Connect with us

Editorial

ഡല്‍ഹിയില്‍ നിറഞ്ഞാടിയത് നിറതോക്കുകള്‍

Published

|

Last Updated

നാല്‍പ്പതിലേറെ പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി ഹിന്ദുത്വ ആക്രമണം വളരെ ആസൂത്രിതമായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അക്രമം ആരംഭിച്ചതിന്റെ തലേദിവസം ബി ജെ പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രസംഗത്തില്‍ നിന്ന് തന്നെ കലാപം ആസൂത്രിതമാണെന്നു വ്യക്തമായതാണ്. പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരക്കാരെ തങ്ങള്‍ ആട്ടിയോടിക്കുമെന്ന പരസ്യമായ പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. ട്രംപ് മടങ്ങിപ്പോയ ഉടനെയായിരിക്കും ഇതിനു തുടക്കം കുറിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും നേതാവിന്റെ വിദ്വേഷ പ്രസംഗത്തില്‍ ആവേശംപൂണ്ട അണികള്‍ക്ക് അത്രയും കാത്തിരിക്കാന്‍ ക്ഷമയുണ്ടായിരുന്നില്ല. നേതാവിന്റെ ആഹ്വാനം വന്ന ഉടനെ തന്നെ അവര്‍ ആയുധങ്ങളുമെടുത്ത് രംഗത്തുവന്നു.

രാജ്യത്ത് മുമ്പൊരു കലാപത്തിലും സംഘര്‍ഷത്തിലും ഉണ്ടായിട്ടില്ലാത്ത വിധം ഡല്‍ഹി ആക്രമണത്തില്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചതായി കഴിഞ്ഞ ദിവസം ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ വെളിപ്പെടുത്തി. ആക്രമണത്തിന് ഹിന്ദുത്വര്‍ നേരത്തേ തന്നെ തയ്യാറെടുത്തിരുന്നുവെന്നും അവിചാരിതമായി പൊട്ടിപ്പുറപ്പെട്ടതല്ല സംഭവമെന്നും ഇതോടെ കൂടുതല്‍ വ്യക്തമാകുന്നു. 82 പേര്‍ക്ക് വെടിയേറ്റതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി ജി ടി ബി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുനൂറിലേറെ പേരില്‍ 40 ശതമാനത്തിനും വെടിയേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. ചാന്ദ്ബാഗിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്ത ഐ ബി ഓഫീസറും വെടിയേറ്റാണ് മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സംഘര്‍ഷ സ്ഥലങ്ങളില്‍ നിന്ന് പോലീസ് കണ്ടെടുത്തത് അഞ്ഞൂറോളം വെടിയുണ്ടകളാണ്. വ്യാപകമായി തോക്കുപയോഗിച്ചുവെന്നു മാത്രമല്ല, ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയാവുന്നവരുടെ സാന്നിധ്യവും സംഘ്പരിവാര്‍ തേര്‍വാഴ്ചയിലുണ്ടായിരുന്നുവെന്നാണ് ഇതില്‍ നിന്ന് അനുമാനിക്കപ്പെടുന്നത്. രാജ്യത്തെങ്ങുമുള്ള ആര്‍ എസ് എസ് പരിശീലന കളരികളില്‍ ആയുധങ്ങളുപയോഗിക്കാന്‍ അണികള്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം രഹസ്യമല്ല.

[irp]

