Connect with us

Articles

വംശീയ വിരുദ്ധമാണ് ഗാന്ധി വഴികള്‍

Published

|

Last Updated

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ആദ്യമായി പോയത് മഹാത്മാ ഗാന്ധിയുടെ ഓര്‍മകള്‍ ജ്വലിച്ചു നില്‍ക്കുന്ന സബര്‍മതി ആശ്രമത്തിലേക്കായിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ ആശ്രമത്തിലേക്ക് ആനയിച്ചതാകട്ടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇതില്‍ എന്താണിത്ര സവിശേഷത എന്നാകും ചോദിക്കാനുണ്ടാകുക.

ഗാന്ധിജി, ട്രംപ്, മോദി… ഈ മൂന്ന് പേരുടെയും സാമൂഹിക, രാഷ്ട്രീയ നിലപാടുകളിലൂടെ കടന്നു പോകുമ്പോഴാണ് ഈ സന്ദര്‍ശനത്തിലെ വൈരുധ്യം നമുക്ക് അനുഭവപ്പെടുക. ഗാന്ധിജി പുലര്‍ത്തിയിരുന്ന സാമൂഹിക, രാഷ്ട്രീയ നിലപാടുകളുമായി മോദിയും ട്രംപും സ്വീകരിച്ചു വരുന്ന നിലപാടുകള്‍ എത്രത്തോളം സമരസപ്പെടുന്നു എന്ന് കൂടെ വിലയിരുത്തേണ്ടതുണ്ട്. ഗാന്ധിജിയെ രാഷ്ട്ര പിതാവായും ചരിത്ര പുരുഷനായും അവതരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചരിത്ര വസ്തുതകളാണിവ.
ട്രംപ് സ്വീകരിച്ചു പോരുന്ന തീവ്ര വലതുപക്ഷ വംശീയ നിലപാടുകള്‍ ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ആയുധ വിപണിയും ഹിംസാത്മക രാഷ്ട്രീയ നിലപാടുകളും ശക്തിപ്പെടുത്തി, മൂന്നാം ലോക രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്ക വിതക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങള്‍ ലോകത്തെയാകമാനം ആശങ്കപ്പെടുത്തുന്നുണ്ട്.

ആഭ്യന്തര കൊളോണിയലിസം ശക്തിപ്പെടുത്തുന്നതിലാണ് മോദിയുടെ ശ്രദ്ധ. നൂറ്റാണ്ടുകളായി ബഹുസ്വര സാമൂഹിക ജീവിതം പുലര്‍ത്തി പോരുന്ന ജനതയെ ഏക ശിലാപരമായ ജീവിതാവസ്ഥയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുന്ന സങ്കുചിത ഭരണ വ്യവസ്ഥയായി മോദി നേതൃത്വം നല്‍കുന്ന സംഘ്പരിവാര്‍ ഭരണകൂടം മാറിയിട്ടുണ്ട്. എന്‍ ആര്‍ സിയിലൂടെയും സി എ എയിലൂടെയും നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഈ സങ്കുചിത രാഷ്ട്രീയ മോഹങ്ങളാണ്. വംശീയത മുറ്റി നില്‍ക്കുന്ന ഈ ഭരണകര്‍ത്താക്കള്‍ മഹാത്മാ ഗാന്ധി എന്ന ബഹുസ്വരതയുടെ മഹാ പ്രചാരകനെ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും മികച്ച ആയുധമായി തിരഞ്ഞെടുക്കുന്നു എന്നത് ജനാധിപത്യ മതേതര വിശ്വാസികളെ ആകുലപ്പെടുത്തേണ്ടതുണ്ട്.

