Connect with us

Cover Story

നമ്മൾ തോളിൽ നിന്ന് കൈയെടുക്കരുത്

Published

|

Last Updated

“ഇസ്‌ലാമിലെ വൻമല” എന്ന ഇടശ്ശേരിയുടെ കവിതയിൽ വ്യക്തികൾ തമ്മിലുള്ള സാഹോദര്യം മതത്തിന് അപ്പുറത്താണെന്ന് വർഷങ്ങൾക്ക് മുന്പാണ് ശക്തിയുടെ കവി പ്രഖ്യാപിച്ചത്.
“നൂറ് ശതമാനം ഞാനൊരാര്യ-
ക്കൂറും കുടുമയുമുള്ള ഹിന്ദു
മാപ്പിളേ, നീയെന്നലവിയെങ്കിൽ-
ത്തോളിൽക്കയ്യിട്ടു നടന്നു കൊള്ളൂ…
കാഫിറെന്നെന്നെ വിളിച്ചു കൊള്ളൂ-
കാതു കുത്താതെ കഴിഞ്ഞുകൊള്ളൂ-
നൂറു ശതമാനം മുസ്‌ലിം ധർമ
ക്കൂറും പെരുമയും വച്ചുപോറ്റൂ
നമ്മൾക്കു മുമ്പോട്ടു മുമ്പോട്ടു പോയ്
നന്മയോ തിന്മയോ നേടാമൊപ്പം
കൂറും പൊരുത്തവുമൊത്ത നമ്മൾ –
തോളിൽ കയ്യിട്ടേ നടന്നു കൂടൂ.”

പൗരത്വ ഭേദഗതി നിയമമായാലും മറ്റ് എന്ത് പ്രശ്‌നം വന്നാലും നമ്മൾ തോളിൽ നിന്ന് കൈയെടുക്കരുത്. അത് നമ്മൾ തീരുമാനിക്കണം. നമ്മളെ ധ്രുവീകരിക്കാൻ ഇവരുടെ ഒരു നിയമത്തിനും ഒരു ശക്തിക്കും സാധിക്കില്ല. എഴുപത് വർഷം മുമ്പ് ഇടശ്ശേരി തന്റെ കവിതയിലൂടെ വരും കാലത്തെക്കുറിച്ചുള്ള പ്രതിസന്ധികളിൽ പലതും കണ്ടിട്ടാണ് തൂലിക ചലിപ്പിച്ചത്. അന്ന് ഇടശ്ശേരി ആ കവിതയിൽ പല പ്രശ്‌നങ്ങൾ നേരിട്ടാലും അതിനെ ഐക്യത്തോടെ നേരിടണമെന്നാണ് വിളംബരം ചെയ്യുന്നത്. മനുഷ്യ ഹൃദയങ്ങളിൽ മതിൽക്കെട്ടുകൾ തീർക്കുന്നവർ തിരിച്ചറിയണം. ധ്രുവീകരിക്കാൻ നമ്മൾ തയ്യാറാകില്ലെന്ന് പറയലാണ് ഏറ്റവും വലിയ പ്രതിരോധം, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു എന്നീ നോവലുകളും എം ഗോവിന്ദന്റെ “ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം” എന്ന കവിതയും മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനാണ് പറയുന്നത്.
നവോത്ഥാനത്തിന് ശേഷം വന്ന കവിതകളും നോവലും അധികാര കേന്ദ്രീകരണവും മത ഫാസിസവും വിഭാഗീയതയും മുൻകൂട്ടി പ്രതിരോധിച്ചിട്ടുള്ള കവിതകളാണ്. നവോത്ഥാനാനന്തര കാലഘട്ടത്തിലുണ്ടായ മാനവിക ഐക്യത്തിന്റെ കവിതകളും സാഹിത്യവും അതാണ് നാം പുതിയ കാലത്ത് മുന്നോട്ട് കൊണ്ടു പോകേണ്ടത്. അതിനെ അരക്കിട്ടുറപ്പിക്കണം. പഴയകാല സാഹിത്യകാരന്മാരുടെ ദീർഘവീക്ഷണത്തെ നാം ഉൾക്കൊള്ളണം. ഞാൻ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഇത്തരത്തിലുള്ള കവിതകൾ, നാടൻപാട്ട്, മാപ്പിളപ്പാട്ട് എന്നിവ അവതരിപ്പിക്കാറുണ്ട്. ഇതാണ് ഫാസിസത്തെ നേരിടാനുള്ള ഏറ്റവും വലിയ മാർഗം.

