Connect with us

Articles

ഈ സമരം വിജയിച്ചിരിക്കുന്നു

Published

|

Last Updated

ഇന്ത്യൻ ജനത ഉയിർത്തെഴുന്നേറ്റിരിക്കുന്നു. രാജ്യത്തുടനീളം നഗര ഗ്രാമാന്തരങ്ങളിൽ വ്യത്യസ്ത വിശ്വാസവും സ്വത്വവുമുള്ള ജനങ്ങൾ തങ്ങളുടെ ഐക്യദാർഢ്യത്തിലും ചെറുത്തുനിൽപ്പിലും അടിയുറച്ച് നിലകൊള്ളുന്നു, പതിനായിരങ്ങൾ തെരുവിലിറങ്ങുന്നു. ഒറ്റ നേതാവല്ല, ഈ ഉയിർത്തുനിൽപ്പിന്റെ മുന്നണിപ്പോരാളികളായി യുവജനതയും അടിസ്ഥാന വിഭാഗക്കാരായ മുസ്‌ലിം വനിതകളുമാണുള്ളത്. മഹാത്മാ ഗാന്ധിയും ബാബാസാഹെബ് അംബേദ്കറുമാണ് വീരപുരുഷർ, ത്രിവർണപതാകയും ഭരണഘടനയുമാണ് മുദ്രകൾ. ഓരോ പ്രതിഷേധത്തിലും ഉച്ചത്തിൽ ആലപിക്കുന്ന ദേശീയ ഗാനം പ്രതിഷേധ മുദ്രാവാക്യമായിരിക്കുന്നു. ഭയത്തെയും നിശ്ശബ്ദതയെയും തകർത്തുകൊണ്ട് വിയോജിപ്പിന്റെ ശബ്ദങ്ങൾ മുഴങ്ങുന്നു. നമ്മുടെ ഐക്യദാർഢ്യത്തെയും സ്വാതന്ത്ര്യത്തെയും രാജ്യത്തെയും ഭരണഘടനയെയും ആഘോഷിക്കുന്ന, വിയോജിപ്പുകൾ ഉറക്കെ പറയുന്ന കവിതകളും മുദ്രാവാക്യങ്ങളും നമ്മുടെ മനസ്സുകളെ മഥിക്കുന്നു.

സ്വതന്ത്ര ഭാരതത്തിന്റെ യാത്രയിൽ ഈയൊരു മുന്നേറ്റം അഭൂതപൂർവമാണ്. ഈ മുന്നേറ്റം വിജയിക്കുകയാണെങ്കിലും ക്ഷീണിക്കുകയും മുറുമുറുപ്പുണ്ടാകുകയാണെങ്കിലും അടിച്ചമർത്തപ്പെടുകയാണെങ്കിലും ആത്യന്തികമായി എവിടേക്ക് നയിക്കപ്പെട്ടാലും അധിക പേരും അത്ഭുതംകൂറും. വിജയത്തെ കുറിച്ച് ആശങ്കപ്പെടുന്നവർ ചെറുത്തുനിൽപ്പിന്റെ സ്വഭാവത്തെ തെറ്റിദ്ധരിച്ചവരാണ്. സി എ എ- എൻ ആർ സി- എൻ പി ആർ ത്രിത്വത്തിനെതിരെ മാത്രമുള്ള പോരാട്ടമായി ഇതിനെ കാണുന്നവർക്ക് ഭീമാബദ്ധം പിണഞ്ഞിരിക്കുന്നു. രാജ്യത്ത് കഴിയുന്ന പൗരന്മാരുടെ പൗരത്വം തെളിയിക്കാൻ ആജ്ഞാപിക്കുന്ന ഒരു സർക്കാറിന്റെ ധാർഷ്ട്യത്തിനെതിരെയുള്ള കലഹമാണിത്. സർക്കാർ ജനതയെ കേൾക്കണമെന്നതിനുള്ള മുന്നറിയിപ്പാണിത്. ഭയത്തിനും വെറുപ്പിനും വിവേചനത്തിനും അക്രമത്തിനും വിധ്വംസക ഹിന്ദുത്വ ദേശീയതയെ അപകടകരമാം വിധം സ്ഥാപിക്കുന്നതിനും എതിരെയുള്ള തുടർ മുന്നേറ്റമാണിത്. വിദ്യാർഥികളെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ന്യൂനപക്ഷങ്ങളെയും പൈശാചികവത്കരിക്കുന്ന സർക്കാറിനെതിരെയുള്ള മുന്നേറ്റമാണിത്. ദൈനംദിന ജീവിതത്തിന്റെയും തൊഴിലില്ലായ്മയുടെയും കർഷക ദുരിതത്തിന്റെയും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളുടെയും തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയുടെയും പ്രതീക്ഷയറ്റ യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യാൻ സർക്കാർ പരാജയപ്പെട്ടതിന്റെ നിഷേധമാണിത്.