ബഹുസ്വര സമൂഹത്തെ എങ്ങനെ അഭിസംബോധന ചെയ്യണം എന്ന കാര്യത്തില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നല്ലോ ഗാന്ധിജി. ഒരു ഹിന്ദു മത വിശ്വാസിയായി ജീവിക്കുമ്പോള്‍ തന്നെ, രാഷ്ട്രീയവും സാമൂഹികവുമായ തന്റെ നിലപാടുകളിലേക്ക് ഇതര മത വിശ്വാസികളെ അടുപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഗാന്ധിജിയുടെ ഏറ്റവും വലിയ വിജയമായിരുന്നു. വിശ്വാസപരമായ ഭിന്നതകളെ രാജ്യത്തിന്റെ അഖണ്ഡതക്കു പോറലേല്‍പ്പിക്കുന്ന വൈകാരിക പ്രത്യയശാസ്ത്ര പുണരലുകളായി കാണാതെ സാംസ്‌കാരിക വൈവിധ്യങ്ങളായി ഗണിച്ച് വിയോജിപ്പുകള്‍ക്കിടയിലെ യോജിപ്പുകളെ ഏറ്റവും വിജയകരമായി നടപ്പാക്കിയ രാഷ്ട്ര നിലപാടുകളായിരുന്നു ഗാന്ധിജിയുടേത്.
വിഭിന്ന മത വിശ്വാസങ്ങള്‍, ജാതി വ്യവസ്ഥ, സാമൂഹിക അനീതി, സാമ്പത്തിക അസമത്വം എന്നിവയെല്ലാം ലോക രാഷ്ട്രീയ ക്രമങ്ങളില്‍ ഇന്നും അപരിഹാര്യ സമസ്യകളായി തുടരുന്ന കാര്യങ്ങളാണ്. സാമൂഹിക ഉന്നമനവും സാംസ്‌കാരിക തികവും കൈവരിച്ചു എന്ന് കൊട്ടിഘോഷിക്കുന്ന സമകാലിക സാഹചര്യത്തില്‍ പോലും ഈ ഭിന്നതകള്‍ മനസ്സുകള്‍ക്കിടയില്‍ വലിയ മതിലുകള്‍ രൂപപ്പെടുത്തി കൊണ്ടിരിക്കുന്നു. മതം മാനദണ്ഡമാക്കി പൗരത്വം തീരുമാനിക്കപ്പെടുകയും ജാതീയതയുടെ പേരില്‍ ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ അവസ്ഥയെ ലോകം ഇന്ന് ശരിക്കും കാണുന്നുണ്ട്. സംഘ്പരിവാര്‍ അധികാര പ്രവേശനത്തോടെ ശക്തിപ്പെട്ട ചങ്ങാത്ത മുതലാളിത്തം ഇന്ത്യന്‍ കോര്‍പറേറ്റുകളെ ശക്തിപ്പെടുത്തുകയും അതി ഭീകരമായി സാമ്പത്തിക അസമത്വം വിളിച്ചു വരുത്തുകയും ചെയ്തിട്ടുണ്ട്. ഗാന്ധിജി എന്ന പേരിനെയും വ്യക്തിയെയും ആഘോഷമാക്കുന്നവര്‍ ഉള്‍വഹിക്കാന്‍ വിട്ടുപോകുന്ന ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി ഇവിടെയാണ് തിരിച്ചറിയേണ്ടത്.

വിദേശ സാമ്രാജ്യത്വ ശക്തികളുടെ വിടവാങ്ങലിനു ശേഷം ശക്തിപ്പെട്ട ആഭ്യന്തര കൊളോണിയലിസം, യാതൊരു മാറ്റവുമില്ലാതെ തുടരുന്ന സാമൂഹിക അസമത്വം, മതേതര മൂല്യങ്ങള്‍ക്കും ബഹുസ്വര സംവിധാനങ്ങള്‍ക്കും നേരെ ഭീകരമായി ഉയരുന്ന ഏകശിലാപരമായ പ്രഖ്യാപനങ്ങള്‍… സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നേര്‍ചിത്രങ്ങള്‍ ഇതെല്ലാമായി മാറിയിട്ടുണ്ടല്ലോ. പക്ഷേ, സ്വാതന്ത്ര്യാനന്തര ഭാരതത്തെ കുറിച്ച് ഗാന്ധിജിക്ക് ചില സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബഹുസ്വരതയില്‍ തീര്‍ത്ത ദേശീയതയും ഏറ്റവും താഴേ തട്ടിലുള്ളവരുടെ കണ്ണീര്‍ പോലും പ്രമേയമാക്കുന്ന സാമൂഹികാവസ്ഥയും രൂപം നല്‍കുന്ന ഒരു രാഷ്ട്രത്തെ കുറിച്ചുള്ളതായിരുന്നു ആ സ്വപ്‌നം. പക്ഷേ, ഗാന്ധിജിയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പുതിയ പ്രഖ്യാപനങ്ങളിലൂടെ ഗാന്ധിജി ഒരിക്കല്‍ പോലും നിര്‍വചിക്കാത്ത വിധത്തില്‍ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ സംഘ്പരിവാര്‍ ഇന്ത്യയില്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുടെ രാമരാജ്യം എന്ന പേരില്‍ ഫാസിസ്റ്റ് ശക്തികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ പദ്ധതികള്‍ ഇതിന്റെ ഭാഗമായി വേണം മനസ്സിലാക്കാന്‍.

