Connect with us

Articles

വിപണി പിടിക്കും, പിഴിഞ്ഞൂറ്റും

Published

|

Last Updated

ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലേക്ക് വരുന്നത്. എന്നാല്‍ ബി ജെ പിക്കാര്‍ മാത്രമല്ല പല ദേശീയ മാധ്യമ പ്രമുഖരും ട്രംപിന് മോദിയെ വലിയ ഇഷ്ടമായതു കൊണ്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നതെന്നാണ് പറയുന്നത്. തീര്‍ച്ചയായും ട്രംപിന് മോദിയെ ഇഷ്ടം തന്നെയാണ്. എന്നാല്‍ മോദിയെ ട്രംപ് സ്‌നേഹിക്കുന്നത് ഇന്ത്യയിലെ അമേരിക്കന്‍ താത്പര്യങ്ങളുടെ വിനീതവിധേയനായ നടത്തിപ്പുകാരനായതുകൊണ്ടുമാത്രമാണെന്ന അപമാനകരമായ യാഥാര്‍ഥ്യത്തെയാണ് ഇവരൊന്നും കാണാതെ പോകുന്നത്. അല്ലെങ്കില്‍ കണ്ടിട്ടും മറച്ചുപിടിക്കുന്നത്.

ട്രംപ് നിസ്സാരനല്ല. “ട്രംപ് എംപയര്‍” എന്ന ബഹുരാഷ്ട്ര വ്യവസായ വ്യാപാര കുത്തക സ്ഥാപനത്തിന്റെ ഉടമയാണ്. ലോക മുതലാളിത്തത്തിന്റെ നായക സ്ഥാനത്തിരിക്കുന്ന ഈ അമേരിക്കന്‍ പ്രസിഡന്റ് വംശീയ ഭ്രാന്തന്‍ കൂടിയാണ്. ട്രംപിനെയും മോദിയെയും ഒരുപോലെ നയിക്കുന്നത് വംശീയ വിദ്വേഷ രാഷ്ട്രീയമാണ്. ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധനാണ്. ഇസ്‌ലാം വിരുദ്ധനാണ്. കുടിയേറ്റ വിരുദ്ധതയും ഇസ്‌ലാം വിരുദ്ധതയും ചേര്‍ന്ന ആംഗ്ലോസാംഗ്‌സണ്‍ വംശീയതയില്‍ അഭിരമിക്കുന്ന ട്രംപിനെ പോലെ മോദിയും ഇസ്‌ലാം വിരുദ്ധതയിലും കുടിയേറ്റ വിരുദ്ധതയിലുമധിഷ്ഠിതമായ ഹൈന്ദവ വംശാഭിമാനിയാണ്. ട്രംപ് മെക്‌സിക്കന്‍ അതിര്‍ത്തികളില്‍ വംശീയ ഭീകര സംഘങ്ങളെ ഇറക്കിവിട്ടും പോലീസിനെ ഉപയോഗിച്ചും പാവം കുടിയേറ്റക്കാരെ വേട്ടയാടുകയാണ്. ഇന്ത്യയില്‍ മോദിയും തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെ ഗോവധം പറഞ്ഞും പൗരത്വം പറഞ്ഞും വേട്ടയാടുകയാണ്. ഗുജറാത്ത് മുതല്‍ തുടരുന്ന വംശഹത്യകളുടെയും നരഹത്യകളുടെയും വര്‍ഗീയ വിദ്വേഷ രാഷ്ട്രീയമാണ് മോദിയുടെത്. മുസ്‌ലിംകളെയും കറുത്തവരെയും കുടിയേറ്റക്കാരെയും വെറുക്കുകയും ഹിംസാത്മകമായി കടന്നാക്രമിക്കുകയും ചെയ്യുന്ന വംശീയ രാഷ്ട്രീയമാണ് ട്രംപിനുമുള്ളത്. രണ്ട് പേരും മാനവികതക്കെതിരായ വംശീയ വിദ്വേഷ രാഷ്ട്രീയം പങ്കുവെക്കുന്ന ഒരേ തൂവല്‍ പക്ഷികളാണ്.
ട്രംപ് ഇന്ത്യയിലേക്ക് വരുന്നത് രാജ്യത്തിന്റെ സൗന്ദര്യം കാണാനും മഹിമ ആസ്വദിക്കാനുമല്ല. അഹമ്മദാബാദിലെ പോലെ തന്നെ ചേരികളും ഭവനരഹിതരും സമൃദ്ധമായ രാജ്യമായി ട്രംപിന്റെ അമേരിക്ക മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ആര്‍ക്കും അറിയാത്തതല്ലല്ലോ. ലിബറല്‍ സമൂഹത്തിന്റെ മഹോന്നത മാതൃകയായവതരിപ്പിക്കുന്ന അമേരിക്ക കടുത്ത വംശീയതയുടെയും സ്ത്രീവിരുദ്ധതയുടെയും ദാരിദ്ര്യത്തിന്റെയും നാടായി അധഃപതിച്ചിരിക്കുന്നു. റീഗന്റെ കാലം മുതല്‍ ആരംഭിച്ച നവലിബറല്‍ നയങ്ങള്‍ ട്രംപിലെത്തി നില്‍ക്കുമ്പോള്‍ അമേരിക്കന്‍ സമ്പദ്ഘടന അപരിഹാര്യമായ പതനത്തിലാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും അമേരിക്കന്‍ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.

