Connect with us

National

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷമില്ല; അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഞായറാഴ്ച വീണ്ടും അക്രമസംഭവങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ട് തള്ളി ഡല്‍ഹി പോലീസ്. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലും പടിഞ്ഞാറന്‍ ഡല്‍ഹിയിലുമടക്കം എവിടേയും സംഘര്‍ഷങ്ങളില്ല. തെറ്റായ വിവരങ്ങള്‍ ജനം തള്ളണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നു പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുന്നതായി വാര്‍ത്ത പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പോലീസ് രംഗത്തെത്തിയത്.

“തെക്കുകിഴക്കന്‍ ഡ!ല്‍ഹിയിലും പടിഞ്ഞാറന്‍ !ഡല്‍ഹിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം കിംവദന്തികളാണ്. ഇത്തരം അഭ്യൂഹങ്ങള്‍ക്കു ചെവികൊടുക്കരുത്. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ പൊലീസ് നിരീക്ഷിക്കുകയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.” – ഡല്‍ഹി പോലീസ് ട്വിറ്ററില്‍ കുറിച്ചു.

വീണ്ടും സംഘര്‍ഷം ആരംഭിച്ചെന്ന വാര്‍ത്തക്കു പിന്നാലെ ഡല്‍ഹി മെട്രോ തിലക് നഗര്‍, നങ്‌ലോയി, സൂര്‍ജ്മല്‍ സ്റ്റേഡിയം, ബദര്‍പുര്‍, തുഗ്ലകാബാദ്, ഉത്തം നഗര്‍ വെസ്റ്റ്, നവാഡ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നെങ്കിലും പിന്നീട് പുനഃരാരംഭിച്ചു.

ഞായറാഴ്ച നാലു പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതിനു പിന്നാലെ ഡല്‍ഹി സംഘര്‍ഷത്തിലെ മരണസംഖ്യ 46 ആയി ഉയര്‍ന്നിരിക്കുകയാണ്. അക്രമസംഭവങ്ങള്‍ക്ക് അയവ് വന്നെങ്കിലും ജനജീവിതം ഇതുവരെ സാധാരണ നിലയില്‍ ആയിട്ടില്ല. പ്രദേശത്തെ സ്‌കൂളുകള്‍ 7 വരെ അടിച്ചിടാന്‍ തീരുമാനിച്ചിരുന്നു. ബേങ്കുകളും എടിഎമ്മുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. അക്രമസംഭവങ്ങളില്‍ പോലീസ് ഇതുവരെ 254 എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 903 പേരേ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Latest