Connect with us

Kozhikode

മർകസ് പ്രതിനിധി സംഘം ഡൽഹിയിലെ സംഘർഷ മേഖല സന്ദർശിച്ചു; കൺട്രോൾ റൂം തുറന്നു

Published

|

Last Updated

ന്യൂഡൽഹി | മുസ്‌ലിംകൾക്കെതിരെ വംശഹത്യ നടന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മർകസ് ദേശീയ പ്രതിനിധി സംഘം സന്ദർശനം നടത്തി. ഖർദൻപുരി, ഗോകുൽ പുരി, മുസ്തഫാബാദ്‌, ജാഫാറാബാദ്, ചന്ദ്ബാദ് എന്നീ സ്ഥലങ്ങളിൽ സന്ദർശിച്ച സംഘം മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും  പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്നവരെ  സന്ദർശിച്ചു സമാശ്വസിപ്പിക്കുകയും ചെയ്‌തു. വീടും കുടുംബവും നഷ്ടപ്പെട്ടു ബന്ധുവീടുകളിൽ കഴിയുന്നവർക്ക് സംഘം സഹായം വാഗ്‌ദാനം ചെയ്‌തു.
വീടുകൾ തീയിടുകയും, ഇവിടെ ആളുകൾ പ്രധാനമായും ഉപജീവനമാർഗമായി കണ്ടിരുന്ന ഉന്തുവണ്ടികൾ, തട്ടുകടകൾ എല്ലാം തീയിട്ട അവസ്ഥയിലാണ്.  മുസ്‌ലിം കടകളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ചു തീകൊളുത്തുകയായിരുന്നുവെന്നു ഓരോ പ്രദേശത്തെയും ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നുവെന്ന് സംഘത്തിന് നേതൃത്വം നൽകിയ മർകസ് എഡ്യൂക്കേഷണൽ പ്രോജക്ട് ഡൽഹി ചെയർമാൻ  ശാഫി നൂറാനി പറഞ്ഞു.  ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഉള്ളതെന്നും ഇന്ന് മുതൽ മർകസ് ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ഉപകരണങ്ങളും ഈ പ്രദേശങ്ങളിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് ഡൽഹി കോഡിനേറ്റർ  നൗഷാദ്‌ സഖാഫി,  ഡോ.ഖാദർ നൂറാനി, നൗഫൽ ഖുദ്‌റാൻ, സാദിഖ് നൂറാനി, ശാഹിദ് നിസാമി, അബ്‌ദുറഹ്‌മാൻ ബുഖാരി സംബന്ധിച്ചു.

സഹായം ആവശ്യമുള്ളവർക്ക് വേണ്ടി മർകസ് കൺട്രോൾറൂം തുടങ്ങി: നമ്പർ: 94004 00074.

ഫോട്ടോ:നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കലാപത്തിനിരയായവരെ  മർകസ് പ്രതിനിധികൾ സന്ദർശിച്ചു സമാശ്വസിപ്പിക്കുന്നു
നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ചന്ദ് ബാഗിൽ തീകൊളുത്തിയ മഖ്‌ബറ മർകസ് പ്രതിനിധികൾ സന്ദർശിക്കുന്നു

 

Latest