നിലവിൽ തന്നെ വിവിധ രൂപത്തിൽ ജനകീയ മുന്നേറ്റം വിജയിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിക്ക് ശേഷം ഹിന്ദു- മുസ്‌ലിം ഐക്യത്തിനുള്ള പ്രഥമ ദേശീയ മുന്നേറ്റമാണ് ഇതെന്നതാണ് പ്രധാന വിജയം. യഥാർഥത്തിൽ ഈ മുന്നേറ്റം വിവിധ മത- ജാതി സ്വത്വങ്ങളിലുള്ളവരുടെ ഐക്യത്തിനുള്ളതാണ്. പ്രതിഷേധിക്കുന്ന സഹോദരിമാർക്ക് വേണ്ടി ലംഗാർ തയ്യാറാക്കാൻ കൊടുംതണുപ്പുള്ള രാത്രികളിൽ ശഹീൻ ബാഗിൽ ക്യാമ്പ് ചെയ്യുകയാണ് ദരിദ്ര സിഖ് കർഷകർ. നമ്മുടെ നാഗരിക പാരമ്പര്യത്തിലെ ഏറ്റവും സുന്ദരമായ വിജയത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. 1947ലെ ദുരിതം നാം കണ്ടതാണെന്നും അതൊരിക്കലും ആവർത്തിക്കാതിരിക്കാനുള്ള സ്ഥിതി ഉറപ്പാക്കണമെന്നും സിഖുകാർ പറയുന്നു.

ഇന്ത്യയിലുടനീളമുള്ള സർവകലാശാലകളിലെ വിദ്യാർഥികളിൽ പുനർരാഷ്ട്രീയവത്കരണം സാധ്യമാക്കിയെന്നതാണ് ഈ മുന്നേറ്റത്തിന്റെ രണ്ടാം വിജയം. രാഷ്ട്രീയ, ധാർമിക പ്രതിഫലനങ്ങള്‍ ഷണ്ഡീകരിക്കപ്പെട്ട കേന്ദ്രങ്ങളായിരുന്നു ദീർഘകാലമായി അധിക സർവകലാശാലകളും. വെറുക്കരുതെന്ന് മുതിർന്നവരെ പഠിപ്പിക്കുകയാണ് ഇന്ന് വിദ്യാർഥികൾ. കൂടുതൽ പരിചരണവും തുല്യതയും നൽകുന്ന രാജ്യമാകാനുള്ള വഴി കാണിക്കുന്നു വിദ്യാർഥികൾ. ഇന്ത്യയിലെ മുസ്‌ലിം ജനതക്ക് ധൈര്യംകൊടുക്കുന്നു എന്നതാണ് മൂന്നാം വിജയം. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷങ്ങൾ ഭീതിയുടെയും പീഡനത്തിന്റെതുമായിരുന്നു. രാഷ്ട്രീയ പ്രാധാന്യമില്ലാത്തവരായും എല്ലാ പാർട്ടികൾക്കും രാഷ്ട്രീയ ബാധ്യതയായും മുസ്‌ലിംകൾ ചിത്രീകരിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയുമുണ്ടായി. മതഭ്രാന്തും വിദ്വേഷ പ്രസംഗവും ആൾക്കൂട്ടക്കൊലയും ദൈനംദിന ജീവിതത്തിന്റെ സ്വീകാര്യ ഭാഗമായി. രാജ്യത്തിന്റെ ഓരോ മൂലയിലുമുള്ള പ്രതിഷേധ കേന്ദ്രങ്ങളിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. വയോധികരായ മുസ്‌ലിം സ്ത്രീകൾ നേതൃത്വം നൽകുന്ന ശഹീൻ ബാഗ് സമരത്തിൽ പ്രചോദിതരായുള്ള പ്രതിഷേധം ഒരു ഉത്സവത്തിന്റെ രൂപത്തിലാണ് എനിക്കനുഭവപ്പെട്ടത്.

