Connect with us

Articles

എ എ പിയുടെ മൗനവും ആസൂത്രിതമാണ്‌

Published

|

Last Updated

ഡല്‍ഹിയില്‍ ആസൂത്രിത ആക്രമണം അരങ്ങേറിക്കൊണ്ടിരിക്കുമ്പോഴാണ് “1984ലെ സാഹചര്യം ആവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ലെ”ന്ന ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് അരങ്ങേറിയ സിഖ് വംശഹത്യാ ശ്രമത്തെക്കുറിച്ചാണ് ജസ്റ്റിസ് മുരളീധറിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ച് സൂചിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ രാജ്യ തലസ്ഥാനത്തിന്റെ ഒരു ഭാഗത്ത് അരങ്ങേറിയത് വംശഹത്യാ ശ്രമമല്ലാതെ മറ്റൊന്നല്ല. ന്യൂനപക്ഷം കൂട്ടമായി പാര്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങള്‍. തോക്കുകളുള്‍പ്പെടെ ആയുധങ്ങള്‍ സമാഹരിച്ച്, ഡല്‍ഹിക്ക് പുറത്തുനിന്ന് ആളുകളെ എത്തിച്ച് സംഘ്പരിവാരം നടപ്പാക്കിയ ഒന്ന്. 45 ജീവനുകള്‍ പൊലിഞ്ഞു. നിരവധി പേര്‍ ജീവച്ഛവമായി. ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്ക് പ്രകാരം നാശനഷ്ടം 10,000 കോടിയുടേതാണ്. വീടുകള്‍ക്കും മറ്റുമുണ്ടായ നാശം കൂടി കണക്കിലെടുക്കുമ്പോള്‍ തുക ഇനിയും ഉയരാനാണ് സാധ്യത.
2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യാ ശ്രമവുമായി പലനിലക്ക് സാമ്യമുണ്ട് ഡല്‍ഹിയില്‍ അരങ്ങേറിയതിന്. പോലീസ് നിഷ്‌ക്രിയമാകുകയോ അക്രമികള്‍ക്ക് തുണയേകുകയോ ചെയ്ത കാഴ്ചയാണ് ഗുജറാത്തില്‍ കണ്ടത്. അതിവിടെയും ആവര്‍ത്തിച്ചു. ഗുജറാത്തിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ആക്രമണം നടത്താനെത്തിയവരില്‍ നിന്ന് സംരക്ഷണം തേടി മുന്‍ എം പി ഇഹ്‌സാന്‍ ജഫ്‌രി, അക്കാലം അവിടെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ വിളിച്ചിരുന്നു. ഒരു നടപടിയുമുണ്ടായില്ല. ജഫ്‌രി ഉള്‍പ്പെടെ 69 പേരെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഡല്‍ഹിയില്‍ സംരക്ഷണം ആവശ്യപ്പെട്ട് ലഭിച്ച സന്ദേശങ്ങളോടൊന്നും പോലീസ് പ്രതികരിച്ചില്ല. സിറ്റിംഗ് എം പിയുടെ ഫോണ്‍ സന്ദേശങ്ങളെപ്പോലും ഡല്‍ഹി പോലീസ് അവഗണിച്ചു. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ പോലീസ് പലയിടത്തും അക്രമികള്‍ക്കൊപ്പം ചേരുകയും ചെയ്തു. മനുഷ്യത്വം ശേഷിക്കുന്നവര്‍ മതം നോക്കാതെ പരസ്പരം സംരക്ഷിക്കാന്‍ സന്നദ്ധരായതുകൊണ്ടു മാത്രമാണ് നഷ്ടപ്പെട്ട ജീവനുകളുടെ എണ്ണം 45ല്‍ ഒതുങ്ങിയത്.

2002ല്‍ ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാറായിരുന്നു. കേന്ദ്രത്തിലെ സര്‍ക്കാര്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ളതും. 2020ലെ ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭരണം തുടരുകയാണെന്ന വ്യത്യാസമുണ്ട്. രാജ്യ തലസ്ഥാനം ഉള്‍പ്പെടുന്ന മേഖലയായതിനാല്‍ ഡല്‍ഹി സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. അതുകൊണ്ടുതന്നെ ഡല്‍ഹി പോലീസിനു മേല്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് അധികാരമില്ല. ഈ സൗകര്യം കേന്ദ്ര സര്‍ക്കാറും സംഘ്പരിവാരവും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, അതിനൊപ്പം പ്രധാനമാണ് അരവിന്ദ് കെജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും രാഷ്ട്രീയമായ പരാജയം.

