Connect with us

Editorial

യു എസിന്റെ പിന്മടക്കവും അവശേഷിക്കുന്ന അഫ്ഗാനും

Published

|

Last Updated

EDITനിരവധി അന്താരാഷ്ട്ര കൂടിയാലോചനകള്‍ക്ക് വേദിയായ ദോഹയിലെ ഷെറാട്ടന്‍ ഹോട്ടല്‍ ഒരു ചരിത്ര പിറവിക്കു കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. അഫ്ഗാന്‍ താലിബാന്റെ പ്രതിനിധികളും അമേരിക്കന്‍ അധികാരികളും സമാധാന കരാറില്‍ ഒപ്പു ചാര്‍ത്തിയിരിക്കുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കരാര്‍ സാധ്യമായിരിക്കുന്നത്. യു എസ് പ്രത്യേക സ്ഥാനപതി സൽമി ഖാലിസാദും താലിബാന്‍ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുല്‍ ഗനി ബറാദറുമാണ് കരാറില്‍ ഒപ്പുവെച്ചത്. യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തി. ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളുടെയും യു എന്നിലെ പ്രധാന അംഗരാജ്യങ്ങളുടെയും പ്രതിനിധികളും ദോഹയിലുണ്ടായിരുന്നു. ആറ്റിക്കുറുക്കിയാല്‍ മൂന്ന് വ്യവസ്ഥകളാണ് ഈ കരാറില്‍ നിന്ന് തെളിഞ്ഞു വരുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യ സൈന്യം പതിനാല് മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറും. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ജയിലുകളില്‍ കഴിയുന്ന അയ്യായിരം താലിബാന്‍കാരെ മോചിപ്പിക്കും. പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാറുമായി താലിബാന്‍ പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ച നടത്തി മുന്നോട്ടുള്ള വഴി തെളിയിച്ചെടുക്കും.

ഈ മൂന്ന് വ്യവസ്ഥകളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഉടനടി ഉണ്ടാകാവുന്ന മാറ്റങ്ങള്‍ വിരളമാണെന്ന് വ്യക്തമാകും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യു എസ് സൈനികരുടെ എണ്ണം 13,000ത്തില്‍ നിന്ന് 8,600ലേക്ക് കുറക്കുമെന്നാണ് മൈക് പോംപിയോ വ്യക്തമാക്കിയിട്ടുള്ളത്. ബാക്കിയുള്ള യു എസ് സൈനികരും നാറ്റോ അംഗരാജ്യങ്ങളുടെ സൈനികരും പിന്‍വാങ്ങുന്നത് നിബന്ധനകള്‍ക്ക് വിധേയമായി മാത്രമായിരിക്കും. അക്രമത്തിന്റെ പാത താലിബാന്‍ എത്രമാത്രം ഉപേക്ഷിക്കുന്നു, അഫ്ഗാന്‍ സര്‍ക്കാര്‍ എത്രമാത്രം ഐക്യത്തോടെ മുന്നോട്ട് പോകും, അഫ്ഗാന്റെ പൊതു സുരക്ഷാ നിലവാരം എത്രമാത്രം ശക്തിമത്താണ് എന്നൊക്കെ നോക്കിയാകും അമേരിക്കയുടെ പിന്‍വാങ്ങല്‍. ഈ പിന്‍മാറ്റം പൂര്‍ണമായാലും ഇന്റലിജന്‍സ് സംവിധാനം തുടരും. എന്നുവെച്ചാല്‍ യു എസിന്റെ പിന്‍മാറ്റം അത്ര വേഗത്തിലോ സമ്പൂര്‍ണമോ ആയിരിക്കില്ല. എങ്കിലും ഈ കരാര്‍ പ്രതീക്ഷ പകരുന്നതാണ്. കാരണം, തങ്ങള്‍ നടത്തിയ അധിനിവേശം തിരുത്തേണ്ട തെറ്റു തന്നെയാണെന്ന് അമേരിക്ക സമ്മതിക്കുകയാണ്. അതത് രാജ്യങ്ങളെ ഭരിക്കേണ്ടത് അവിടെ നിന്ന് ഉയര്‍ന്നുവരുന്ന ശക്തികള്‍ തന്നെയാണെന്നും ഈ കരാറിലൂടെ ശരിവെക്കുന്നു. ഇങ്ങനെ സ്വയം നിര്‍ണയാവകാശത്തിന് വിട്ടുകൊടുക്കുകയാണ് ലോകത്തെ ഏത് രാഷ്ട്രീയ പ്രതിസന്ധിക്കുമുള്ള പരിഹാരം.

[irp]