ഉത്തര്‍ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഡല്‍ഹി ആക്രമണത്തിനായി ഹിന്ദുത്വര്‍ തോക്കുകള്‍ കൈക്കലാക്കിയതെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ നിഗമനം. യു പിയിലും ബിഹാറിലും മറ്റും അനധികൃത തോക്ക് നിര്‍മാണ ഫാക്ടറികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ ഡല്‍ഹി തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ മീററ്റിലെ ഒരു അനധികൃത തോക്ക് നിര്‍മാണ ഫാക്ടറി കണ്ടെത്തി തകര്‍ക്കുകയും ഡല്‍ഹിയില്‍ ആയുധങ്ങള്‍ എത്തിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അയല്‍ സംസ്ഥാനത്തുനിന്ന് മൂവായിരം രൂപക്ക് തോക്കുവാങ്ങി ഡല്‍ഹിയില്‍ 10,000-35,000 രൂപക്ക് വിറ്റിരുന്നതായി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ ഒരാള്‍ പോലീസിനോടു സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ വടിവാള്‍, ശൂലം, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ആയുധങ്ങളുടെ സ്ഥാനം ഇനി തോക്കുകള്‍ കൈയടക്കുന്നുവെന്നതിലേക്കുള്ള സൂചനയായി വേണം ഇതിനെ കാണാന്‍.
സംഘര്‍ഷ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത വെടിയുണ്ടകളൊന്നും പോലീസിന്റേതാണെന്ന് ഇതുവരെ ആരും അവകാശവാദമുന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അല്ലെങ്കിലും ഹിന്ദുത്വ തേര്‍വാഴ്ചയുടെ ആദ്യ മണിക്കൂറുകളില്‍ പ്രദേശത്ത് കാര്യമായ പോലീസ് സാന്നിധ്യമുണ്ടായിരുന്നില്ലല്ലോ. സ്ഥലത്തുണ്ടായിരുന്ന ചുരുക്കം പോലീസുകാരാകട്ടെ കാഴ്ചക്കാരായി മാറിനില്‍ക്കുകയോ അക്രമകാരികളുടെ സഹായികളായി വര്‍ത്തിക്കുകയോ ആയിരുന്നു. ഡല്‍ഹി പോലീസ് മുന്‍ മേധാവി അജയ് ശര്‍മ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമമായ “ദ വയറു”മായുള്ള അഭിമുഖത്തില്‍ പറഞ്ഞത് “അക്രമികള്‍ കടകള്‍ക്ക് തീവെക്കുമ്പോള്‍ പോലീസുകാര്‍ മുസ്‌ലിംകളെ ലാത്തികൊണ്ടടിച്ചു ഭീഷണിപ്പെടുത്തി ദേശീയ ഗാനം ചൊല്ലിക്കുകയായിരുന്നു”വെന്നാണ്. ഡല്‍ഹി പോലീസ് വര്‍ഗീയതക്ക് കൂട്ടുനില്‍ക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ബി ജെ പി നേതാവ് കപില്‍ മിശ്ര പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരക്കാരെ അക്രമിക്കാന്‍ അണികളെ പ്രേരിപ്പിക്കുന്ന വിദ്വേഷ പ്രസംഗം നടത്തുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് സമീപമുണ്ടായിരുന്ന ഡല്‍ഹി വടക്കു കിഴക്കന്‍ പോലീസ് മേധാവി വേദ് പ്രകാശ് സൂര്യ പ്രസംഗം തടയാന്‍ ശ്രമിക്കാതെ താത്പര്യപൂര്‍വം അത് കേട്ടുനിന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അജയ് ശര്‍മയുടെ ഈ പ്രതികരണം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പോലീസിന്റെ വര്‍ഗീയത വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ബുധന്‍ വരെയുള്ള നാല് ദിവസങ്ങളിലായി അരങ്ങേറിയ ഹിന്ദുത്വ ഭീകര താണ്ഡവത്തിനിടെ സഹായമാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകളിലേക്ക് വന്ന ഫോണ്‍ കോളുകളില്‍ ഒന്നില്‍ പോലും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന റിപ്പോര്‍ട്ടും പോലീസിന്റെ വര്‍ഗീയ സ്വഭാവം തുറന്നു കാണിക്കുന്നു. ഈ നാല് ദിവസങ്ങളിലായി ഡല്‍ഹിയിലെ രണ്ട് സ്റ്റേഷനുകളിലേക്കായി 13,200 സഹായാഭ്യര്‍ഥനകള്‍ വന്നതായി കണക്കുകള്‍ കാണിക്കുന്നു. പരാതികള്‍ രേഖപ്പെടുത്തുന്ന ഷീറ്റുകളില്‍ പരാതികളുടെ വിവരങ്ങളും അതിനു നേരെ ഇക്കാര്യത്തില്‍ പോലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് രേഖപ്പെടുത്താനുള്ള പ്രത്യേക കോളവുമുണ്ടാകും. രണ്ടാമത് കോളത്തില്‍ ഒന്നില്‍ പോലും പോലീസ് നടപടി സ്വീകരിച്ചതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് എന്‍ ഡി ടി വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വെടിവെപ്പ്, വാഹനങ്ങളും വീടുകളും തകര്‍ക്കല്‍, തീവെച്ചു നശിപ്പിക്കല്‍, കല്ലേറ് തുടങ്ങിയ അക്രമങ്ങളെക്കുറിച്ചാണ് പോലീസ് സ്റ്റേഷനിലേക്ക് വന്ന പരാതികളിലേറെയും. ഹിന്ദുത്വ ഭീകരര്‍ മണിക്കൂറുകളോളം അഴിഞ്ഞാടിയ ശിവ് വിഹാറിലെ രാജ്ധാനി പബ്ലിക് സ്‌കൂള്‍ ഉടമ ഫൈസല്‍ ഫാറൂഖ് സ്റ്റേഷനിലേക്ക് നിരവധി തവണ വിളിച്ചിട്ടും, വളരെ വൈകി അക്രമികള്‍ സ്‌കൂളും സാമഗ്രികളും ഏതാണ്ടെല്ലാം നശിപ്പിച്ചു കഴിഞ്ഞ ശേഷമാണ് പോലീസ് എത്തിയത്. ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ ഒത്താശയോടെ അരങ്ങേറിയ ഒരു തേര്‍വാഴ്ചയില്‍ പോലീസുദ്യോഗസ്ഥര്‍ കൃത്യവിലോപം കാണിച്ചില്ലെങ്കിലല്ലേ അത്ഭുതം.

Latest