Connect with us

National

ജമ്മു കശ്മീരില്‍ ചുമക്കുള്ള മരുന്നു കഴിച്ച 11 കുട്ടികള്‍ മരിച്ചു; കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ചുമ മാറുന്നതിനുള്ള മരുന്ന് കഴിച്ച 11 കുട്ടികള്‍ വൃക്കകള്‍ക്ക് അസുഖം ബാധിച്ച് മരിച്ചു. ഉദംപൂര്‍ ജില്ലയിലെ രാംനഗറിലാണ് സംഭവം. 2019 ഡിസംബറിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ കോള്‍ഡ് ബെസ്റ്റ് പി സി എന്ന മരുന്ന് കഴിച്ച കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരുന്ന് കഴിച്ച 17 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 11 പേരാണ് മരിച്ചത്.

മരുന്നില്‍ അടങ്ങിയിട്ടുള്ള ഡൈഥലിന്‍ ഗ്ലൈക്കോഡിന്റെ ആധിക്യമാണ് അപകടമുണ്ടാക്കിയത്. മരുന്ന് ആറ് മില്ലി വീതം 10 മുതല്‍ 12 വരെ ഡോസ് അകത്തു ചെന്നാല്‍ മരണത്തിനു സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഹിമാചല്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വിഷന്‍ ഫാര്‍മ എന്ന കമ്പനിയാണ് മരുന്ന് പുറത്തിറക്കിയിട്ടുള്ളത്. ഈ കമ്പനിയുടെ ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

മരുന്നിന്റെ 3400 ലേറെ ബോട്ടിലുകള്‍ വിറ്റുപോയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മരുന്ന് വാങ്ങിയവരെ കണ്ടെത്താന്‍ ശ്രമം നടന്നുവരികയാണ്. എന്നാല്‍ കോള്‍ഡ് ബെസ്റ്റ് പി സി കഴിച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന ആരോപണം കമ്പനിയുടമ കോണിക് ഗോയല്‍ നിഷേധിച്ചു.