Connect with us

Sports

സ്വപ്‌ന ഡബിളിന് പത്താണ്ട്

Published

|

Last Updated

കോഴിക്കോട് | കളമൊഴിഞ്ഞിട്ട് ഏറെയായെങ്കിലും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെപ്പോലെ വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു കായിക താരം ഏറെയുണ്ടാകില്ല. സ്‌പോർട്‌സിലെ “ഓസ്‌കാറാ”യ ലോറിയസ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം സച്ചിൻ സ്വന്തമാക്കിയത് ഇക്കഴിഞ്ഞ ദിവസമാണ്.
ഇരുപത് വർഷത്തിനിടെ കായിക രംഗത്തുണ്ടായ സുന്ദര മൂഹൂർത്തം സമ്മാനിച്ചതിനായിരുന്നു സച്ചിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇതുപോലെ, ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ച്വറിയെന്ന മറ്റൊരാൾക്കും തകർക്കാൻ പറ്റാത്ത റെക്കോർഡ് സച്ചിൻ സ്വന്തമാക്കിയതിന്റെ പത്താം വാർഷികമാണ് നാളെ. ലോക ക്രിക്കറ്റിൽ അസാധ്യമെന്ന് തോന്നിച്ചിരുന്ന സുവർണ നേട്ടം…
അതുവരെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ പാക്കിസ്ഥാൻ താരം സയീദ് അൻവറിന്റെതായിരുന്നു. 1997 ൽ ഇന്ത്യക്കെതിരെ 194 റൺസാണ് സയീദ് നേടിയത്. 13 വർഷത്തോളമാണ് ഇത് ഇളക്കം തട്ടാതെ നിന്നത്. പിന്നീട് ആരും തകർക്കില്ലെന്ന് കരുതിയിരുന്നു.

എന്നാൽ 2010 ഫെബ്രുവരി 24 ന് ദക്ഷിണാഫ്രിക്കക്കെതിരെ ഗ്വാളിയോർ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കർ ആ റെക്കോർഡ് തകർത്തു. 147 പന്തിൽ പുറത്താകാതെ 200 റൺസാണ് സച്ചിൻ നേടിയത്.
മത്സരത്തിൽ ഇന്ത്യ 153 റൺസിന്റെ വിജയവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 401 റൺസാണ് അടിച്ചുകൂട്ടിയത്. 226 മിനുട്ട് ക്രീസിൽ ചെലവഴിച്ച സച്ചിൻ 25 ബൗണ്ടറികളും മൂന്ന് സിക്‌സറും ഉൾപ്പെടെയാണ് ഡബിൾ തികച്ചത്.
38 പന്തിൽ 68 റൺസുമായി അവസാന നിമിഷങ്ങളിൽ ധോണി തകർത്തടിച്ചതോടെ സച്ചിൻ ഡബിൾ തികക്കുമോയെന്ന ആശങ്കയായിരുന്നു കളിപ്രേമികൾക്ക്.
ഒടുവിൽ, ലാംഗ്്വെൽറ്റ് എറിഞ്ഞ 50ാം ഓവറിന്റെ മൂന്നാം പന്ത് പോയിന്റിലേക്ക് പായിച്ച് ഒരു റൺ ഓടിയെടുത്ത് സച്ചിൻ മറ്റൊരു ചരിത്രത്തിലേക്ക് ഓടിക്കയറി. ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ച്വറി . അതുവരെ, 186 ആയിരുന്നു ഏകദിനത്തിൽ സച്ചിന്റെ ഏറ്റവും ഉയർന്ന സ്‌കോർ.

സച്ചിന് ശേഷം വീരേന്ദ്ര സേവാഗും രോഹിത് ശർമയും ക്രിസ് ഗെയിലും മാർട്ടിൻ ഗുപ്ടിലും ഇരുനൂറുകാരുടെ പട്ടികയിൽ കയറിയെങ്കിലും സച്ചിന്റെ ഡബിൾ വിരാമമിട്ടത് 39 വർഷവും 2,961 കളികളും നീണ്ട കാത്തിരിപ്പിനായിരുന്നു.
എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ ഡബിൾ സെഞ്ച്വറി നേടിയത് സച്ചിൻ ടെണ്ടുൽക്കറല്ല. അതൊരു വനിത ക്രിക്കറ്റ് താരമാണ്.

ആസ്്ത്രേലിയയുടെ ബെലിൻഡ ക്ലാർക്ക്. 1997 ഡിസംബറിൽ നടന്ന വനിതാ ലോകകപ്പിലാണ് ക്ലാർക്ക് ഡബിളടിച്ചത്. ഡെൻമാർക്കായിരുന്നു എതിരാളി.
155 പന്തുകളിൽ നിന്ന് 22 ബൗണ്ടറികൾ സഹിതം 229 റൺസാണ് ക്ലാർക്ക് സ്വന്തമാക്കിയത്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയത് ഇന്ത്യയുടെ രോഹിത് ശർമയാണ്.
മൂന്ന് ഡബിൾ സെഞ്ച്വറികളാണ് ശർമയുടെ പേരിലുള്ളത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും ശർമയുടെ പേരിലാണ്. (264)

---- facebook comment plugin here -----

Latest