Connect with us

Kerala

കൊറോണ: ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി

Published

|

Last Updated

തിരുവനന്തപുരം | കൊറോണ വൈറസ് (കോവിഡ് 19) പടര്‍ന്നതിനെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ മലയാളികളുള്‍പ്പടെയുള്ള മത്സ്യത്തൊഴിലാളികളെ സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് തിരിച്ചയക്കില്ലെന്നും വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും സ്‌പോണ്‍സര്‍ മുറിയിലെത്തി പറഞ്ഞതായി തൊഴിലാളികള്‍ പറഞ്ഞു. ഇതിനു പുറമെ, മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

നാലു മാസം മുമ്പ് പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു പോയ 17 മലയാളികളടക്കം 23 പേരാണ് അസലൂരിലെ മുറിയില്‍ കുടുങ്ങിയത്. തിരുവനന്തപുരത്തെ പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങാന്‍ കഴിയാതെ ഇവര്‍ താമസസ്ഥലത്ത് പെട്ടുപോയത്. ഭക്ഷണം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളൊന്നും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ആളുകള്‍ പുറത്തിറങ്ങാത്ത സ്ഥിതിയാണെന്നും കടകള്‍ അടച്ചിട്ടിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുമെന്നും തുടര്‍ നടപടികള്‍ക്കായി നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഞായറാഴ്ച അറിയിച്ചിരുന്നു.