Connect with us

Editorial

ഈ ഫില്‍ട്ടറിംഗ് കൂടുതല്‍ മുസ്‌ലിംകളെ ജയിലിലടക്കും

Published

|

Last Updated

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരെ രാജ്യം യോജിച്ച പ്രക്ഷോഭം തുടരുമ്പോള്‍ ഈ നിയമത്തിന്റെയും അനുബന്ധ നടപടിക്രമങ്ങളുടെയും ആദ്യത്തെ പ്രയോഗ കേന്ദ്രമെന്ന നിലയില്‍ അസമില്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സി എ എയും എന്‍ ആര്‍ സിയും എന്‍ പി ആറും ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവ എത്രമാത്രം അപകടകരവും മനുഷ്യത്വവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് തിരിച്ചറിയാന്‍ മുന്നിലുള്ള ഉദാഹരണമാണല്ലോ അസം. അവിടെ നിലവില്‍ വന്ന അന്തിമ പൗരത്വ പട്ടിക തിരുത്താന്‍ പോകുകയാണ്. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ ഇടംപിടിക്കാതെ 19 ലക്ഷം മനുഷ്യര്‍ പുറത്തു നില്‍ക്കുകയാണ്. അവര്‍ക്ക് ട്രൈബ്യൂണലുകളെ സമീപിക്കാമെന്ന് സര്‍ക്കാറും കോടതികളും പറഞ്ഞിട്ടുണ്ടെങ്കിലും ആ പ്രക്രിയ ഒച്ചു വേഗത്തിലാണ് നീങ്ങുന്നത്. ഈ നടപടികള്‍ ഉദ്യോഗസ്ഥരാജിന് വഴിവെച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് പൗരത്വം തിരികെ കിട്ടും. അല്ലാത്തവര്‍ ഡസന്‍ കണക്കിന് രേഖകള്‍ കൊടുത്തിട്ടും പൗരത്വം തിരിച്ചു കിട്ടാതെ തടങ്കല്‍ പാളയത്തിലടക്കപ്പെടും. ആ ദുരവസ്ഥ ഒഴിവാക്കാന്‍ ചിലര്‍ ഒളിവില്‍ പോകുന്നു. പക്ഷേ എത്ര നാള്‍ ഒളിച്ചിരിക്കാനാകും?

ഈ ദുരിതങ്ങള്‍ അനുഭവിക്കുന്നത് ഏതെങ്കിലും ഒരു മതത്തില്‍ പെട്ടവരല്ല. പുറത്തായവരില്‍ 13 ലക്ഷം പേരും ബംഗാളി ഹൈന്ദവ സഹോദരങ്ങളാണ്. രാജ്യവും അസം സംസ്ഥാനവും ഭരിക്കുന്ന ബി ജെ പിക്ക് ഇവര്‍ വോട്ട് ബേങ്കാണ്. അസമിലെ ക്രൂരമായ വംശീയ ആക്രമണങ്ങള്‍ക്ക് ശമനം വരുത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ സാധ്യമാക്കിയ അസം അക്കോര്‍ഡിലെ ഒരു വ്യവസ്ഥയായിരുന്നു എന്‍ ആര്‍ സി തയ്യാറാക്കുകയെന്നത്. 1985 മുതല്‍ ഈ വാഗ്ദാനം അവിടെയുണ്ടെങ്കിലും അസമില്‍ ബി ജെ പി അധികാരം പിടിച്ചപ്പോള്‍ മാത്രമാണ് അതിന് ജീവന്‍ വെച്ചത്. 2013ല്‍ സുപ്രീം കോടതി ഇടപെട്ടതോടെ ഈ പ്രക്രിയക്ക് വേഗം കൂടി. ബി ജെ പി ദേശീയ പൗരത്വ രജിസ്റ്ററിനായി മുറവിളി കൂട്ടിയപ്പോള്‍ ലക്ഷ്യമിട്ടതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, 19 ലക്ഷം പേര്‍ പുറത്ത് നില്‍ക്കുന്ന അന്തിമ പട്ടിക വന്നപ്പോള്‍, തങ്ങള്‍ ഉദ്ദേശിച്ച വര്‍ഗീയ ഘടനയിലല്ല കാര്യങ്ങള്‍ പോകുന്നതെന്ന് അവര്‍ക്ക് മനസ്സിലായി. സ്വന്തം മണ്ണില്‍ അന്യരായി മാറുന്നതിന്റെ വേദന അനുഭവിച്ച്, ഭരണക്കാര്‍ക്ക് നേരെ ശാപവാക്കുകള്‍ ചൊരിയുന്നവരില്‍ മഹാഭൂരിപക്ഷം പേര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാനിടയുണ്ടെന്ന് കണക്കുകൂട്ടി വെച്ചവരാണെന്ന യാഥാര്‍ഥ്യത്തെ എങ്ങനെ നേരിടുമെന്ന അങ്കലാപ്പിലാണ് ബി ജെ പി. 2016ല്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും അന്ന് പാസ്സാക്കാന്‍ കഴിയാതെ വരികയും 2019 ഡിസംബറില്‍ പാസ്സാക്കുകയും ചെയ്ത പൗരത്വ ഭേദഗതി നിയമം എന്‍ ആര്‍ സിയില്‍ നിന്ന് പുറത്താകുന്ന മുസ്‌ലിമേതരരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത കോടതിയില്‍ നിശ്ചയിക്കാനിരിക്കെ രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാനും വര്‍ഗീയ അജന്‍ഡ കൂടുതല്‍ ക്രൗര്യത്തോടെ നടപ്പാക്കാനും പുതിയ വഴി തേടുകയാണ് കേന്ദ്ര സര്‍ക്കാറും അസം സംസ്ഥാന സര്‍ക്കാറും.