[irp]

എഴുത്തച്ഛനും ഖാസി മുഹമ്മദും അവരുടെ രചനകളിൽ ഒരേ വൃത്തമാണ് ഉപയോഗിച്ചത്. എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട്, ഖാസി മുഹമ്മദിന്റെ മുഹ്‌യിദ്ദീൻ മാല എന്നിവ ഒരേ വൃത്തമാണ് രചനകളിൽ ഉപയോഗിച്ചത്. നമ്മുടെ സാഹിത്യവും സംസ്‌കാരവും പരസ്പരം ഇഴചേർന്ന് കിടക്കുകയാണ്. നൂറ്റാണ്ടുകളായിട്ട് പരസ്പരം വേരുകൾ കൊണ്ട് കെട്ടിപ്പടർന്ന് കിടക്കുന്ന ഒരു ജനതയെ പൗരത്വ ഭേദഗതി നിയമം കൊണ്ട് വെട്ടി മുറിക്കാൻ സാധിക്കില്ല.

ഇന്ത്യാ ഗേറ്റിൽ എഴുതിവെച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ നോക്കിയാൽ അതിൽ തൊണ്ണൂറായിരം പേരിൽ അറുപതിനായിരം പേരും മുസ്‌ലിംകളാണ്. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ഏതെങ്കിലും ഒരു മതമോ വിഭാഗമോ മാറി നിന്നിട്ടില്ല. ഇന്ത്യൻ ദേശീയതയാണ് ഒരു പൗരൻ എന്ന ബോധത്തിലേക്ക് ഉയർത്തിയത്. ഇന്ത്യയുടെ നിരന്തര രാഷ്ട്രീയ സാമൂഹിക വികാസങ്ങളുടെ ശരിയായ ഫലമായിട്ട് വന്നതാണ് 1955 ലെ പൗരത്വ നിയമം. അതിനെയാണ് ഇപ്പോൾ പൗരത്വ ഭേദഗതി ബില്ലിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. അത് നൽകുന്ന സൂചന ആശങ്കാജനകമാണ്. കാരണം, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അഭയാർഥികൾക്ക് പൗരത്വം നൽകുന്നത് മതാടിസ്ഥാനത്തിലാണ് വർഗീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണ്. അവിടെ നിന്ന് വരുന്ന എല്ലാവർക്കും പൗരത്വം നൽകുക, അല്ലെങ്കിൽ ആർക്കും നൽകാതിരിക്കുക ഇതാണ് ചെയ്യേണ്ടത്. അവിടെ നിന്നുള്ള മുഴുവൻ പേർക്കും പൗരത്വം കൊടുക്കാൻ തീരുമാനിച്ചാൽ അത് ഭരണഘടനാനുസൃതമാണ്. എന്നാൽ, പിന്നെ പ്രശ്‌നവുമില്ല.
അസാമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയതിൽ നിന്ന് 19 ലക്ഷം ജനങ്ങൾ പുറത്തായി. അതിൽ മുസ്‌ലിംകളും ക്രിസ്താനികളും എല്ലാമത വിഭാഗങ്ങളിൽപ്പെട്ടവരുമുണ്ട്. പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയതിന്റെ ഫലം രാജ്യം കണ്ടതാണ്. അവരുടെ ദുരിതങ്ങളെല്ലാം നാം മനസ്സിലാക്കി. ഈ മാതൃകയിൽ ഇന്ത്യ മുഴുവൻ പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്നാണ് പാർലിമെന്റിലെ ഇരു സഭകളിലും അമിത് ഷാ പ്രഖ്യാപിച്ചത്. അതുണ്ടാക്കിയ വലിയൊരു ആശങ്കയാണ് ഇപ്പോൾ പ്രക്ഷോഭത്തിന് ഇടയാക്കിയത്.