ദൈവനാമങ്ങളും മന്ത്രോച്ചാരണങ്ങളും ഇതര വിശ്വാസി സമൂഹങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അതില്‍ വിസമ്മതം പ്രകടിപ്പിക്കുന്നവരെ തല്ലിക്കൊല്ലുകയും ചെയ്യുന്ന സംസ്‌കാരം ആധുനിക സമൂഹത്തിന് ഏറ്റവും അപമാന കൃത്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഹിന്ദു എന്ന വിശാല താത്പര്യം മുന്നോട്ടു വെക്കുകയും കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സംഘ്പരിവാര്‍ ഭരണകൂടം രാഷ്ട്രപിതാവിന്റെ ജീവിതത്തില്‍ നിന്ന് ധാരാളം പഠിക്കേണ്ടതുണ്ട്.

വ്യക്തി താത്പര്യങ്ങളെ രാജ്യ താത്പര്യവുമായി കൂട്ടിക്കെട്ടാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. തന്റെ സമകാലികരായ രാഷ്ട്രീയ നേതാക്കളുമായി ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായ നിരവധി വിഷയങ്ങളില്‍ അംബേദ്കറും നെഹ്‌റുവും ഉള്‍ക്കൊള്ളുന്ന ബൗദ്ധിക നേതൃത്വത്തോട് ഗാന്ധിജി ഇടക്കിടെ ഇടയാറുണ്ടായിരുന്നു. പക്ഷേ, രാജ്യ താത്പര്യങ്ങളെ പരിഗണിക്കുമ്പോള്‍ വ്യക്തി താത്പര്യങ്ങള്‍ക്ക് യാതൊരു വിലയും അദ്ദേഹം നല്‍കിയില്ല. ഹിന്ദു മതത്തിലെ ജാതി സമ്പ്രദായത്തിന്റെ പേരില്‍ ഗാന്ധിജിയും അംബേദ്കറും ആശയപരമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഹിന്ദു മതത്തിലെ ആഭ്യന്തര പ്രശ്‌നമായി ഗാന്ധിജി ജാതിവ്യവസ്ഥയെ കണ്ടപ്പോള്‍ ജാതി തന്നെയാണ് ഹിന്ദു മതം എന്ന് അംബേദ്കര്‍ വാദിച്ചു. രമ്യതയിലെത്താതെ ഇരുവരുടെയും വാദഗതികള്‍ നീണ്ടു പോയെങ്കിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ അംബേദ്കറെ പ്രഥമ സര്‍ക്കാറിലെടുക്കാന്‍ നെഹ്‌റുവിനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയത് ഗാന്ധിജിയായിരുന്നു എന്നത് പ്രത്യേകം സ്മരിക്കേണ്ട രാഷ്ട്രീയ തീരുമാനമാണ്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും സഹയാത്രികരെ ചേര്‍ത്തു നിര്‍ത്താനും അതി ദേശീയതാവാദികളായ സമകാലിക ഭരണകൂടം കാണിക്കുന്ന വ്യഗ്രതയില്‍ രാഷ്ട്രതാത്പര്യം ഒട്ടുമില്ല എന്നതാണ് യാഥാര്‍ഥ്യം.
ഗാന്ധിജി ഉള്‍ക്കൊണ്ടിരുന്ന മൂല്യങ്ങളുമായും വിശ്വാസ പ്രമാണങ്ങളുമായും തീരെ യോജിച്ചു പോകാത്ത പ്രകൃതക്കാരായിട്ടും നെഹ്‌റുവിനെയും അംബേദ്കറിനെയും പോലുള്ള പക്വമതികളായ നേതാക്കന്മാരെ രാജ്യ നേതൃത്വത്തിലേക്ക് നിര്‍ദേശിച്ചതില്‍ നിന്നും ഗാന്ധിജിയുടെ വ്യക്തി താത്പര്യവും രാജ്യ താത്പര്യവും നമുക്ക് വിവേചിച്ചു മനസ്സിലാക്കാം.

