Connect with us

National

മദ്യനയത്തിന്റെ കരട് തയ്യാര്‍: ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് പുതിയ മദ്യനയത്തിനുള്ള കരട് രേഖ തയ്യാറായി. സര്‍ക്കാര്‍ നേരത്തെ പറഞ്ഞതുപോലെ സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ചും പബ്ബുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും കരടില്‍ പറയുന്നില്ല. പുതിയ കരട് നിര്‍ദേശങ്ങള്‍ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭ ചര്‍ച്ച ചെയ്യും. അജന്‍ഡക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം ചൊവ്വാഴ്ച മന്ത്രിസഭയുടെ മുന്നില്‍ വരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് നില്‍ക്കേണ്ടെന്ന് കരുതിയാണ് തത്കാലം പബ്ബുകള്‍ തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടൂറിസം മേഖലയുടെ താത്പര്യവും ഐ ടി മേഖലയുടെ താത്പര്യവും പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ നേരത്തെ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറ്റില്‍ എതിര്‍പ്പുയര്‍ന്നു. ഈ സാഹചര്യത്തില്‍ തത്കാലം ഇപ്പോള്‍ പബ്ബുകള്‍ തുടങ്ങേണ്ടെന്ന് സി പി എം സര്‍ക്കാറിനോട് നിര്‍ദേശിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും കരടിലുണ്ട്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.

 

 

Latest