Connect with us

Kozhikode

ശിഷ്യസാഗരമൊഴുകിയെത്തി; സന്തോഷാശ്രു പൊഴിച്ച് ഗുരുവര്യർ

Published

|

Last Updated

കോഴിക്കോട് | മർകസ് നോളജ് സിറ്റിയിൽ സാഗരസമാനമായി ഒഴുകിയെത്തിയ ശിഷ്യരെ കണ്ട് സന്തോഷാശ്രു പൊഴിച്ച് മർകസ് ചാൻസലറും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

1985 മുതൽ 2019 വരെയുള്ള പതിനായിരത്തിലേറെ വരുന്ന സഖാഫികളിൽ തൊണ്ണൂറു ശതമാനവും സംഗമിച്ച മഹാസമ്മേളനത്തിനാണ് നോളജ് സിറ്റി വേദിയായത്. മർകസിൽ വർഷങ്ങളോളം കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരിൽ നിന്ന് ബുഖാരി ഓതിപ്പടിച്ച മാതൃകയില്‍ ഹികമിന്റെ ദർസ് ലഭിച്ചപ്പോൾ അപാരമായ അനുഭൂതിയിലായിരുന്നു ഓരോരുത്തരും. സമ്മേളനത്തിൽ സംസാരിച്ച കാന്തപുരം ഉസ്താദിന്റെ ശിഷ്യനായ എ പി മുഹമ്മദ് മുസ്‌ലിയാരും ഹൃദയസ്പർശിയായ അനുഭവങ്ങളാണ് ഗുരുവിനെ പറ്റി പങ്കുവെച്ചത്. അഗാധമായ അറിവ്, അവിടുത്തെ സ്വതസിദ്ധമായ ശൈലിയിൽ ശിഷ്യരിലേക്കു പകർന്നു നൽകി. സുന്നത്ത് ജമാഅത്തിനെ കുറിച്ചുള്ള ഉസ്താദിന്റെ ആഴമുള്ള അറിവും അത് സമർഥിക്കാൻ അല്ലാഹു നൽകിയ വാഗ്ചാതുരിയും മികവും ഒത്തുചേര്‍ന്നപ്പോഴാണ് മുസ്‌ലിംകൾക്കിടയിൽ മാറ്റങ്ങൾ ഉണ്ടായത്. സി എം വലിയുല്ലാഹിയും ഇ കെ ഹസൻ മുസ്‍ലിയാരും എല്ലാം ഉസ്താദിന്റെ പ്രവത്തനങ്ങൾക്ക് ആത്മീയമായും വൈജ്ഞാനികമായും ഉപദേശം നൽകി. മഹാന്മാരെ എപ്പോഴും ഹൃദയത്തോട് ചേർത്തുവെക്കുന്ന വിശിഷ്ടമായ സ്വഭാവത്തിന് ഉടമയാണ് ഉസ്താദ്. എന്നും വലിയ പദ്ധതികൾ അവിടുന്നു ഹൃദയത്തിൽ ഏറ്റി നടന്നു. ഈ സമൂഹത്തിന്റെ പുരോഗതിക്കായി. സര്‍വശക്തന്‍ അവയൊക്കെ നിറവേറ്റി കൊടുത്തു.

എല്ലാവരുടെയും ഉള്ളിൽ അഗാധമായ സ്‌നേഹം ഉസ്താദിനോട് നൽകി. നോളജ് സിറ്റി പോലെ വിപുലമായ വൈജ്ഞാനിക സാംസ്‌കാരിക പദ്ധതി മറ്റേതൊരു പണ്ഡിതനാണ് ലോകത്ത് നടപ്പാക്കാൻ സാധിച്ചത്. പരിചയപ്പെടുന്ന ഓരോ മനുഷ്യരുടെ ഹൃദയത്തിൽ സ്‌നേഹത്തിന്റെ നിലാവ് പെയ്യിക്കാൻ സാധിച്ച പണ്ഡിതൻ. അവിടുത്തെ കാലത്ത് ജീവിക്കാൻ കഴിഞ്ഞുവെന്നതും, അവിടുത്തെ പ്രിയശിഷ്യരായി മാറാൻ പറ്റിയെന്നതും അല്ലാഹു നമുക്ക് കനിഞ്ഞുതന്ന അനുഗ്രഹമാണ്- അദ്ദേഹം പറഞ്ഞു.,

Latest