മുസ്‌ലിംകളെ ഒഴിവാക്കി കൊണ്ട് നിർത്തുമ്പോൾ അത് ഭരണഘടനക്ക് എതിരാണ്. മുസ്‌ലിംകൾക്ക് എതിരായി മാത്രമല്ല കാണേണ്ടത്. രാജ്യത്തിന്റെ മതേതരത്വത്തിന് വിരുദ്ധമാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ഭരണകൂടത്തിന്റെ ഹിഡൻ അജൻഡയാണ്. ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർ എസ് എസ് പോലെയുള്ള ശക്തികളാണ്. അവർക്ക് നേരത്തെയുള്ള ലക്ഷ്യമാണ്. ഹിന്ദു രാഷ്ട്രം രൂപവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഇപ്പോൾ മുസ്‌ലിംകൾക്ക് നേരെ ആയി എന്നു മാത്രമേയുള്ളൂ. ഇവർ നുണ മാത്രമേ പറയൂ എന്നതിനാൽ ഇത് പലർക്ക് നേരെ ആകാമെന്ന് നമുക്ക് അറിയാം. അങ്ങനെ ഇത് ഉണ്ടാക്കുന്ന ആശങ്ക മുസ്‌ലിംകളുടെ മാത്രമല്ല. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മേലുള്ള കടന്നാക്രമണത്തെക്കുറിച്ചുള്ള ആശങ്കയാണ്. ഭരണഘടന ഉറപ്പു നൽകുന്ന മതേതര മാനവികതയെ നിലനിർത്താൻ വേണ്ടിയുള്ള സമരമായിട്ടാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരങ്ങൾ ശക്തിപ്പെടേണ്ടത്. ആ നിലക്കാണ് സമരങ്ങൾ ഇപ്പോൾ നടക്കുന്നത്.

ഒളിഞ്ഞും തെളിഞ്ഞും ഇത് ഒരു മുസ്‌ലിം പ്രശ്‌നമാക്കി മാറ്റാനുള്ള ചില ശക്തികളുടെ പ്രവർത്തനങ്ങൾ ദോഷം ചെയ്യും. എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രക്ഷോഭമാണ് ആവശ്യം. അത് തിരുത്തപ്പെടുന്നത് വരെ ജനാധിപത്യ ശക്തികൾ പ്രക്ഷോഭത്തിൽ ഏർപ്പെടും. എന്നാൽ, പൗരത്വ ഭേദഗതി നിയമം ഉണ്ടാക്കിയാൽ ഇവിടെ ഏതെങ്കിലും ഒരു മത വിഭാഗത്തെ പുറത്താക്കിയാൽ അവരുടെ കൂടെ ആദ്യം പോകുന്നവരിൽ ഞാനുമുണ്ടാകുമെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. അതല്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചാൽ ഞാൻ കൂടി ഇല്ലാതായിട്ടേ അത് സംഭവിക്കുകയുള്ളൂ. ആ തരത്തിലുള്ള ജനാധിപത്യ ബോധമാണ് ഇത്തരം പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുമ്പോൾ എന്നെ പോലെയുള്ള ആളുകൾ ഉന്നയിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനക്ക് നേരെ ഇങ്ങനെ നേരിട്ടുള്ള കടന്നാക്രമണം ഇതുവരെ ഉണ്ടായിട്ടില്ല. നേരത്ത മുത്വലാഖ് ബില്ലിൽ അത് പ്രകടമാണ്. മുത്വലാഖ് പ്രകാരം മുസ്‌ലിം പുരുഷൻ സ്ത്രീയെ ഉപേക്ഷിച്ചാൽ ക്രിമിനൽ കുറ്റവും മറ്റുള്ളവർക്ക് സിവിൽ കുറ്റവുമേയുള്ളൂ. ഇതിലും ഭരണഘടനാ ലംഘനം പ്രകടമാണ്. ഭരണഘടനയെ കാറ്റിൽ പറത്തുന്ന അവസ്ഥയുണ്ടായതിനാലാണ് ഈ പ്രക്ഷോഭം ഉണ്ടായത്. തീർച്ചയായും ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. അതില്ലാതായാൽ അസ്വാതന്ത്ര്യവും അടിമത്തവുമായി. അക്കാലത്ത് വിദേശ വാഴ്ചക്കെതിരെയാണെങ്കിൽ ഇപ്പോൾ ഫാസിസ്റ്റ് ശക്തികൾക്കെതിരെയാണ് ഇന്ത്യൻ ജനത പോരാട്ടം നടത്തുന്നത്. ക്യാമ്പസുകളെല്ലാം ഇളകിമറിയുന്നു.ക്യാമ്പസുകളുടെ പ്രക്ഷോഭമാണ് സ്വാതന്ത്ര്യ സമര കാലത്ത് ശക്തിപകർന്നിരുന്നത്. കലാശാലകൾ വിട്ട് വിദ്യാർഥികളോട് തെരുവിലിറങ്ങാൻ വേണ്ടിയാണ് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നത്. പഠിപ്പ് നിർത്തിയിട്ട് വരാനാണ് പറഞ്ഞിരുന്നത്. പഠനമല്ല പ്രധാനം സ്വാതന്ത്ര്യമാണ് ആവശ്യം. സ്വാതന്ത്ര്യമില്ലെങ്കിൽ പഠനം കൊണ്ട് പ്രയോജനമില്ല.

