Connect with us

National

ഡല്‍ഹി സംഘര്‍ഷം: മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു; മരണ സംഖ്യ 45 ആയി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശത്തുനിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മൂന്ന് ദിവസം നീണ്ടുനിന്ന ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഒരു മൃതദേഹം ഗോകുല്‍പുരി പോലീസ് സ്‌റ്റേഷനു സമീപത്തുനിന്നും മറ്റൊന്ന് അഴുക്കുചാലില്‍നിന്നും മൂന്നാമത്തെ മൃതദേഹം കനാലില്‍നിന്നുമാണ് കണ്ടെത്തിയത്.

250ഓളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടാകാമെന്നും നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അതേ സമയം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുകിട്ടാന്‍ വൈകുന്നതായി പരാതിയുണ്ട്. മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതും കാത്ത് നിരവധി കുടുംബങ്ങള്‍ ജിടിബി ആശുപത്രിക്ക്മുന്നിലുണ്ട്. ഇതുവരെ 25 മൃതദേഹങ്ങളാണ് ഇതുവരെ വിട്ടുകൊടുത്തത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇത് സംബന്ധിച്ച് പരാതിയുമായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനുകളിലും ആശുപത്രികളിലും കയറിയിറങ്ങുകയാണ്.

കത്തിയമര്‍ന്ന കെട്ടിടങ്ങളുടെ പരിസരം വൃത്തിയാക്കുന്ന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. റോഡുകളില്‍ വന്നുവീണ കല്ലുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി പൂര്‍ത്തിയായതായി നഗരസഭാ അധികൃതര്‍ പറഞ്ഞു.

ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണ്. എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു ക്യാമ്പില്‍ 42 കുടുംബങ്ങള്‍ കഴിയുന്നുണ്ട്.

Latest