ശീതസമര കാലത്ത് അഫ്ഗാനില്‍ സോവിയറ്റ് യൂനിയന്‍ നേടിയെടുത്ത സ്വാധീനം തകര്‍ക്കാന്‍ താലിബാന്‍ അടക്കമുള്ള തദ്ദേശീയ ഗ്രൂപ്പുകള്‍ക്ക് ആയുധവും സമ്പത്തും നല്‍കിയ അമേരിക്ക, ഒരു ഘട്ടത്തില്‍ തങ്ങള്‍ വളര്‍ത്തിയവര്‍ക്ക് നേരെ തന്നെ തിരിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചയുടെ ജാള്യം തീര്‍ക്കാന്‍ അഫ്ഗാനിലേക്ക് എടുത്തുചാടുകയായിരുന്നു. വിജയിക്കുമെന്നുറപ്പുള്ള സൈനിക ദൗത്യമായിരുന്നു അവര്‍ക്കത്. ഒടുവിലിപ്പോള്‍ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് മടങ്ങുമ്പോള്‍ എന്തു നേടിയെന്ന ചോദ്യം അമേരിക്കയെ വേട്ടയാടും. ഉന്‍മൂലനം ചെയ്യപ്പെടുമെന്ന് പ്രഖ്യാപിച്ച താലിബാന്‍ കൂടുതല്‍ ശക്തി സംഭരിച്ചിരിക്കുന്നു. പരസ്പരം പോരടിക്കുന്ന സിവിലിയന്‍ നേതൃത്വത്തിന്‍ കീഴിലാണ് രാജ്യം. അശ്‌റഫ് ഗനിയും അബ്ദുല്ലാ അബ്ദുല്ലയും തമ്മിലുള്ള വടംവലി ശക്തമാണ്. 75 ശതമാനം പ്രദേശത്തും താലിബാനാണ് നിയന്ത്രണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മേല്‍ പൊടുന്നനെ ആക്രമണം അഴിച്ചുവിടാനും വന്‍ ആള്‍നാശമുണ്ടാക്കാനും ജനങ്ങളെ ഭീകരാക്രമണത്തില്‍ കൊന്നൊടുക്കാനുമുള്ള ശേഷി ഈ സംഘങ്ങള്‍ക്കുണ്ട്.
പശ്തൂണ്‍ ജനവിഭാഗത്തിലുള്ള താലിബാന്റെ സ്വാധീനം അധിനിവേശ കാലത്ത് വര്‍ധിപ്പിച്ചിട്ടേയുള്ളൂ. അവര്‍ അല്‍ഖാഇദയുമായുള്ള ബന്ധം തുടരുന്നു. ശിശുമരണ നിരക്ക് കുത്തനെ ഉയരുന്ന, പട്ടിണി കൊണ്ട് മനുഷ്യര്‍ മരിച്ചുവീഴുന്ന, സ്‌കൂളുകള്‍ ഓരോന്നായി പൂട്ടുന്ന, വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ അഫ്ഗാനാണ് അവശേഷിക്കുന്നത്. ബരാക് ഒബാമ ഈ സത്യം തിരിച്ചറിഞ്ഞിരുന്നു. ഇന്നത്തേക്കാള്‍ മെച്ചപ്പെട്ട പിന്‍മാറ്റ ഫോര്‍മുല അദ്ദേഹം തയ്യാറാക്കുകയും ചെയ്തിരുന്നു. താലിബാനില്‍ നിന്ന് ഉറപ്പൊന്നും ലഭിക്കാതെ ഇട്ടേച്ചു പോരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. രണ്ടായിരത്തിലേറെ സൈനികരെ നഷ്ടപ്പെട്ടിട്ടും ഒരു തരിമ്പു പോലും മേല്‍ക്കൈ നേടാന്‍ യു എസിന് സാധിച്ചിട്ടില്ല. ഈ ദുരവസ്ഥയില്‍ മാരക ചോദ്യങ്ങളുയര്‍ത്തുന്നത് അമേരിക്കന്‍ ജനത തന്നെയാണ്. ഒബാമയുടെ രണ്ടാമൂഴത്തില്‍ ആ ചോദ്യങ്ങള്‍ക്ക് ശക്തിയേറി. അതുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ആ വാഗ്്ദാനം മുന്നോട്ട് വെച്ചു- വിദേശ മണ്ണില്‍ നിന്ന് അമേരിക്കന്‍ സൈനികരെ തിരിച്ചു കൊണ്ടുവരും.

രണ്ടാമൂഴത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപിന്റെ നില പരുങ്ങലിലാണ്. ഇംപീച്ച്‌മെന്റില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് നില്‍ക്കുകയാണ് അദ്ദേഹം. അതുകൊണ്ട് പഴയ വാക്ക് ഓര്‍മവന്നു. അഫ്ഗാന്‍ പിന്‍മാറ്റമെന്ന വാഗ്്ദാനം പാലിച്ചുവെന്ന് വരുത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ സെപ്തംബറില്‍ താലിബാനുമായുള്ള ചര്‍ച്ച നിര്‍ത്തിവെച്ച് ഇറങ്ങിപ്പോയയാള്‍ ഇപ്പോള്‍ അനുനയത്തിന് വരുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വോട്ട് തന്നെയാണ്. അതുകൊണ്ട് സമാധാനത്തിലേക്കുള്ള ദുര്‍ബലമായ ചുവടു മാത്രമാണ് ഇത്. തടവുകാരെ തുറന്നു വിടാനാകില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ്അശ്‌റഫ് ഗനി കരാറിലെ മഷിയുണങ്ങും മുമ്പേ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരത്തില്‍ നിരവധിയായ തടസ്സങ്ങള്‍ മുമ്പിലുണ്ട്. അഫ്ഗാനില്‍ ശക്തമായ ഭരണകൂടമുണ്ടാകണം. താലിബാനും അല്‍ഖാഇദയുമൊക്കെ ആയുധം താഴെവെക്കണം. ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കണം. തീവ്രവാദ ഗ്രൂപ്പുകളെ പ്രത്യക്ഷത്തിലും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്ന ഏര്‍പ്പാട് വന്‍ ശക്തികള്‍ നിര്‍ത്തണം. അപ്പോള്‍ അഫ്ഗാനിലും ലിബിയയിലും ഇറാഖിലും യമനിലുമൊക്കെ സമാധാനമുണ്ടാകും.

Latest