ലോകത്ത് എവിടെയുണ്ടായിട്ടുള്ള വലിയ മാറ്റങ്ങൾക്കുംക്യാമ്പസുകൾ സുപ്രധാന പങ്കാണ് വഹിച്ചത്. യൗവനം എന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് ഉണ്ടാകേണ്ട കാലഘട്ടമാണ്. ഇന്ത്യൻ യുവത്വം ഇതിനെ ഉൾക്കൊണ്ട് എന്നതാണ് ക്യാമ്പസുകളുടെ പ്രക്ഷോഭം കാണിക്കുന്നത്. മാത്രമല്ല, ജെ എൻ യു യൂനിയൻ ചെയർപേഴ്‌സൺ ഐസി ഘോഷിനെപ്പോലെയുള്ളവർ ആർ എസ് എസിന്റെ അക്രമണത്തിൽ പരുക്കേറ്റ് പൊട്ടിയ ശിരസ്സുമായി പിറ്റേ ദിവസം തന്നെ പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ടു. അത് പ്രതീക്ഷയാണ് നൽകുന്നത്.
സമര മുഖത്തുണ്ടായിരുന്ന വിദ്യാർഥികൾ പനിനീർ പൂക്കൾ കൊണ്ട് കവിത ചൊല്ലുകയാണ്. സമര മുഖത്ത് കവിത പോലും ഒരു ആയുധമാക്കി തീർത്തത് ക്യാമ്പസുകളാണ്.

പല വിധത്തിലുള്ള ഭീഷണികൾ എഴുത്തുകാർ അഭിമുഖീകരിക്കുന്നുണ്ട്. എഴുത്തുകാരും കലാകാരന്മാരും സ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും പക്ഷത്ത് നിലയുറപ്പിക്കുന്നവരാണ്. സ്വതന്ത്ര ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എഴുത്തുകാർ രക്തസാക്ഷികളായത്. ഇന്ത്യയുടെ നല്ല എഴുത്തുകാർ നീതിയുടെ പക്ഷത്താണ് നിലൽക്കുന്നത്. പലരും കുറ്റകരമായ നിശബ്ദത പാലിക്കുന്നുണ്ട്. നിർണായക ഘട്ടത്തിൽ നിർഭയമായി സംസാരിക്കാനുള്ള ഉത്തരവാദിത്വം എഴുത്തുകാർക്കുണ്ട്. അവസരവാദം എല്ലാവരിലുമുണ്ടാകുമല്ലോ. ജനം ഏറ്റെടുത്ത പ്രക്ഷോഭമാണ്. ഒറ്റപ്പാട്ടിൽ നിർത്തി മാറ്റപ്പാട്ടിലേക്ക് വരാൻ എല്ലാ കലാകാരന്മാരും ബാധ്യസ്ഥരാകും.

കമറുദ്ദീൻ എളങ്കൂർ
kamaruelankur@gmail.com
ഫോട്ടോ: പി കെ നാസർ