Connect with us

Vazhivilakk

ആദരവിലെ അനാദരവ്

Published

|

Last Updated

അസൈനാർ മാഷും ഞാനും കഴിഞ്ഞ ദിവസം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് പറഞ്ഞ് വാക്കേറ്റത്തിന്റെ വക്കോളമെത്തി. ലേശംകൂടി തുടർന്നിരുന്നെങ്കിൽ കൂടിനിന്നവർ പിടിച്ചുമാറ്റേണ്ടി വരുമായിരുന്നു.
“വിളിച്ചുവരുത്തിയിട്ട് മരക്കണ്ടം കൊടുത്തിട്ടെന്താ കാര്യം?” ഇതാണ് മാഷ് ചോദിക്കുന്നത്.

“ഞാൻ കുറേക്കാലമായി സ്‌കൂളിലും ഇതേകാര്യം പറയാൻ തുടങ്ങിയിട്ട്. കുട്ടികൾക്ക് ഉപകാരമുള്ള ഡിക്ഷ്ണറിയോ പുസ്തകങ്ങളോ മറ്റോ കൊടുത്തൂടേ?
എനിക്ക് ചൂടുകയറി. ഞാൻ ചോദിച്ചു. “അല്ല മാഷേ ഉപകാരമുള്ളത് എന്ന് പറഞ്ഞാൽ മുട്ടക്കോഴി കൊടുത്താൽ മതിയോ, അല്ല കറവപ്പശു ആയാലോ”.
എന്റെ ചോദ്യത്തിലെ പരിഹാസം മാഷിൽ ചില രാസപ്രവർത്തനങ്ങൾ നടത്തി. അങ്ങനെയാണ് സംസാരം സംഹാരാത്മക സംവാദമായി കത്തിക്കയറിയത്, അടിയോടടുത്തത്.
ഞാൻ ചോദിച്ചു, അല്ല മാഷേ നിങ്ങൾക്കും കിട്ടിയിട്ടില്ലേ എന്തോ കാലിഗ്രഫിക്കോ അങ്ങനത്തെ എന്തോ ഒരു ക്ണാപ്പിന്, ടീച്ചേഴ്‌സ് അസോസിയേഷന്റെ ഒരു മെമന്റോ? അതെന്തായിരുന്നു?
“അതും മരക്കണ്ടം തന്നെ”
“മാാാെേഷ മനുഷ്യനായാൽ ഇത്തിരി മര്യാദ വേണം. നന്ദികെട്ടോൻ എന്ന് പറയിപ്പിക്കരുത് കെട്ടോ!!”

ഇത് പറഞ്ഞപ്പോഴാണ് നീയാരാടാാ എന്നെ മര്യാദ പഠിപ്പിക്കാൻ എന്ന് പറഞ്ഞ് മാഷ് എന്റെ കഴുത്തിന് കയറിപ്പിടിച്ചത്. എന്നിലേക്ക് നീണ്ട ആ വലതുകൈ ഞാൻ ഇരുത്തിയൊന്ന് നോക്കി. ഞാൻ തീർത്തു പറഞ്ഞു. എനിക്ക് നിങ്ങളുടെ വാദത്തോട് അരക്കാൽ ശതമാനം പോലും യോജിപ്പില്ല. നിങ്ങളുടെ ആ മരക്കണ്ടം എന്ന പ്രയോഗം പോലും അങ്ങേയറ്റം പ്രകോപനപരമാണ്. ഒരു മാഷ് പറയുകയാണ്, “മരക്കണ്ടം” ഫ്ഭ്ഹ!!! നമ്മൾ ഒരാൾക്ക് ആദരം കൊടുക്കുമ്പോൾ ആ സാധനത്തിന്റെ സബ്സ്റ്റാൻഷ്യൽ വാല്യൂ അല്ല നോക്കുന്നത്. മറിച്ച് അതിന്റെ ഒരു…………എനിക്ക് നല്ല ഒരു പദം കിട്ടായ്കയാൽ ഉമിനീരിറക്കി അഡ്ജസ്റ്റ് ചെയ്ത ശേഷം “ഒരു ഇതാണ്” എന്ന് പറഞ്ഞു.
മാഷ് കുറേകാലമായത്രെ അതിനെതിരെ ഒന്നെഴുതണം എന്ന് കരുതുന്നു. സമ്മർദം ചെലുത്തി എന്നെക്കൊണ്ടെഴുതിക്കാനാണ് മൂപ്പർ ഇങ്ങോട്ട് വന്നത്. ഒടുവിൽ ഞങ്ങൾ അടിച്ചു പിരിയുമെന്നായി. അയാൾ എഴുതിക്കൊണ്ടുവന്ന കടലാസ് എന്റെ കൈയിൽ പിടിപ്പിച്ച് ആൾ തിരിച്ചുപോയി. ഞാൻ ഇത് കൊടുക്കാൻ കരുതിയതല്ല. അതിനു പിന്നിൽ ഒരു സംഗതിയുണ്ട്. അതു പിന്നെ പറയാം, ആദ്യം നിങ്ങളിതു വായിക്ക്.

