Connect with us

Ongoing News

അതിർത്തിയും കടന്ന സംഗീത വസന്തം

Published

|

Last Updated

അതിരുകളില്ലാത്ത വിസ്മയ, വിസ്തൃത വലയമായ സോഷ്യൽ മീഡിയ സൈറ്റുകൾ എങ്ങനെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താം എന്ന ചോദ്യത്തിന് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഈ അടുക്കളക്കാരി കൃത്യമായ ഉത്തരം തരും. 190 കോടിയിൽപരം പ്രതിമാസ ഉപഭോക്താക്കളുള്ള ഫേസ്ബുക്കിൽ വെറും നേരമ്പോക്കിനായി മാത്രമല്ല മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ഹിന്ദ് കെ ഹിന്ദ് സജീവ സാന്നിധ്യം അറിയിക്കുന്നത്. കവയിത്രിയും ഗാനരചയിതാവും കൂടിയായ ഈ വീട്ടമ്മ എഫ് ബി മലയാളികൾക്കിടയിൽ സുപരിചിതയായ വ്യക്തിത്വമാണ്. സംഗീതാസ്വാദകരുടെ കർണങ്ങൾക്ക് ഇമ്പമേകുക എന്നതിലുപരി സാമൂഹത്തിലെ തിന്മകൾക്കെതിരെയും അന്യാധീനപ്പെട്ടുപോയ മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനായും നടത്തിവരുന്ന പോരാട്ടമാണ് ഹിന്ദിന്റെ ഓരോ രചനകളും. പ്രശസ്തരായ നിരവധി യുവ സംഗീതജ്ഞർ ഈണം നൽകി പിന്നണി ഗായകർ ഉൾപ്പടെയുള്ളവർ പാടിയ നിരവധി ഗാനങ്ങളാണ് ഹിന്ദിന്റെതായി ഇതിനകം പുറത്തിറങ്ങിയത്.

ഇവയിൽ പലതും വമ്പൻ ഹിറ്റുകളാണ്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹ്ന പാടിയ “അറിയുമോ നിങ്ങളെന്നെ…” യുവ ഗായിക അമ്പിളി നിഷോദിന്റെ “വൃദ്ധസദനം..” നഖീബ് അബ്ദുൽ ഗഫൂറിന്റെ “കണ്ണിൽ കുളിർ മഞ്ഞാകിലും മകളെ…” തുടങ്ങി മുപ്പതിലധികം ഗാനങ്ങൾ ഹിന്ദിന്റെ പാട്ടെഴുത്ത് വൈഭവം വിളിച്ചോതുന്നവയാണ്.
കെട്ട കാലത്തെ മൂല്യ ശോഷണത്തെ പ്രതിഷേധാത്മകമായി അവതരിപ്പിച്ച “കാലമിതെങ്ങോട്ട്…” എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം സാമൂഹിക മാധ്യമ ലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒറ്റ പാട്ടിലൂടെ പൂവാകയെ അത്രമേൽ പൂത്തുലയിച്ച പ്രശസ്ത യുവ ഗായകൻ ശോഭു ആലത്തൂരാണ് ഹിന്ദിന്റ വരികൾക്ക് ശബ്ദവും ഈണവും നൽകി ആസ്വാദക മനസ്സുകളിൽ പ്രതിഷേധാഗ്‌നിയുടെ കനൽ കോറിയിട്ടത്.

ഹിന്ദ് കെ ഹിന്ദ്

കേരളത്തിന്റെ ഭൂമികയെ പിടിച്ചുകുലുക്കിയ പ്രളയ ദുരന്തകാലത്ത് അത്യാഗ്രഹികളായ മനുഷ്യന്റെ ദുരയെ കുറിച്ച് “ഭൂമിഹത്യ” എന്ന പേരിലെഴുതിയ കവിതയുടെ ദൃശ്യാവിഷ്‌കാരവും സോഷ്യൽ മീഡിയകളിൽ ഏറെ വൈറലായി. വർഷങ്ങൾക്ക് മുമ്പ് “വാവേ..വാവേ…” എന്ന ടൈറ്റിലിൽ ഒരു ആൽബം ഇറക്കിയിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഹിന്ദിന്റെ രണ്ട് ഗാനരചനകൾ ഉൾപ്പെടുത്തിക്കൊണ്ട് സുഹൃത്തുക്കൾ നിർമിക്കുന്ന “ശരറാന്തൽ” എന്ന ആൽബം പൂർത്തിയായി വരുന്നു. തന്റെ രചനയിലൂടെ പിറന്നുവീണ ഗാനങ്ങൾ സംഗീതവും ശബ്ദവും നൽകി അണിയിച്ചൊരുക്കി സമൂഹിക മാധ്യമങ്ങളിലെ സംഗീതാസ്വാദകരിൽ എത്തിച്ച് തുടങ്ങിയതോടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പ്രശസ്ത യുവ സംഗീതജ്ഞരായ മുഹ്‌സിൻ കുരിക്കൾ, പ്രകാശ് മണ്ണൂർ, ഉബൈദ് മിന്നു, റജീബ് അരീക്കോട്, സാം ഷമീർ, അമീൻ യാസിർ തുടങ്ങി നിരവധി പേർ ഹിന്ദിന്റെ വരികൾക്ക് ഈണം നൽകുകയും ഡസനിൽ പരം യുവഗായകർ ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ഇനിയും നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള ഗാനങ്ങൾ ഹിന്ദിന്റെതായി പുറത്തിറങ്ങാനുണ്ട്. സാമൂഹ്യ പ്രവർത്തക കൂടിയായ ഹിന്ദ് കെ ഹിന്ദ് നിലവിൽ യുവ കലാ സാഹിതി കൊണ്ടോട്ടി ഘടകം അധ്യക്ഷ കൂടിയാണ്. കുന്നുമ്മൽ മനാട്ട് പേറുന്തറ വീട്ടിൽ കുഞ്ഞാലൻ കുട്ടിയാണ് ഭർത്താവ്. അഹമ്മദ് അഫ്രീദ്, സിബിൻ അഹമ്മദ്, സൈൻ അഹമ്മദ്, ഫിജിൽ അഹമ്മദ് എന്നിവർ മക്കൾ.

റാശിദ് മാണിക്കോത്ത്
rashidmanikoth80@gmail.com

Latest