രണ്ട് നടപടികളാണ് അടിയന്തരമായി കൈകൊള്ളുന്നത്. എന്‍ ആര്‍ സിയിലെ ശുദ്ധികലശമാണ് ഒന്നാമത്തേത്. ഫില്‍ട്ടറിംഗ് എന്ന് ഔദ്യോഗിക നാമം. ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെട്ട് പൗരത്വത്തിന് അര്‍ഹത തെളിയിച്ചവരില്‍ അനര്‍ഹര്‍ ഉണ്ടെന്ന വാദത്തിലൂന്നിയാണ് ഈ നടപടി. സര്‍ക്കാറിന് ഇഷ്ടമില്ലാത്ത സമുദായത്തില്‍ പെട്ടവര്‍ പട്ടികയില്‍ ധാരാളമുണ്ടെന്നതാണ് യഥാര്‍ഥ പ്രശ്‌നം. ഇവരെ പുറന്തള്ളണം. അതിനായി പട്ടികയിലുള്‍പ്പെട്ടവരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നടത്തും. അന്തിമ പട്ടിക വന്ന് ആറ് മാസം പിന്നിടുമ്പോഴാണ് ഈ ഫില്‍ട്ടറിംഗ്. അന്തിമ എന്‍ ആര്‍ സി പട്ടികയുടെ ഔദ്യോഗിക വിജ്ഞാപനത്തിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ ജി ഐ)ക്ക് അയച്ചു കൊടുക്കുന്നതിന് മുന്നോടിയായാണ് പട്ടികയിലെ “വിദേശി”കളെ കണ്ടുപിടിക്കാനെന്ന പേരില്‍ പരിശോധന നടത്തുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് എന്‍ ആര്‍ സി സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ ഹിരേഷ് ദേവ് ശര്‍മ കഴിഞ്ഞ ദിവസം എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും നല്‍കി. എന്‍ ആര്‍ സിയില്‍ ഉള്‍പ്പെട്ട “അയോഗ്യരുടെ” വിശദാംശങ്ങള്‍ കണ്ടെത്തി കൈമാറാനാണ് ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ ആര്‍ സി വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ വീണ്ടും ദൃശ്യമായതിന് ശേഷമുള്ള പ്രധാന നീക്കമാണ് ശുദ്ധീകരണ പ്രക്രിയ. കഴിഞ്ഞ ഡിസംബറില്‍ എന്‍ ആര്‍ സി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് ഈയടുത്താണ് വീണ്ടും വെബ്‌സൈറ്റില്‍ വന്നത്.

മുസ്‌ലിംകളെ പുറന്തള്ളാനും രാഷ്ട്രരഹിതരാക്കാനും ജയിലിലടക്കാനുമുള്ള നീക്കമാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. ഇതിന് സമാന്തരമായി സംസ്ഥാനത്തെ മുസ്‌ലിംകളെ അസമീസ് എന്നും അല്ലാത്തവരെന്നും വര്‍ഗീകരിക്കാനുള്ള ഒരു സര്‍വേ കൂടി നടക്കുന്നുണ്ട്. ഈ സര്‍വേയും ആത്യന്തികമായി എന്‍ ആര്‍ സിയില്‍ തന്നെയാണ് എത്തിച്ചേരുക. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ ആരൊക്കെയെന്ന് കണ്ടെത്തി മുദ്ര ചാര്‍ത്തും. അവര്‍ എന്‍ ആര്‍ സിയില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കില്‍ രേഖകള്‍ പുനഃപരിശോധനക്ക് വിധേയമാക്കും. പുറത്താക്കാനുള്ള പഴുതുകള്‍ കണ്ടെത്തും. നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കി രാജ്യത്തെ സുരക്ഷിതമാക്കാനുള്ള മഹത്തായ ദൗത്യമാണ് എന്‍ ആര്‍ സിയെന്ന് വിശ്വസിച്ചിരിക്കുന്ന മൂഢന്‍മാര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. സംഘ്പരിവാറുകാര്‍ ഈ നടപടികളെ ന്യായീകരിക്കുന്നത് മനസ്സിലാക്കാം. അതവരുടെ രാഷ്ട്രീയമാണ്. എന്നാല്‍ ചില നിഷ്പക്ഷമതികള്‍ ഇപ്പോഴും ചോദിക്കുന്നു, പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അനിവാര്യമല്ലേയെന്ന്. വെറും 3.09 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് ഈ പട്ടിക തയ്യാറാക്കിയപ്പോള്‍ എന്തൊക്കെ കുതന്ത്രങ്ങളാണ് നടന്നതെന്ന് ഇക്കൂട്ടര്‍ കണ്ണു തുറന്നു കാണട്ടെ. നുഴഞ്ഞു കയറ്റമല്ല ഇവിടെ പ്രശ്‌നം. ക്രൂരമായ വര്‍ഗീയ അജന്‍ഡയാണ് നടപ്പാക്കപ്പെടുന്നത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് എന്‍ ആര്‍ സി തയ്യാറാക്കുന്നത് പോലും. ലജ്ജാകരമെന്നേ പറയാനുള്ളൂ.