Connect with us

Malappuram

പൗരത്വ നിയമം: മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഇ കെ സമസ്ത നേതാക്കൾക്കെതിരെ ലീഗ്

Published

|

Last Updated

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന ഇ കെ വിഭാഗം സമസ്ത നേതാക്കൾക്കെതിരെ ലീഗ് നേതാവ് പരസ്യമായി രംഗത്ത്. മുസ്‌ലിം ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജബ്ബാർ ഹാജിയാണ് ഇ കെ വിഭാഗം നേതാക്കൾക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

കോഴിക്കോട് യൂത്ത് ലീഗ് ശഹീൻ ബാഗ് സമര വേദിയിലായിരുന്നു ജബ്ബാർ ഹാജിയുടെ വിവാദ പ്രസംഗം. ചില മതനേതാക്കൾ ചിലരെയൊക്കെ മഹത്വവത്കരിച്ച് നടക്കുന്നുണ്ടെന്നും പിണറായി വിജയൻ ഏതോ അവതാരകനായി വന്നതു പോലെയാണ് ചിലരൊക്കെ പറയുന്നതെന്നും ഇ കെ വിഭാഗം സമസ്ത നേതാക്കളെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ അന്തകനാണ് പിണറായി വിജയനെന്ന് അവർ മാറ്റിപ്പറയേണ്ടിവരുമെന്നും ജബ്ബാർ ഹാജി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സമുദായത്തിന്റെ രക്ഷകരായി ഉണ്ടാകില്ല. നന്മ ആഗ്രഹിക്കുന്നവർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഉൾപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം ഇ കെ വിഭാഗം സമസ്ത നേതാക്കളെ ഓർമിപ്പിക്കുന്നു. അതേസമയം നേതാക്കളെ പരസ്യമായി ഇകഴ്ത്തുന്ന ലീഗ് നേതാവിന്റെ പ്രസംഗത്തിനെതിരെ ഇ കെ വിഭാഗം സമസ്തയിൽ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ഇ കെ വിഭാഗം സമസ്ത സ്വീകരിക്കുന്ന നിലപാടിൽ മുസ്‌ലിം ലീഗിൽ നേരത്തേ അതൃപ്തിയും പ്രതിഷേധവുമുണ്ട്. എന്നാൽ പാർട്ടിയുടെ സംസ്ഥാന നേതാക്കളാരും തന്നെ ഇതുവരെയും പരസ്യമായി രംഗത്ത് വന്നിരുന്നില്ല.

എന്നാൽ പാർട്ടിയിൽ ഇ കെ സമസ്തക്കെതിരെ പാർട്ടിയിൽ പുകയുന്ന പ്രതിഷേധമാണ് ജബ്ബാർ ഹാജിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് ഇ കെ വിഭാഗം സമസ്ത നേതാക്കൾ കരുതുന്നത്. ജബ്ബാർ ഹാജി പാർട്ടി സംസ്ഥാന നേതാക്കളുമായി നല്ല ബന്ധമുള്ള നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്നുണ്ടായിരിക്കുന്ന പ്രതികരണം നേതൃത്വത്തിന്റെ അറിവോടെ തന്നെയാണെന്നാണ് സംഘടനയിൽ വിലയിരുത്തൽ.

 

---- facebook comment plugin here -----

Latest