2008ലാരംഭിച്ച മുതലാളിത്ത പ്രതിസന്ധി അപരിഹാര്യമായി തുടരുകയാണ്. ആഗോളവത്കരണത്തിന്റെ സവിശേഷതയായ അനിയന്ത്രിതമായ കോര്‍പറേറ്റ് ശക്തിയും ചെലവ് ചുരുക്കല്‍ നടപടികളും ജനങ്ങളെ പാപ്പരീകരിക്കുകയും സമ്പദ്ഘടനയെ തകര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്. ആഗോളവത്കരണത്തിന്റെയും സ്വതന്ത്ര വിപണി വാദത്തിന്റെയും വക്താക്കളായിരുന്ന അമേരിക്ക ട്രംപിലെത്തുമ്പോള്‍ കടുത്ത ദേശീയ സങ്കുചിതത്വം ഇളക്കിവിടുകയാണ്. ആഗോളവത്കരണത്തിന്റെ ആസൂത്രകരും കാര്‍മികരുമായി ലോക ജനതയെ പിഴിഞ്ഞൂറ്റാനിറങ്ങിപ്പുറപ്പെട്ടവര്‍ ഇപ്പോള്‍ പ്രൊട്ടക്്ഷനിസം പറയുകയാണ്, അതായത് വിപണി സംരക്ഷണവാദം. 2018ല്‍ യു എന്‍ അസംബ്ലിയില്‍ ട്രംപ് നടത്തിയ പ്രസംഗം അമേരിക്ക സ്വീകരിച്ചിരിക്കുന്ന സങ്കുചിതമായ സംരക്ഷണവാദത്തിന്റെ നയപ്രഖ്യാപനം കൂടിയായിരുന്നു. ട്രംപ് നിര്‍ലജ്ജം പ്രഖ്യാപിച്ചത് അമേരിക്ക ഭരിക്കുന്നത് അമേരിക്കക്കാര്‍ തന്നെയാണെന്നും തങ്ങള്‍ ആഗോള സിദ്ധാന്തങ്ങളെ നിരാകരിച്ച് ദേശാഭിമാനത്തിന്റെ പ്രമാണങ്ങള്‍ സ്വീകരിക്കുന്നുവെന്നുമാണ്. മോദിയെ പോലെ ട്രംപും ദേശീയതയെ തിളപ്പിച്ചെടുത്താണ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നത്. വംശീയത ഇളക്കിവിട്ടാണ് നവലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടുന്നത്.
അപ്പോള്‍ ട്രംപ് ഇന്ത്യയിലേക്ക് വരുന്നത് അപരിഹാര്യമായ വ്യാപാര പ്രതിസന്ധിയിലും സാമ്പത്തിക കുഴപ്പത്തിലും പെട്ട് നട്ടംതിരിയുന്ന അമേരിക്കന്‍ സമ്പദ്ഘടനക്കാവശ്യമായ വിപണി ഉറപ്പിക്കാനാണെന്നതാണ് യാഥാര്‍ഥ്യം. അമേരിക്കന്‍ കോര്‍പറേറ്റ് ഹൗസുകളുടെ ഇംഗിതമനുസരിച്ചാണ് ട്രംപ് ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യയുമായി വലിയ വ്യാപാര കരാറിലെത്താനുള്ള ഗ്രീന്റൂം ആലോചനകള്‍ക്കാണ് ട്രംപിന്റെ സന്ദര്‍ശനം വഴിയൊരുക്കുകയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അമേരിക്കക്ക് അനുകൂലമായ വ്യാപാര കരാറുകള്‍ക്കാണ് ട്രംപിന്റെ സന്ദര്‍ശനം വഴി പരിസരമൊരുക്കിയെടുക്കുന്നത്. ഇന്ത്യയെ സഹായിക്കുന്നതോ ശക്തിപ്പെടുത്തുന്നതോ ഒന്നും തന്നെ അമേരിക്കയില്‍ നിന്നും ട്രംപില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്ര വിദേശ നയത്തെയും അപ്രസക്തമാക്കുന്ന ധാരണകള്‍ക്കും ഉടമ്പടികള്‍ക്കും വേണ്ടിയാണ് അമേരിക്ക നീക്കങ്ങള്‍ നടത്തുന്നത്.
ഇന്നത്തെ സാര്‍വദേശീയ സാഹചര്യത്തില്‍ ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി മാറ്റാനുള്ള തീവ്രമായ സമ്മര്‍ദങ്ങളാണ് അമേരിക്ക നടത്തുക. അതിന്റെ മുന്നോടിയായാണ് നേരത്തേ തന്നെ അമേരിക്കന്‍ സെനറ്റില്‍ ഇന്ത്യയിലേക്കുള്ള ആയുധ കയറ്റുമതി ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്തിയത്. അമേരിക്കയുടെ ആയുധ കയറ്റുമതി നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ആയുധ വ്യാപാരത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന പരിഗണന ഇന്ത്യക്ക് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചത്. യു പി എ കാലത്തുണ്ടാക്കിയ പ്രതിരോധ ചട്ടക്കൂട് കരാറും ആണവ കരാറും മോദി സര്‍ക്കാര്‍ ഒപ്പുവെച്ച വിവരവിനിമയ-പൊരുത്ത-സുരക്ഷാ കരാറും (കോംകാസ) ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കി അധഃപതിപ്പിക്കുന്നതാണ്.

