Connect with us

National

തീയെരിയുമ്പോൾ ജനപ്രതിനിധികൾ എവിടെയായിരുന്നു?

Published

|

Last Updated

ന്യൂഡൽഹി | വടക്കുകിഴക്കൻ ഡൽഹിയിൽ ഭീകരവാഴ്ച നടന്ന പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെ അസാന്നിധ്യം ചർച്ചയാകുന്നു. ഒരു പാർലിമെന്റ്മണ്ഡലവും ഏഴ് നിയമസഭാ മണ്ഡലങ്ങളുമുണ്ട് ആക്രമണമുണ്ടായ മേഖലയിൽ.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പോലും തേർവാഴ്ചയുടെ നാലാം ദിവസമായ ഇന്നലെ മാത്രമാണ് സ്ഥലം സന്ദർശിച്ചത്. അക്രമം രൂക്ഷമായിരുന്ന ചൊവ്വാഴ്ച എം എൽ എമാർക്കൊപ്പം രാജ്ഘട്ടിൽ പ്രാർഥനാ സംഗമം നടത്തുകയായിരുന്നു കെജ്‌രിവാൾ.

ഇന്നലെ രാവിലെയാണ് ബി ജെ പിയുടെ ഘോണ്ട എം എൽ എ അജയ് മഹാവർ ചാന്ദ്ബാഗിലെത്തിയത്. കൊല്ലപ്പെട്ട ഐ ബി ഉദ്യോഗസ്ഥന്റെ വീട് മഹാവർ സന്ദർശിച്ചു. ഈ മേഖലയിൽ വടക്കുകിഴക്കൻ ഡൽഹി ലോക്‌സഭാ മണ്ഡലവും ഗോകുൽപുരി, ബാബർപൂർ, മുസ്തഫബാദ്, സീലാംപൂർ, കരാവൽ നഗർ, ഘോണ്ട, തിലക്‌നഗർ നിയമസഭാ മണ്ഡലങ്ങളുമാണുള്ളത്. ലോക്‌സഭാ മണ്ഡലവും രണ്ട് നിയമസഭാ മണ്ഡലവും ബി ജെ പിയുടെ കൈയിലാണ്. അതേസമയം, ബാക്കി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും പ്രതിനിധികൾ എ എ പിയിൽ നിന്നുള്ളവരാണ്. ഇവരാരും അക്രമദിവസങ്ങളിൽ ഇവിടെയെത്തി സമാധാന ശ്രമമോ അക്രമികളെ പിന്തിരിപ്പിക്കുന്നതിനുള്ള എന്തെങ്കിലും നടപടിയോ സ്വീകരിച്ചില്ല.

ഭീകരവാഴ്ചയുടെ മൂന്നാം ദിവസം ചൊവ്വാഴ്ച രാവിലെയാണ് മുഖ്യമന്ത്രി കെജ്‌രിവാൾ അക്രമ ബാധിത പ്രദേശങ്ങളിലെ എം എൽ എമാരുടെ യോഗം വിളിച്ച് സമാധാന സംഘങ്ങൾ രൂപവത്കരിച്ചത്. നിരവധി ആംബുലൻസുകൾ തേർവാഴ്ച നടന്ന സ്ഥലങ്ങളിലേക്ക് അയച്ചുവെന്നും അവയുടെ സുഗമമായ പ്രവർത്തനത്തിന് എം എൽ എമാരെ ഏൽപ്പിച്ചുവെന്നുമാണ് എ എ പി പറയുന്നത്. ഒടുവിൽ കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഈ മേഖലകൾ സന്ദർശിക്കണമെന്നും ആത്മവിശ്വാസം കെട്ടിപ്പടുക്കണമെന്നും ഡൽഹി ഹൈക്കോടതിക്ക് വരെ ഇന്നലെ പറയേണ്ടിവന്നു. അതിന് ശേഷമാണ്, കെജ്‌രിവാളും എം എൽ എമാരും ഈ പ്രദേശങ്ങളിൽ സന്ദർശനത്തിന് തയ്യാറായത്.

Latest