Connect with us

National

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; ജാഫ്രാബാദില്‍ സ്ത്രീകള്‍ വഴി തടയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ജാഫ്രാബാദില്‍ സ്ത്രീകളുടെ വഴി തടയല്‍ സമരം പുരോഗമിക്കുന്നു. ശനിയാഴ്ച രാത്രി മുതലാണ് നഗരത്തിലെ പ്രധാന പാതയില്‍ കുത്തിയിരുന്ന് ഗതാഗതം തടഞ്ഞുള്ള സമരം ആരംഭിച്ചത്. ഷഹീന്‍ബാഗ് മാതൃകയിലാണ് സമരം. ദേശീയ പതാകകള്‍ കൈയിലേന്തി, ആസാദി മുദ്രാവാക്യങ്ങളുമായി ഇരുന്നൂറോളം സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭരണഘടനാ ശില്‍പ്പി ഭീംറാവു അംബേദ്കറുടെ ചിത്രങ്ങളും പ്രക്ഷോഭകര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണ മാനദണ്ഡം വേണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായാണ് പ്രക്ഷോഭം നടക്കുന്നത്.

ജാഫ്രാബാദ് മെട്രോ സ്റ്റേഷന് മുന്നിലായാണ് സമരം നടക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍ അടച്ചു. ഇത് വഴി മെട്രോ കടന്നുപോകുമെങ്കിലും ഇവിടെ നിര്‍ത്തില്ല. സമരക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തിവരികയാണ്. ശക്തമായ സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.