Connect with us

International

കൊറോണ : ഇറാന്‍ പാര്‍ലിമെന്റ് അംഗം മരിച്ചു; മരണസംഖ്യ ഉയരുന്നു

Published

|

Last Updated

ടെഹ്‌റാന്‍ | ഇറാനില്‍ കൊറോണ വൈറസ് (കോവിഡ് -19) ബാധിച്ച് പാര്‍ലിമെന്റ് അംഗം മരിച്ചു. ഇതോടെ, വൈറസ് ബാധിച്ച് ഇറാനില്‍ മരിച്ചവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. അസ്താനയില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദലി റമസാനി ദസ്തകാണ് മരിച്ചത്.

ചൈനയിലെ വുഹാനില്‍ നിന്നും കോവിഡ്-19 വൈറസ് പൊട്ടിപ്പുറപ്പെട്ട ശേഷം ചൈനക്ക് പുറത്തുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാനില്‍ രോഗബാധിതരുടെ എണ്ണം 593 ആയിട്ടുണ്ട്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഭ്യന്തര യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇറാനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രയും വിലക്കി. ഇറാന്‍ വൈസ് പ്രസിഡന്റ്, ഉപ ആരോഗ്യമന്ത്രി, അഞ്ച് എം പിമാര്‍ എന്നിവരടക്കം നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ വിദഗ്ധ ചികിത്സക്കായി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വൈറസ് കൂടുതല്‍ പേരില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ സുരക്ഷയുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും പൊതു പരിപാടികള്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവക്ക് ഒരാഴ്ചത്തേക്ക് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. ആശുപത്രികളിലേക്കും നഴ്‌സിംഗ് ഹോമുകളിലേക്കുമുള്ള സന്ദര്‍ശനവും നിരോധിച്ചിട്ടുണ്ട്.