Connect with us

National

'പാക്കിസ്ഥാൻ സിന്ദാബാദ്': ചർച്ചയായി ശ്രീ ശ്രീ രവിശങ്കറുടെ 2016ലെ പ്രസംഗം

Published

|

Last Updated

ന്യൂഡൽഹി | ബെംഗളൂരുവിൽ നടന്ന സി എ എ വിരുദ്ധ സംഗമത്തിൽ പെൺകുട്ടി പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ചത് കടുത്ത നിയമനടപടിക്ക് വഴിവെച്ച സാഹചര്യത്തിൽ 2016ൽ ശ്രീ ശ്രീ രവിശങ്കർ നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. 2016ൽ ന്യൂഡൽഹിയിൽ നടന്ന ലോക സാംസ്‌കാരികോത്സവത്തിൽ വെച്ചായിരുന്നു ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ രവിശങ്കർ പാക്കിസ്ഥാൻ സിന്ദാബാദ് വിളിപ്പിച്ചത്. പാക്കിസ്ഥാനും ഹിന്ദുസ്ഥാനും സൗഹാർദത്തോടെ നീങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചു കൊടുത്തത്. “പാക്കിസ്ഥാനും ഹിന്ദുസ്ഥാനും സൗഹാർദത്തോടെ മുന്നോട്ടുപോകണം. ജയ്ഹിന്ദും പാക്കിസ്ഥാൻ സിന്ദാബാദും ഒരുമിച്ച് വിളിക്കണം” രവിശങ്കർ പറഞ്ഞു.

പാക്കിസ്ഥാനും ഇന്ത്യയും മറ്റെല്ലാ രാജ്യങ്ങളും ആത്യന്തികമായി ഓർക്കേണ്ട കാര്യം നമ്മളെല്ലാവരും മനുഷ്യരാണ് എന്നതാണ്. എല്ലാവരും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. ഈശ്വരന്റെ മക്കളായ നമ്മളെല്ലാവരും സ്‌നേഹത്തോടെ ഒന്നിച്ചു നിൽക്കേണ്ടതുണ്ടെന്നും രവിശങ്കർ പറഞ്ഞിരുന്നു. തന്റെ പ്രസംഗത്തിനിടയിൽ, പാക് നേതാവായ മുഫ്തി മൗലാനാ മുഹമ്മദ് സഈദ് ഖാനോട് പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് വിളിക്കാൻ ആവശ്യപ്പെടുകയും അതിന് മറുപടിയായി ജയ്ഹിന്ദ് എന്നുവിളിക്കുകയും ചെയ്തിരുന്നു. അന്ന് രവിശങ്കറിനെതിരെ ബി ജെ പിയിൽ നിന്നും സംഘ്പരിവാർ സംഘടനകളിൽ നിന്നും കടുത്ത എതിർപ്പ് ഉയരുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ സിന്ദാബാദ് പറയുന്നവരെ ഇന്ത്യന്‍ മണ്ണില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കൂടി ഫെസ്റ്റിവലിലെത്തിയ ദിവസമായിരുന്നു രവിശങ്കറിന്റെ പ്രസംഗം.

എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഉവൈസി പങ്കെടുത്ത പരിപാടിയിൽ അമൂല്യ എന്ന ആക്ടിവിസ്റ്റ് വിളിച്ച പാക്കിസ്ഥാൻ സിന്ദാബാദാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എന്നാൽ അവർ വേദി വിടും മുമ്പ് ജയ് ഹിന്ദും മുഴക്കിയിരുന്നു. എല്ലാ രാജ്യങ്ങളും സൗഹാർദപൂർവം കഴിയണമെന്ന സന്ദേശമാണ് താൻ മുന്നോട്ട് വെക്കുന്നതെന്ന് അമൂല്യ പറയുന്നു.

Latest