കുറഞ്ഞ പ്രതിഷേധവും ധൈര്യപ്പെടുത്തലിന്റെ കൂടുതൽ ആഘോഷങ്ങളും കാണിക്കുന്നത് ഇന്ത്യ ഇപ്പോഴും അവരുടെയും രാജ്യമാണെന്നതിന്റെ നിദർശനമാണ്. മഹാത്മാ ഗാന്ധിയുടെയും ഭരണഘടനയുടെയും വാഗ്ദാനങ്ങൾ പൊള്ളയായിരുന്നില്ലെന്നുമാണ്. അതിനാൽ നാമെല്ലാം ഒരുമിച്ച് നിലകൊള്ളുന്നു. ഞാൻ അഭിസംബോധന ചെയ്ത ലക്ഷങ്ങൾ അണിനിരന്ന റാലികളിലും ഇതേവികാരമാണ് നിഴലിച്ചത്. അത്തരം റാലികളിൽ തൊപ്പിധരിച്ച പുരുഷന്മാരും ഹിജാബ് ധരിച്ച സ്ത്രീകളും ആഘോഷപൂർവം ദേശീയ പതാക വീശിയും മറ്റ് വിശ്വാസങ്ങളിലുള്ളവരുമായി തോളോടുതോൾ ചേർന്നുമാണ് പങ്കെടുത്തത്.
വിഭജനത്തേക്കാൾ ഐക്യത്തിന്റെയും ഉൾക്കൊള്ളലിന്റെതുമായ ദേശീയതാ ആശയം അരക്കിട്ടുറപ്പിക്കുന്നു എന്നതാണ് നാലാം വിജയം. രാജ്യത്തെ സത്യസന്ധമായി സ്‌നേഹിക്കുന്നവർക്ക് വെറുപ്പിനാലും ഭയത്താലും അക്രമത്താലും അതിനെ വിഭജിക്കുന്നത് സഹിക്കുകയില്ല. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വലതുപക്ഷ ദേശീയതയുടെ സ്ഥാനത്ത് ടാഗോറിന്റെയും ഗാന്ധിയുടെയും രാജ്യസ്‌നേഹം നിലയുറപ്പിച്ചിരിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളെയും സ്‌നേഹിച്ചും മറ്റെല്ലാ രാജ്യത്തെയും മാനിച്ചുമാണ് ടാഗോറിന്റെയും ഗാന്ധിയുടെയും പാതയിൽ നിങ്ങൾ രാജ്യത്തെ സ്‌നേഹിക്കുക.

ജനമുന്നേറ്റത്തിന്റെ ആത്മാവായി ഭരണഘടന മാറിയിരിക്കുന്നു എന്നതാണ് അഞ്ചാം വിജയം. പെൺകുട്ടികൾ നയിക്കുന്ന, ജനക്കൂട്ടം ഭരണഘടനയുടെ ആമുഖം വായിക്കുന്ന വമ്പൻ പ്രതിഷേധങ്ങളിലും തെരുവിലെ സമരത്തിലും പങ്കെടുക്കുമ്പോൾ ഓരോ തവണയും എനിക്ക് രോമാഞ്ചമുണ്ടാകാറുണ്ട്. ഭരണഘടന ഏറെ അപകടം നേരിടുന്ന ഒരു സന്ധിയിൽ അതിനെ സംരക്ഷിക്കാൻ ഒന്നിച്ചതിന്റെ ശരിയായ പ്രയോഗമായി “ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ” എന്നത് മാറിയിരിക്കുന്നു. വൈമനസ്യവും ധാർമികമായി സന്ദിഗ്ധതയുമുള്ള ബി ജെ പിയിതര പാർട്ടികളെ ഭരണഘടന സംരക്ഷിക്കാൻ ഒരു നിലപാടെടുക്കാൻ ഈ മുന്നേറ്റം നിർബന്ധിച്ചു എന്നതാണ് ആറാം വിജയം. ഭരണഘടനാ സംരക്ഷണ വിഷയത്തിൽ ചില നിസ്സാര പരിഗണനകൾക്ക് വേണ്ടി വഞ്ചിക്കാനിരിക്കുകയായിരുന്നു ഈ പാർട്ടികൾ. കേന്ദ്ര സർക്കാറിനെ ഈ മുന്നേറ്റം വ്യക്തമായും അസ്വസ്ഥപ്പെടുത്തുന്നു. എൻ ആർ സി തങ്ങളുടെ അജൻഡയല്ലെന്നും തടങ്കൽ പാളയങ്ങൾ നിലവിലില്ലെന്നും നുണ പറയുന്നിലേക്ക് സർക്കാറിനെ എത്തിക്കുന്നു. ഡൽഹി തിരഞ്ഞെടുപ്പിൽ ശഹീൻ ബാഗ് ഭയമായി അവർക്ക് മാറുന്നു.
ഈ ജനമുന്നേറ്റം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കേണ്ടത് ഈ മഹത്തായ വിജയങ്ങളുടെ അടിസ്ഥാനത്തിലാകണമെന്ന് എനിക്ക് ബോധ്യമുണ്ട്. ജനങ്ങൾക്ക് കരുത്തും ദൃഢനിശ്ചയവുമുള്ള കാലത്തോളം പ്രതിഷേധങ്ങളും മാർച്ചുകളും നീണ്ടുനിൽക്കും. ജനമുന്നേറ്റം ഇനി കേന്ദ്രീകരിക്കേണ്ടത് ഏപ്രിൽ മുതൽ ആരംഭിക്കുന്ന എൻ പി ആറിൽ സഹകരിക്കാതിരിക്കുന്നതിലാണ്. എൻ പി ആർ അനുവദിച്ചാൽ എൻ ആർ സിയിൽ നിന്ന് “സംശയാസ്പദ പൗരന്മാരെ” പുറത്താക്കുന്നതിലേക്ക് ഏത് സമയത്തും കേന്ദ്ര സർക്കാറിന് തിരിയാം.