“അധികമായി എഴുതിപ്പരിചയമില്ല. പുറമെ, ഇപ്പോൾ എല്ലാം ചറപറ വാട്സാപ്പിലൂടെ വരികയല്ലേ. തൃപ്പൂണിത്തറയിലെ ശാരദക്കുട്ടി ടീച്ചറുടെ കഥ നിങ്ങൾ എത്രപേർ വായിച്ചിരിക്കും എന്നറിയില്ല. തൊണ്ണൂറ്റി എട്ടിൽ വിരമിച്ചതാണ് ടീച്ചർ. ഏക മകൾ പ്രമീള നന്ദയെ നെയ്യാറ്റിൻകരയിലേക്ക് കെട്ടിച്ചുകൊണ്ടുപോയി. ഫെഡറൽ ബേങ്ക് ഓഫീസറാണ് ഭർത്താവ് രാജു ശങ്കർ. കഴിഞ്ഞ നാലഞ്ച് കൊല്ലമായി ടീച്ചർക്ക് നേരിയ വയ്യായ്കയുണ്ട്. എടോലക്കാരിയായ അന്നമ്മ രണ്ട് നേരം കയറിവരും. ആദ്യ വരവിൽ ഉച്ചക്കുള്ളതും രണ്ടാം വരവിൽ രാത്രിക്കുള്ളതും പാകം ചെയ്തുപോകും. പെൻഷൻ തുകയിൽ നിന്ന് ഒരു വിഹിതം ടീച്ചർക്ക് കൊടുക്കും. പുറമെ പറമ്പിലുള്ള തേങ്ങ, മാങ്ങ, അടക്ക, വാഴക്കുല തുടങ്ങിയവ എടുക്കുകയുമാകാം.
ഇക്കഴിഞ്ഞ സ്‌കൂൾ വാർഷികത്തിൽ ടീച്ചറെ ആദരിക്കാൻ തീരുമാനിച്ചു. രണ്ടായിരത്തരി മൂന്ന് മുതലേയുള്ള വിദ്യാർഥികളുടെ വേറെ വേറെ വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. ഓരോ ബാച്ചും വെവ്വേറെയായാണ് ആദരം നൽകിയത്. എന്തിന് പറയുന്നു പരിപാടി കഴിഞ്ഞ് ആളുകളൊക്കെ പിരിഞ്ഞുപോയപ്പോൾ ടീച്ചറും ഒരു കൂമ്പാരം മരക്കണ്ടങ്ങളും ബാക്കി. എല്ലാത്തിലും ടീച്ചറുടെ പേരും പടവുമുണ്ട്. പെട്ടെന്ന് തോന്നുക വീടുമാറ്റുകയാൽ ലോറിയിൽ കയറ്റാൻ ഫർണിച്ചർ കൂട്ടിവെച്ചതാണെന്നാണ്. ഇങ്ങോട്ട് ഒരു ഓട്ടോ വിളിച്ചായിരുന്നു വന്നത്. ഇനി ഇതെല്ലാംകൂടി എന്ത് ചെയ്യും. എങ്ങനെ തിരിച്ച് വീട്ടിലെത്തും എന്ന് സങ്കടപ്പെട്ട് ദയനീയാനന്ദ സരസ്വതിയായി ചടച്ചിരിക്കുന്ന ടീച്ചറുടെ ഫോട്ടോ ആയിരിക്കാം നിങ്ങൾ വാട്സാപ്പിൽ കണ്ടത്.
തനിക്ക് പുരസ്‌കാരമായി ലഭിച്ച വെങ്കല പ്രതിമയെടുത്ത് കുറുക്കനെ എറിഞ്ഞതായി പറയുന്നുണ്ട് വൈക്കം മുഹമ്മദ് ബഷീർ. ആ കുറുക്കന്റെ ഒരു ഭാഗ്യം നോക്കിയാട്ടേ. ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കുന്ന ആ കാഴ്ചബൊമ്മക്ക് ഒരു പണി കിട്ടിയില്ലേ.