വലിയ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ യുദ്ധോപകരണ നിര്‍മാണ വ്യവസായത്തെ രക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യ- അമേരിക്കന്‍ ബന്ധങ്ങളെ വിപുലപ്പെടുത്തുകയെന്ന് നാമകരണം ചെയ്തിരിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിറകിലുള്ളത്. മോദി സര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ അധികാരത്തില്‍ വന്ന ഉടനെ ലക്ഷക്കണക്കിന് കോടി രൂപയുടെ പ്രതിരോധ സംഭരണം നടത്താന്‍ തീരുമാനിച്ചത് അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് കൂടി വഴിപ്പെട്ടാണ്. പ്രതിരോധ വ്യവസായരംഗം സ്വകാര്യവത്കരിക്കാനും ഈ മേഖലയില്‍ 51 ശതമാനത്തില്‍ അധികം വിദേശ നിക്ഷേപം സ്വീകരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ദേശരക്ഷയെയും പരമാധികാരത്തെയും അപകടപ്പെടുത്തുന്നതാണ് ഇത്തരം നീക്കങ്ങള്‍. കോംകാസ കരാര്‍ ഒപ്പിട്ടതോടെ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് ഇന്ത്യ അതിന്റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും വിട്ടുകൊടുക്കാന്‍ ബാധ്യസ്ഥമാകും. ഇപ്പോള്‍ ഇന്ത്യയുടെ നാവിക സേനാ ആസ്ഥാനവും യു എസ് പെസഫിക് കമാന്‍ഡും വിവരങ്ങള്‍ തത്‌സമയം കൈമാറാന്‍ ഹോട്ട്‌ലൈനും സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ട്രംപിന്റെ സന്ദര്‍ശനം കൂടുതല്‍ സൈനിക സഹകരണത്തിനുള്ള ബേസിക് എക്‌സ്‌ചേഞ്ച് കോ- ഓപറേഷന്‍ എഗ്രിമെന്റ് ഒപ്പിടാനുള്ള ആലോചനയിലേക്ക് ഗതിവേഗം കൂട്ടും. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദങ്ങള്‍ ഇന്ത്യയെ അമേരിക്കയുടെ സൈനിക പങ്കാളിയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.

ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ക്കും സമ്പദ്ഘടനകള്‍ക്കും മേല്‍ ആക്രമണോത്സുകമായ കടന്നു കയറ്റങ്ങളാണ് ട്രംപും അമേരിക്കയും നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപാര യുദ്ധങ്ങള്‍, സൈനിക ഇടപെടലുകള്‍, അധിനിവേശ തന്ത്രങ്ങള്‍, അവിശുദ്ധ കൂട്ടുകെട്ടുകള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലൂടെയും മാര്‍ഗങ്ങളിലൂടെയുമുള്ള കടന്നാക്രമണങ്ങളാണ് അമേരിക്ക ലോക ജനതക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്നത്. പണവും അധികാരവും അഭൂതപൂര്‍വമായ രീതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ആഗോള മുതലാളിത്തത്തിന്റെ അധിനായകനാണ് ട്രംപ്. ലോകമെമ്പാടുമുള്ള സമ്പദ്ഘടനകളെയും രാഷ്ട്രങ്ങളെയും അമേരിക്കന്‍ നായകത്വത്തിലുള്ള ആഗോള മൂലധനത്തിന്റെ ഭ്രമണപഥങ്ങളിലേക്ക് ഉദ്ഗ്രഥിച്ചെടുക്കാനുള്ള ആസൂത്രിതമായ നീക്കമായിരുന്നു 1990കളിലാരംഭിച്ച ആഗോളവത്കരണം. ഏകധ്രുവ ലോകത്തെയും സ്വതന്ത്ര വിപണിയെയും കുറിച്ചുള്ള വാചകമടികളിലൂടെ അമേരിക്ക അതിന്റെ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതാണ് സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം ലോകം ദര്‍ശിച്ചത്. ഗാട്ട് കരാറും അനവധിയായ വ്യാപാര ഉടമ്പടികളും രാഷ്ട്രീയ സൈനിക ധാരണകളുമെല്ലാം വഴി അമേരിക്കയുടെ ലോകാധിപത്യമാണ് ലക്ഷ്യമിട്ടത്.

ഇന്നിപ്പോള്‍ ആഗോളവത്കരണ നയങ്ങള്‍ തന്നെ മുതലാളിത്തത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉത്പാദന തകര്‍ച്ചയും ധനകാര്യ കുഴപ്പവും ആലോചനയില്ലാത്ത കോര്‍പറേറ്റ് വികസനം സൃഷ്ടിച്ച പാരിസ്ഥിതിക തകര്‍ച്ചയും സാമ്രാജ്യത്വ രാജ്യങ്ങളെ തന്നെ രക്ഷപ്പെടാനാകാത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു. തങ്ങളുടെ ചരക്കുകള്‍ക്കും തങ്ങള്‍ക്കാവശ്യമായ പ്രകൃതി വിഭവങ്ങള്‍ക്കും വേണ്ടി രാഷ്ട്രങ്ങളെ അസ്ഥിരീകരിക്കുകയും അപദേശീയവത്കരിക്കുകയുമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോക മുതലാളിത്ത ഭരണകൂടങ്ങള്‍. ജനാധിപത്യത്തെയും ദേശീയതയെയും മതനിരപേക്ഷ മാനവിക മൂല്യങ്ങളെയും കശക്കിയെറിഞ്ഞു കൊണ്ട് വംശീയതയിലും കുടിയേറ്റവിരുദ്ധതയിലും അധിഷ്ഠിതമായ തീവ്ര വലതുപക്ഷ രാഷ്ട്രീയം ലോകമെമ്പാടും അധീശത്വം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ആംഗ്ലോസാംഗ്‌സണ്‍ വംശീയതയും സയണിസവും ഹിന്ദുത്വവും ബുദ്ധ മൗലികവാദവുമെല്ലാം ചേര്‍ന്ന തീവ്ര വലതുപക്ഷരാഷ്ട്രീയ സഖ്യത്തിലെ കണ്ണികളാണ് ട്രംപും മോദിയും. ഇന്ത്യ എന്ന ആശയത്തെ അസ്ഥിരീകരിക്കുകയും ഇന്ത്യയെന്ന രാഷ്ട്രത്തെ അപദേശീയവത്കരിക്കുകയുമാണ് അമേരിക്കന്‍ മേധാവി ട്രംപും ഹിന്ദുത്വ വര്‍ഗീയ വാദിയായ മോദിയും.

കെ ടി കുഞ്ഞിക്കണ്ണന്‍
ktkozhikode@gmail.com

Latest