നിർദോഷ എൻ പി ആർ- എൻ ആർ സി ഒരിക്കലും നടപ്പാക്കാനാകത്ത പദ്ധതിയാണ്. ഇതിന്റെ യഥാർഥ ലക്ഷ്യം എന്നത് ഇന്ത്യൻ മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കിയും തടങ്കൽ പാളയത്തിൽ അടച്ചും തീരാദുരിതത്തിൽ ആഴ്ത്തുക എന്നതാണ്. മുസ്‌ലിംകളോടൊപ്പം വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും അപ്രിയരെയും ഉൾപ്പെടുത്തും. അതിനാൽ എൻ പി ആർ നടപ്പാക്കാതിരിക്കാനും സെൻസസിനെ എൻ പി ആറിൽ നിന്ന് വേർതിരിക്കാനും സംസ്ഥാന സർക്കാറുകളെ ഈ ജനകീയമുന്നേറ്റം നിർബന്ധിക്കുന്ന സ്ഥിതിയുണ്ടാകണം.
നമുക്കെല്ലാവർക്കും വേണ്ടി ഭരണഘടനാ സംരക്ഷണം ഇന്ത്യൻ മുസ്‌ലിംകളുടെ ചുമലിലേക്ക് വിടുന്നത് മനസ്സാക്ഷിക്ക് ചേരുന്നതല്ല. നിലവിലെ ഭരണകൂടത്തോടുള്ള നിസ്സഹകരണത്താൽ അത്യധികം ക്രൂരമായി ലക്ഷ്യമാക്കപ്പെട്ടവരാണ് മുസ്‌ലിംകൾ. എൻ പി ആർ ബഹിഷ്‌കരണാഹ്വാനം നടത്തേണ്ടത് മുസ്‌ലിം ഇതരരാണ്. കാരണം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിസ്സഹകരണത്തിന്റെ വില അതിതീവ്രവും കഠിനവുമായിരിക്കും.

മൗലാനാ ആസാദിനെ വായിച്ച് നമുക്ക് അവസാനിപ്പിക്കാം. “ഹിന്ദു- മുസ്‌ലിം ഐക്യം ഉപേക്ഷിച്ചാൽ 24 മണിക്കൂറിനകം ഇന്ത്യ സ്വതന്ത്രമാകുമെന്ന് സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന ഒരു മാലാഖ കുത്തബ് മിനാറിന്റെ മുകളിൽ നിന്ന് പ്രഖ്യാപിച്ചാൽ, ഹിന്ദു- മുസ്‌ലിം ഐക്യം ഉപേക്ഷിക്കുന്നതിന് പകരം സ്വരാജായിരിക്കും ഞാൻ ത്യജിക്കുക. സ്വാതന്ത്ര്യലബ്ധിയിലെ കാലതാമസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടമാകുമെങ്കിലും, നമ്മുടെ ഐക്യം നഷ്ടപ്പെട്ടാൽ അത് മനുഷ്യകുലത്തിന് ആകമാനം നഷ്ടമായിരിക്കും”.
അതിനാൽതന്നെ ജനകീയ മുന്നേറ്റത്തിന്റെ മറുവശം ഐക്യത്തിലും ഐക്യദാർഢ്യത്തിലും വേരൂന്നിയതായിരിക്കണം. രാഷ്ട്രത്തെ മാത്രമല്ല നമ്മെ ഓരോരുത്തരെയുമായിരിക്കണം അഭിസംബോധന ചെയ്യേണ്ടത്. നിയമമോ കോടതിവിധിയോ അല്ല മറിച്ച്, നമ്മുടെ മനസ്സുകളെ സ്‌നേഹമാണോ വെറുപ്പാണോ ഭരിക്കേണ്ടത് എന്ന് നിർണയിക്കുന്ന തരത്തിലുള്ള രാജ്യം എന്നതായിരിക്കും ഇതിന്റെ പര്യവസാനം.

ഹർഷ് മന്ദർ
മൊഴിമാറ്റം: പി എ കബീർ

Latest