ആദരിക്കാൻ വേണ്ടി പേരുപതിച്ച കുപ്പിപ്പലകയും മരക്കണ്ടവും തന്നെ കൊടുക്കണം എന്നാരാ പറഞ്ഞത്? എന്താണ് ഇവകളെ കൊണ്ട് ഒരു ലോജിക്? ഷോക്കേസിൽ നിരനിരയായി വെക്കുക എന്നല്ലാതെ. ഇത് ഒരു തരം പ്രദർശനീയത ഉണ്ടാക്കുകയല്ലേ ചെയ്യുക? നിങ്ങളുടെ വീട്ടിൽ കുറച്ച് അതിഥികൾ വന്നെന്നിരിക്കുക. അവർ സെൻട്രൽ ഹാളിലെ നിങ്ങളുടെ പേരിലുള്ള പേരുപലകകൾ സൂക്ഷിച്ച് നോക്കുമ്പോൾ നിങ്ങളിൽ ഒരുതരം ആത്മാഭിമാനം കത്തിപ്പിടിക്കുകയല്ലേ ചെയ്യുക. ഇനി മറ്റൊരു കൂട്ടം അതിഥികൾ വീട്ടിൽ വന്നു. അവർ അതൊന്നും വായിച്ചുനോക്കുകയോ മൈന്റാക്കുകയോ ചെയ്യുന്നില്ല. നിങ്ങൾക്കെന്താ തോന്നുക? വിവരം കെട്ട മാർവാഡികൾ! കയറിവന്നിരിക്കുന്നു!! നാമമായും ക്രിയയായും ഇംഗ്ലീഷുകാർ ഉപയോഗിക്കുന്ന വാക്കാണ് “ഷോകെയ്‌സ്”. അത് നമ്മിൽ ഒരു തരം ഷോക്കോയിസിസം പോഷിപ്പിക്കില്ലേ?

അപ്പോൾ ഇനിയെന്താ ചെയ്യുക? പരിഹാരം പറയാം. ആദരത്തിന്റെ പേരിൽ വെറും മരക്കണ്ടം കൊടുത്ത് വിടുന്നതിന് പകരം ഒപ്പം ഒരു കവർ കൂടി കൈമാറുക. അതിൽ അയ്യാരത്തി അഞ്ഞൂറ്റിയമ്പത്തഞ്ച് ഉറുപ്പികയോ അതിനുപറ്റിയില്ലെങ്കിൽ മുവ്വായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന് രൂപയോ ഇടുക. ഉറപ്പ്, അതുകൊണ്ടൊരു കുറുക്കനെ പോയിട്ട് മുയലിനെപോലുമെറിയില്ല.

