Connect with us

National

അക്രമങ്ങള്‍ തടയാന്‍ കോടതിക്കു സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി | അക്രമ സംഭവങ്ങള്‍ തടയാന്‍ കോടതിക്കു സാധിക്കില്ലെന്നും ഒരു സംഭവം നടന്നു കഴിഞ്ഞ ശേഷം മാത്രമെ കോടതിക്ക് രംഗപ്രവേശം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ഡല്‍ഹി അക്രമത്തിനു വഴിവച്ച പ്രകോപന പ്രസംഗങ്ങള്‍ നടത്തിയ ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹരജിയില്‍ പ്രതികരണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നതില്‍ കോടതിക്കു പരിമിതിയുണ്ട്. ചില കാര്യങ്ങള്‍ കോടതിയുടെ നിയന്ത്രണത്തിന് അതീതമാണ്. എല്ലാവരും ഇതു മനസ്സിലാക്കണം- ഡല്‍ഹി അക്രമത്തിലെ ഇരകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കോളിന്‍ ഗോണ്‍സാല്‍വെസിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ദേശീയ തലസ്ഥാനത്ത് അക്രമത്തെ തുടര്‍ന്ന് ദിനംപ്രതി നിരവധി പേരാണ് മരിച്ചുവീഴുന്നതെന്ന് ഗോണ്‍സാല്‍വെസ് ചൂണ്ടിക്കാട്ടിയപ്പോള്‍ മരണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ബോബ്ദെ പറഞ്ഞു.

സമാധാനത്തിന് ആഗ്രഹിക്കുമ്പോഴും കോടതിക്ക് പരിമിതികളുണ്ടെന്ന അവബോധം ഞങ്ങള്‍ക്കുണ്ട്.
കോടതി പറയുന്നത് മനസ്സിലാക്കുന്നുവെന്നും
ഒരു കാര്യത്തിനും കോടതികളെ കുറ്റം പറയില്ലെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു. ഇതോടെ, ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസുള്ളതെന്നതിനാല്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് പറയാന്‍ പറ്റില്ലെന്നും ബുധനാഴ്ച വിഷയം വീണ്ടും പരിഗണനക്കെടുക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കി.

Latest