Connect with us

National

മോദി 2.0 ഭരണം ഡല്‍ഹിയിലെ വായുവിനെക്കാള്‍ വിഷമയം, അപകടകാരി: തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മലിനമായ വായുവിനെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ദുര്‍ഭരണത്തെയും താരതമ്യപ്പെടുത്തി ശശി തരൂര്‍ എം പി. ഡല്‍ഹിയിലുള്ള അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ട്വിറ്ററില്‍ നടന്ന ചര്‍ച്ചയിലുയര്‍ന്ന ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് തരൂര്‍ മോദിയെ കടന്നാക്രമിച്ചത്. നിങ്ങളുടെ കഴുത്തിലുള്ള ഉപകരണം എന്താണെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചപ്പോള്‍, ശ്വസിക്കുന്ന വായു ശുദ്ധമാക്കാന്‍ ഉപയോഗിക്കുന്നതാണെന്നും എന്നാല്‍, ഡല്‍ഹിയിലെ ഏറ്റവും വലിയ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ ഇതിനു കഴിയില്ലെന്നും തരൂര്‍ മറുപടി നല്‍കി.

“ഡല്‍ഹിയിലെ വായുവില്‍ മലിനകാരിയായ പി എം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 മോളിക്യൂള്‍സിന്റെ അളവ് കൂടുതലാണ്. അതിനെ നിര്‍വീര്യമാക്കാന്‍ ഈ ഉപകരണം സഹായിക്കും. പക്ഷെ, മോദിയുടെ രണ്ടാം വരവിലൂടെ ഉണ്ടായിരിക്കുന്ന, വലിയ തോതില്‍ വിഷമയവും അപകടകാരിയുമായ പി എം 2.0 മോളിക്യൂള്‍സിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഡല്‍ഹിയും രാജ്യവും അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത പ്രശ്‌നം.”
ഡല്‍ഹിയിലെ വായു ശ്വസിക്കാന്‍ പറ്റാത്തതാണെന്നും താന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് വായു ശുദ്ധീകരിക്കുന്ന ഉപകരണത്തിന്റെ ആവശ്യം വരാറില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.