ഡല്‍ഹിയിലൊരു വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുവെന്ന സൂചനകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു തന്നെയുണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതിയിലുള്ള പ്രതിഷേധത്തെ ദേശവിരുദ്ധമെന്ന് ചിത്രീകരിക്കാന്‍ സംഘടിത ശ്രമം തന്നെ ബി ജെ പി നടത്തി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, ബി ജെ പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേശ് വര്‍മ എന്നിവരായിരുന്നു ഈ ശ്രമത്തിന് ചുക്കാന്‍ പിടിച്ചത്. വര്‍ഗീയ വിഷം വമിക്കുന്ന ഇവരുടെ വാക്കുകള്‍, പ്രവൃത്തിപഥത്തിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ശ്രമമുണ്ടാകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം നടക്കുന്ന ശഹീന്‍ ബാഗ് ഭീകരരുടെ പ്രജനന കേന്ദ്രമാണെന്നതുള്‍പ്പെടെ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രചാരണം ബി ജെ പി നേതാക്കള്‍ നടത്തുമ്പോള്‍ അതിനെ തള്ളിപ്പറയാന്‍ അരവിന്ദ് കെജ്‌രിവാളും കൂട്ടരും തയ്യാറായതേയില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാടെടുക്കുന്നത് മുസ്‌ലിംകള്‍ മാത്രമാണെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ മൗനം കൊണ്ട് സാധൂകരിച്ച്, ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുറപ്പിക്കുകയായിരുന്നു ആം ആദ്മി പാര്‍ട്ടി. ജനത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ രാഷ്ട്രീയമായി ചെറുക്കാന്‍ കൂടിയുള്ള ജനമുന്നേറ്റമായി ഡല്‍ഹി തിരഞ്ഞെടുപ്പ് വേദിയെ മാറ്റാനുള്ള അവസരം നഷ്ടപ്പെടുത്തിയ ആം ആദ്മി പാര്‍ട്ടി, ഫലത്തില്‍ ഈ ആസൂത്രിത അക്രമത്തിന് പരോക്ഷ സഹായം നല്‍കുക കൂടിയായിരുന്നു.
അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെന്ന പേരിലുള്ള സംഘങ്ങള്‍ ഡല്‍ഹിയില്‍ സജീവമാകുന്നത്. അതിന്റെ സംഘാടകര്‍ കപില്‍ മിശ്രയെപ്പോലുള്ള ബി ജെ പി നേതാക്കള്‍ തന്നെയായിരുന്നു. സി എ എ അനുകൂലികളുടെ യോഗത്തിലാണ് സി എ എയില്‍ പ്രതിഷേധിക്കുന്നവരെ നീക്കം ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ലെങ്കില്‍ തങ്ങളത് ചെയ്യുമെന്ന് കപില്‍ മിശ്ര പ്രഖ്യാപിക്കുന്നത്. ഇതൊക്കെ കണ്‍മുന്നില്‍ നടക്കുമ്പോള്‍ അക്രമത്തിനുള്ള ആസൂത്രണമാണ് നടക്കുന്നത് എന്ന തോന്നല്‍ അരവിന്ദ് കെജ്‌രിവാളിനും കൂട്ടര്‍ക്കുമുണ്ടായതേയില്ല. കപില്‍ മിശ്രക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കാനുള്ള അധികാരം കെജ്‌രിവാളിനില്ല എന്നത് വസ്തുതയാണ്. പക്ഷേ, അക്രമമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്നത് ചൂണ്ടിക്കാണിക്കാനോ അത് തടയാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടാനോ സാധിക്കുമായിരുന്നു. അതിനൊന്നും കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും മെനക്കെടാതിരുന്നത് അവര്‍ പിന്തുടരുന്ന മൃദു ഹിന്ദുത്വ നിലപാടുകള്‍ കാരണമാണെന്ന് സംശയിക്കണം.