ഇനി കവർ കൊടുക്കാൻ മടിയുള്ളവർ ആ മരക്കുപ്പിക്കണ്ടങ്ങളുടെ പ്രതലത്തിലെവിടെയെങ്കിലും ഒരു പൊന്നിന്റെ പറ്റ് പറ്റിച്ചുവെച്ചാൽ മതി. എന്നാൽ എല്ലാംകൂടി അടർത്തിയുരുക്കിയെടുത്താൽ ഒരു സംഖ്യക്ക് വരുമല്ലോ. അല്ലാത്തപക്ഷം, ഷോക്കേസ് നിറഞ്ഞ് കവിഞ്ഞ് ആളു കാണേണ്ടത് അട്ടത്ത് കൊണ്ടുപോയി തട്ടേണ്ട വിഷമസന്ധി വന്നപ്പെടും. ഇയ്യടുത്ത് ഒരു സംഭവം തന്നെയുണ്ടായി. ഒരു ഫംക്ഷനിൽ മാന്യനായ ഒരാൾക്ക് ഒരു മരമെമന്റൊ െവച്ചു നീട്ടി. അയാൾ തുറന്നു പറഞ്ഞു; ഞാനിത് വാങ്ങൽ നിർത്തിയതാണ്. പിന്നെ ഇപ്പോൾ എനിക്കിത് സമ്മാനിക്കുന്നത് എന്നേക്കാൾ പ്രായമുള്ള സമാദരണീയനായ ഒരാളായത് കൊണ്ട് മാത്രം ഞാനിപ്പോൾ നിരസിക്കുന്നില്ല എന്നുമാത്രം.
നിങ്ങൾ കണ്ടത് ശാരദക്കുട്ടി ടീച്ചറുടെ ഫോട്ടോ മാത്രമായിരിക്കും. ദൂര ദൂരങ്ങളിൽ ചടങ്ങിന് പോയി ഭാരമേറിയ മരക്കണ്ടങ്ങളും പേറി ഇടങ്ങേറാക്കുന്ന വന്ദ്യ വയോധികരെ വേറെയും നിങ്ങൾ കണ്ടിരിക്കാം. നിർത്താം: നിങ്ങളുടെ അടുക്കൽ ആരെങ്കിലും ഒരു ഗവേഷണ വിഷയം ചോദിച്ചുവന്നുവെന്നിരിക്കട്ടെ. നിങ്ങൾ പറയേണ്ടത്. “മരക്കണ്ട മെമന്റോകൾ: ഭവിഷ്യത്തും പരിഹാരങ്ങളും”
അസൈനാർ മാസ്റ്റർ പുത്തൂർ
എന്തൊക്കെയാണീ എഴുതിവെച്ചിരിക്കുന്നത്. കുറേ കാടും പടലും. ശാരദക്കുട്ടിയും മോളും പുയാപ്ലയും തേങ്ങേം മാങ്ങേം, വാഴക്കൊലേം… ഇങ്ങനെയാണോ എഴുത്ത്. എഴുത്ത് എന്നാൽ വാക്കുകളിൽ പുരട്ടുന്ന സാഹിത്യപ്പശിമയുടെ ചളിമയിൽ വായനക്കാരന്റെ മനസ്സിനെ പൂഴ്ത്തുന്ന മായാജാലമല്ലേ. ഇതിലെവിടെ അതൊക്കെ? കണ്ടില്ലേ “പ്രദർശനയീത”, ഭേ!. ഞാനായിരുന്നെങ്കിൽ “പ്രദർശനപരത” എന്നായിരുന്നു എഴുതുക. അതുപോലെ “ആത്മാഭിമാനം” എന്നിടത്ത് “ആത്മരതി” എന്നായിരുന്നു വേണ്ടത്. അതേസമയം “ദയനീയാനന്ദ സരസ്വതി” “ഷോക്കോയിസിസം” എന്നീ പ്രയോഗങ്ങൾ കട്ട ഇഷ്ടമായി. പക്ഷെ മാഷിന്റെ നിരീക്ഷണങ്ങളോട് കാലിഞ്ച് അടുക്കാനാകില്ല.

