Connect with us

National

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സി എ എ പ്രതികൂലികളും അനുകൂലികളും ഏറ്റുമുട്ടി; പോലീസുകാരന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തെ (സി എ എ) എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഗോക്കല്‍പുരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ലാല്‍ ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹാദ്ര മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.

നിരവധി വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. വീടുകളും കടകളും ആക്രമിക്കപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പത്ത് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ഡല്‍ഹിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം ആശങ്കാജനകമാണെന്നും സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്നും ഡല്‍ഹി ലെഫ്‌നന്റ് ഗവര്‍ണറോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

സി എ എക്കെതിരെ ജാഫറാബാദിലും മോജ്പൂരിലും മറ്റുമായി
നടക്കുന്ന സമരത്തിന്റെ രണ്ടാം ദിവസമാണ് സംഘര്‍ഷമുണ്ടായത്. മോജ്പൂരിലെ സമര സ്ഥലത്തെത്തിയ സി എ എ അനുകൂലികള്‍ സമരക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു. കല്ലേറും മറ്റും ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കല്ലേറില്‍ മോജ്പൂരിലെ മെട്രോ സ്റ്റേഷന്റെ നിരവറി ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കെട്ടിടത്തിന്റെ മറ്റു ചില ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മോജ്പൂരിലെയും ജാഫറാബാദിലെയും മെട്രോ സ്റ്റേഷനുകള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അടച്ചു. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

ജാഫറാബാദില്‍ ശനിയാഴ്ചയാണ് 500ല്‍ അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന സി എ എ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. റോഡ് തടഞ്ഞാണ് സമരക്കാര്‍ പ്രതിഷേധം നടത്തുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ സമരക്കാരെ പോലീസ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സി എ എ അനുകൂല സംഘം ഇവിടേക്ക് എത്തിച്ചേരുകയായിരുന്നു. പിന്നീട് ഇരു സംഘവും തമ്മില്‍ ഏറ്റുമുട്ടി. “പോലീസിന് മൂന്നു ദിവസത്തെ അന്ത്യശാസനം നല്‍കുകയാണ്. അതിനു നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. അപ്പോള്‍ നിങ്ങളെ അനുസരിക്കാന്‍ ഞങ്ങള്‍ തയാറാകില്ലെന്ന് ഓര്‍മപ്പെടുത്തുകയാണ്.” മിശ്ര ട്വീറ്റ് ചെയ്തു.

Latest