക്കാൻ കഴിഞ്ഞതോടെ ജീവിതം ധന്യമായി. 13 പേരക്കുട്ടികളുണ്ടെങ്കിലും ആദ്യത്തെ പേരക്കുട്ടിയെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും കാഴ്ച നഷ്ടമായി. എന്നാൽ, ഓരോ പേരക്കുട്ടിയുടേയും ശബ്ദവും മുഖവും ഉള്ളിലുണ്ട്. അവരുടെ ശബ്ദം കേൾക്കുമ്പോഴേക്കും ആരാണെന്ന് മനസ്സിലാകും. കാഴ്ച നഷ്ടപ്പെടും മുമ്പേ രണ്ട് ഹജ്ജ് യാത്രകളും സാധ്യമയതോടെ ജീവിതം പൂർണമായി.

ഇരുളിൽ കൈപിടിക്കാനെത്തുന്നത് മുരളിയുടെ നന്മയാണ്. അതിനപ്പുറം ഒന്നുമില്ല. സ്‌നേഹധനരായ മനുഷ്യരുടെ ചേർത്തുപിടിക്കലാണ് ഓരോ നാടിന്റെയും സൗന്ദര്യം. കാലുഷ്യങ്ങൾ വിതക്കാനെത്തുന്ന വെറുപ്പിന്റെ വ്യാപാരികൾക്ക് കേരളത്തിന്റെ വെളിച്ചം കെടുത്താനാകാത്തത് നന്മയുടെ ഇത്തരം പൂമരങ്ങൾ ഇവിടെ ചില്ല വിരിച്ചു നിൽക്കുന്നതിനാലാണെന്ന് ഈ ഗ്രാമം പറയുന്നു.

എം ബിജുശങ്കർ
bijunews1@gmail.com
ഫോട്ടോ: ശ്രീനിഷ് ഓമശ്ശേരി

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്