Connect with us

Kerala

പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പി എസ് സി പരിശീലന കേന്ദ്രങ്ങള്‍; വിജിലന്‍സ് അന്വേഷണമാരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പി എസ് സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരത്തെ മൂന്ന് പി എസ് സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിവരികയാണ്. റെയ്ഡില്‍ രസീത് ബുക്ക്, പണം ബേങ്ക് രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. പരിശീലന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. സ്ഥാപനങ്ങളിലൊന്നില്‍ ക്ലാസെടുക്കുന്ന ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ വകുപ്പു മേധാവിയെ അറിയിക്കും.

പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നതിനു പുറമെ, പി എസ് സി ചോദ്യക്കടലാസ് സെക്ഷനുകളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് പൊതുഭരണ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പൊതുഭരണ വകുപ്പും പി എസ് സിയും അന്വേഷണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജലന്‍സ് അന്വേഷണം നടക്കുന്നത്.

പ്രതിസ്ഥാനത്തുള്ള മൂന്ന് ഉദ്യോഗസ്ഥന്മാരില്‍ രണ്ടുപേര്‍ ദീര്‍ഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നതെന്നും മറ്റു ചിലരുടെ പേരിലാണ് ഇവര്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ആരോപണമുണ്ട്. ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പി എസ് സിയുടെ കെ എ എസ് പരീക്ഷ എഴുതുകയും ചെയ്തു.

---- facebook comment plugin here -----

Latest