Connect with us

National

അശോക് നഗറിൽ മുസ്‌ലിം വീടുകളിലെ തീയണച്ചത് ഹിന്ദു അയൽവാസികൾ

Published

|

Last Updated

ന്യൂഡൽഹി | വടക്കുകിഴക്കൻ ഡൽഹിയിലെ അശോക് നഗറിലെ ബഡി മസ്ജിദിന് തീയിട്ടത് പ്രദേശത്തെ സാമുദായിക സൗഹാർദത്തിൽ വലിയ വിള്ളലാണ് ഉണ്ടാക്കിയതെന്ന് പ്രദേശവാസികൾ. അധികം പ്രായമില്ലാത്തവരായിരുന്നു അക്രമിസംഘമെന്നും കുട്ടികൾവരെയുണ്ടായിരുന്നുവെന്നും പ്രദേശവാസിയായ പ്രതീക് ചൗഹാൻ പറഞ്ഞു. അവർ അക്രമികളാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ തങ്ങൾ തടയുമായിരുന്നുവെന്നും ചൗഹാൻ പറഞ്ഞു. ഹിന്ദുത്വ ഭീകരവാദികൾ മുസ്‌ലിം വീടുകൾ തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കിയപ്പോൾ അയൽവാസികളായ ഹിന്ദു സഹോദരന്മാരാണ് തീയണച്ചത്.

മസ്ജിദ് അക്രമിസംഘം കത്തിച്ചയുടനെ പോലീസെത്തി പ്രദേശത്തെ മുസ്‌ലിം കുടുംബങ്ങളോട് അവിടെ നിന്ന് മാറാനും പോലീസ് സ്റ്റേഷനിലേക്ക് പോകാനും പറഞ്ഞു. അതുപ്രകാരം മുസ്‌ലിം കുടുംബങ്ങൾ വീട്ടിൽ നിന്നിറങ്ങി സ്റ്റേഷനിലെത്തി. സ്റ്റേഷനിലിരിക്കെ അയൽവാസികളുടെ ഫോൺവിളിയെത്തി. വീടുകൾ അക്രമിസംഘം നശിപ്പിക്കുന്നുവെന്നാണ് അയൽവാസികൾ ഇവരെ അറിയിച്ചത്. ഉടനെ സ്ഥലത്ത് എത്തിയെങ്കിലും മുസ്‌ലിം വീടുകളെല്ലാം തീയിട്ടിരുന്നു.

അയൽവാസികൾ ഏറെ സ്‌നേഹമുള്ളവരാണെന്നും പരസ്പര ബഹുമാനത്തോടെയാണ് പെരുമാറാറുള്ളതെന്നും അക്രമികൾ വീടുകൾക്ക് തീയിട്ടപ്പോൾ ഇവരാണ് അണച്ചതെന്നും ബീൽക്കീസ് ബാനു എന്ന ഗൃഹനാഥ പറഞ്ഞു. തീവെപ്പിൽ ഇവരുടെ രേഖകളെല്ലാം നശിച്ചു. പണവും കൊള്ളയടിച്ചു. അധികൃതർ രേഖകൾ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ അതെല്ലാം അഗ്നിക്കിരയായെന്നും ഇവർ പറയുന്നു.