വേറേയും പ്രശ്‌നമുണ്ട്. കവറ് കൊടുക്കുക എന്ന ആശയത്തോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ട്. എന്തുകൊണ്ടെന്നാൽ എവിടെയെങ്കിലും പരിപാടിക്ക് ചെന്ന് കവർ കിട്ടിയാൽ ഉടൻ തുറന്ന് നോക്കുക എന്നുള്ള കവർലമ്പടത്വം ഈയുള്ളവന്റെ ഒരു വീക്‌നെസ്സാണ്. വാസ്തവത്തിൽ അത് പാടുള്ള കാര്യമല്ല, ചെയ്യരുത്.

ആദ്യമായി എനിക്കീ വിവരം കിട്ടുന്നത് പേരോടുസ്താദിന്റെ ലേഖനത്തിൽ നിന്നാണ്. ഒരു മർകസ് സുവനീറിലാണ് ആ ലേഖനം വായിച്ചത്. എ പി ഉസ്താദ് പ്രത്യേകമായി വിളിച്ച് നൽകിയ വിശിഷ്ടമായ ഏതാനും ഉപദേശത്തിൽപ്പെട്ട ഒന്നായിട്ടാണ് പേരോടുസ്താദ് ഇത് ഉദ്ധരിക്കുന്നത്. എവിടെ പരിപാടിക്ക് ചെന്നാലും പാരിതോഷികം കിട്ടിയാൽ എത്രയെന്ന് എണ്ണി നോക്കരുത് എന്ന്. പക്ഷേ, ഈ ഉപദേശം വായിച്ചതിൽ പിന്നെയും എനിക്കെന്നെ നിയന്ത്രിക്കാനാകുന്നില്ല. കവർ കൈയിൽ കിട്ടി പതിമൂന്ന് മിനുട്ടുകൾക്കകം അത് എത്രയെന്നറിഞ്ഞേ അടങ്ങൂ എന്ന ഉൾതള്ള് വരും. അത് പണത്തോടുള്ള അലച്ച കാരണമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. മറിച്ച് അറിയാത്തത് അറിയാനുള്ള രൂക്ഷ കുതുകിത്വം കൊണ്ടാണ്. ഒരിടത്തുനിന്ന് കിട്ടിയത് കുറഞ്ഞുപോയാൽ പിന്നീട് അവിടെ ക്ഷണിക്കപ്പെട്ടാൽ പോവാൻ വൈമനസ്യം വരും എന്നായിരുന്നു ഉസ്താദ് പറഞ്ഞ് കൊടുത്ത കാരണം. രണ്ടാമത് ക്ഷണിക്കപ്പെടില്ല എന്നുറപ്പുള്ളയാൾക്ക് ആ നിയമം ബാധകമല്ല.

അസൈനാർ മാഷ് അടിയുണ്ടാക്കി പോവുന്ന വഴിക്ക് ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് മാഷിന്റെ വലതു കൈയിന്റെ എല്ലുപൊട്ടി. ഇല്ല പ്രശ്‌നമൊന്നുമില്ല പോൽ. ഇപ്പോൾ നോർമലാണ്. കൈ പ്ലാസ്റ്ററിട്ട് കഴുത്തിനോട് ചേർത്ത് കെട്ടിയിട്ടാണുള്ളത്. പക്ഷേ, ആ വാർത്ത കേട്ടപ്പോൾ എനിക്ക് ഒരു വേണ്ടാത്ത ചിന്തയാണ് ആദ്യം തോന്നിയത്. അത് എഴുതാനോ പറയാനോ പാടില്ല. അഥവാ, “നമ്മളോട് കളിച്ചാൽ അങ്ങനെയാണ്”. അതിന്റെ ഒരു സങ്കടം തീർക്കാൻ വേണ്ടി കൂടിയാണ് അര ശതമാനം പോലും യോജിപ്പില്ലാത്ത ഒരു ആശയം ഒരു ലേഖനത്തിന്റെ ഉള്ളിൽ തിരുകി ചുളുവിലവതരിപ്പിക്കുന്നത്.

ഡോ.ഫൈസൽ അഹ്സനി ഉളിയിൽ
faisaluliyil@gmail.com

Latest