ആസൂത്രിതമായ അക്രമം ആരംഭിച്ചതിന് ശേഷവും ഏതാണ്ട് നിസ്സംഗമായിരുന്നു കെജ്‌രിവാള്‍ ഭരണകൂടവും ആം ആദ്മി പാര്‍ട്ടിയും. സമാധാനം പാലിക്കാനുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുക എന്നതിനപ്പുറത്ത് ഒന്നും ചെയ്യാന്‍ മുഖ്യമന്ത്രി കെജ്‌രിവാളിന് സാധിച്ചില്ല. അത്തരമൊരു സന്ദേശം രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസമെടുത്തുവെന്നത് കണക്കിലെടുക്കുമ്പോള്‍ കെജ്‌രിവാള്‍ ഭേദമാണെന്ന് മാത്രം. അക്രമം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കും വിധത്തില്‍ ഒന്നും ചെയ്യാതെ നിന്നു കെജ്‌രിവാളും കൂട്ടരും. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയത് മാത്രമാണ് അപവാദം. അക്രമം തടയാന്‍ സൈന്യത്തെ വിളിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട്, കേന്ദ്ര ഭരണകൂടത്തിന്റെ നടപടി കാത്തുനിന്നു കെജ്‌രിവാള്‍.

മുഖ്യമന്ത്രി കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അക്രമമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പറയുന്നത് വരെ അത്തരമൊരു ആലോചന ഇവര്‍ക്കുണ്ടായില്ല. അക്രമമുണ്ടാകുന്ന പ്രദേശങ്ങളിലേക്ക് പോകുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെടുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഖ്യമന്ത്രി നേരിട്ട് ഇറങ്ങിയിരുന്നുവെങ്കില്‍ ആം ആദ്മിയുടെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും രംഗത്തിറങ്ങുമായിരുന്നു. ആം ആദ്മിയുടെ മാത്രമല്ല, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കളും അക്രമങ്ങളുണ്ടായ പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. അക്രമത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശിക്കാനെത്തിയ അല്‍ക്കാ ലാംബ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളോട് ജനം രൂക്ഷമായി പ്രതികരിച്ചത് അതുകൊണ്ടാണ്.

ഡല്‍ഹി നിയമസഭയിലെ 70ല്‍ 62 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ ആം ആദ്മിക്കുള്ള സ്വാധീനത്തിന്റെ തെളിവ് കൂടിയാണ് ഈ വലിയ വിജയം. ആ സ്വാധീനം വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്താന്‍ പാകത്തിലുള്ളതാക്കി വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ കെജ്‌രിവാളിനും സംഘത്തിനും ധൈര്യമുണ്ടാകാതിരുന്നത്. ആ രാഷ്ട്രീയ പരാജയത്തിന്റെ നഷ്ടം എത്രയാണെന്ന് വരുംകാലത്ത് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും മനസ്സിലാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയെ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു ന്യൂനപക്ഷ വിഭാഗങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍. ആ പിന്തുണ ഇനിയുണ്ടാകുമെന്ന് കരുതാനാകില്ല. അക്രമങ്ങള്‍ക്കിടെ ഐ ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് എ എ പി നേതാവ് താഹിര്‍ ഹുസൈനാണ്. ഇത് ഉപയോഗപ്പെടുത്തി ഭൂരിപക്ഷ സമുദായത്തെ എ എ പിക്ക് എതിരാക്കാന്‍ ബി ജെ പി ശ്രമിക്കുകയും ചെയ്യും. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താനും ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്താനും മാത്രമല്ല, എ എ പിയുടെ സ്വാധീനത്തെ ഇല്ലാതാക്കാന്‍ കൂടിയുദ്ദേശിച്ചുള്ളതായിരുന്നു സംഘ്പരിവാര്‍ നീക്കം.

ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയതില്‍ മാത്രമൂന്നിയുള്ള പ്രചാരണം ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്താന്‍ അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും സഹായിച്ചിട്ടുണ്ട്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി നേരിടാന്‍ തയ്യാറാകാതെ അധികാരമുറപ്പിക്കാന്‍ സ്വീകരിച്ച തന്ത്രത്തെ ഒരു വിഭാഗം പ്രശംസിക്കുകയും ചെയ്തിരുന്നു. മൃദു ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ആ തന്ത്രത്തിന്റെ ഗുണഭോക്താക്കളാകാന്‍ തീവ്ര ഹിന്ദുത്വം ശ്രമിക്കുന്ന കാഴ്ച കൂടിയാണ് ഡല്‍ഹിയില്‍ കാണുന്നത്. പരസ്പരം സംരക്ഷിക്കാന്‍ കൈകോര്‍ത്ത ജനം അവിടെയുണ്ടെന്നത് മാത്രമാണ് ചെറിയ ആശ്വാസം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest