Connect with us

Kerala

ഉണ്ട കാണാതായത് യു ഡി എഫ് ഭരണത്തില്‍; സമഗ്ര അന്വേഷണം നടക്കുന്നു- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന പോലീസിന്റെ കൈവശമുള്ള തോക്കുകളും ഉണ്ടയും നഷ്ടപ്പെട്ടെന്ന സി എ ജി കണ്ടെത്തലില്‍ നിയമസഭയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തോക്കും തിരയും കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നത്. എന്നാല്‍ നിയമസഭയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നത് നല്ല പ്രവണതയല്ല. എങ്കിലും വിഷയത്തില്‍ സമഗ്രമായ പരിശോധന നടത്തി. തോക്കുകള്‍ കാണാതായെന്നത് വസ്തുതാ വിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഉണ്ട കാണാതായ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പിണറായി പറഞ്ഞു. സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ വിശദമായ പ്രതികരണം.

വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ചത് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പ്രശ്‌നം ഗൗരവമുള്ളതായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്.

2015ല്‍ മൂന്നു പേരടങ്ങുന്ന ബോര്‍ഡ് അന്വേഷിച്ചു. തിരകളുടെ എണ്ണത്തില്‍ അന്ന് കുറവില്ലെന്നാണ് കണ്ടെത്തിയത്. സി എ ജി കണ്ടെത്തലിനു മുമ്പേ തിരകളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തി. അന്ന് സീല്‍ ചെയ്ത പെട്ടികള്‍ തുറക്കാതെ കുറവില്ല എന്ന് റിപ്പോര്‍ട്ട് നല്‍കി. അന്ന് അത് മൂടി വയ്ക്കാന്‍ ശ്രമം നടന്നു. 2016ലാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് അഴിമതി സംബന്ധിച്ച സി എ ജി കണ്ടെത്തല്‍ ആയുധമാക്കി കടുത്ത പ്രതിഷേധവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. പ്ലക്കാഡും ബാനറുമായി തുടക്കം മുതലെ പ്രതിപക്ഷ നിര പ്രതിഷേധമുയര്‍ത്തി.

സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അന്വേഷിക്കാന്‍ സി ബി ഐയെ ചുമതലപ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തില്‍ അന്വേഷണത്തിന് നമ്മുടേതായ സംവിധാനങ്ങള്‍ ഉണ്ടെന്നും ആ അന്വേഷണം നടക്കട്ടെ എന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Latest