ഡല്‍ഹി കലാപത്തിലുള്‍പ്പെടെ, സംഘ്പരിവാര്‍ ഭരണ കൂടം സംഘര്‍ഷ പ്രിയരായ തങ്ങളുടെ അനുയായികളെ സംരക്ഷിക്കുന്നതും ന്യായീകരിക്കുന്നതും കാണുമ്പോള്‍ ഗാന്ധിജിയെ കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്ക് യാതൊരു അര്‍ഹതയുമില്ല എന്ന് ബോധ്യമാകും.
വിവിധ മതങ്ങളും ആശയ സംഹിതകളും ഭാഷാ വൈവിധ്യങ്ങളും അലങ്കാരം ചാര്‍ത്തുന്ന സാമൂഹിക വ്യവസ്ഥയാണ് ഇന്ത്യ എന്ന ആശയത്തെ രൂപപ്പെടുത്തിയതും നിലനിര്‍ത്തുന്നതും. ഈ കാര്യത്തില്‍ ഗാന്ധിജിക്കു ഉത്തമ ബോധ്യമുണ്ടായിരുന്നു. ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എത്തിയത് മുതല്‍ കൃത്യമായ മതേതര സ്വഭാവം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. അഹിംസയിലൂന്നിയ സമര പരീക്ഷണങ്ങളുടെ പേരില്‍ മറ്റു പല സമര സഖാക്കളുമായി പിണങ്ങേണ്ടി വന്നെങ്കിലും മതേതര മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിലും മത സൗഹാര്‍ദം സംരക്ഷിക്കുന്നതിലും ഗാന്ധി സ്വീകരിച്ച നിലപാടുകള്‍ ഏവരാലും പ്രശംസിക്കപ്പെട്ടു. 1947നു ശേഷം ഇന്ത്യ-പാക്കിസ്ഥാന്‍ എന്നീ രണ്ട് ദേശങ്ങള്‍ രൂപം കൊണ്ടപ്പോഴും ദേശാതിരുകള്‍ക്കപ്പുറം മാനവികതയെ പുണരുന്ന സൗഹാര്‍ദ മനസ്സ് ഗാന്ധിജി കാത്തു സൂക്ഷിച്ചു. സംഘ് പരിവാരം ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജന്‍ഡയുടെ എതിര്‍ചേരിയില്‍ നിലകൊണ്ടു എന്നതാണ് പിന്നീട് ഗാന്ധി വധത്തില്‍ കലാശിച്ചത് എന്ന് നമുക്കറിയാം. മത വിഭാഗീയതക്കപ്പുറം മാനവിക സൗഹാര്‍ദം പ്രചരിപ്പിച്ച ഒരു വ്യക്തിത്വം രാഷ്ട്രപിതാവ് പദവി അലങ്കരിക്കുന്ന ഒരു രാജ്യത്ത് വിഭാഗീയതയുടെ വിഷവാക്കുകള്‍ മാത്രമുരുവിടുന്ന ഒരു സങ്കുചിത ഭരണകൂടം തങ്ങളുടെ കുടില ചിന്തകളുമായി മുന്നോട്ടു പോകുന്നതിലെ അനൗചിത്യം വ്യക്തമാണ്.

സാലിഹ് മാളിയേക്കല്‍
salihm27@gmail.com

---- facebook comment plugin here -----

Latest