Connect with us

Kerala

മതം രേഖപ്പെടുത്തിയില്ല: കുട്ടിക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചെന്ന് രക്ഷിതാക്കൾ

Published

|

Last Updated

തിരുവനന്തപുരം | പ്രവേശന ഫോറത്തിൽ മതം രേഖപ്പെടുത്താത്തത് ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർ കുട്ടിക്ക് പ്രവേശനം നിഷേധിച്ചെന്ന് രക്ഷിതാക്കളുടെ പരാതി. രക്ഷിതാക്കളായ ധന്യയും ഭർത്താവ് നസീമും ആണ് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതർ തങ്ങളുടെ കുട്ടിക്ക് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നിഷേധിച്ചതെന്ന് പരാതിപ്പെട്ടത്. കുട്ടിക്ക് ഈ സ്‌കൂളിൽ പ്രവേശനം വേണ്ടെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയിൽ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിനെ തുടർന്നാണ് സ്‌കൂൾ പ്രവേശനം നിഷേധിച്ചതതെന്നാണ് രക്ഷിതാക്കളുടെ പരാതി.

പ്രവേശന ഫോം പൂരിപ്പിച്ച് നൽകിയപ്പോൾ എൽ പി വിഭാഗം മേധാവിയായ സിസ്റ്റർ ടെസ്സി തടസ്സം അറിയിക്കുകയായിരുന്നു. പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെ മാനേജ്‌മെന്റുമായി ആലോചിച്ച് ശേഷം സിസ്റ്റർ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ടു.

അഡ്മിഷൻ വേണമെങ്കിൽ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നാണ് നസീമിനോട് സിസ്റ്റർ പറഞ്ഞത്.
മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെ മതം രേഖപ്പെടുത്തില്ലെന്ന് നസീം വ്യക്തമാക്കി. നസീമിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതായി സ്‌കൂൾ അധികൃതരും സമ്മതിച്ചിട്ടുണ്ട്. നസീം പരാതി അറിയിച്ചതോടെ പ്രവേശനം നൽകാൻ തയ്യാറാണെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കിയെങ്കിലും തങ്ങളുടെ കുട്ടിയെ ഈ സ്‌കൂളിൽ പഠിപ്പിക്കാൻ താത്പര്യമില്ലെന്ന് രക്ഷിതാക്കൾ മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ പട്ടം സെന്റ് മേരീസ് രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളായാണ് അറിയപ്പെടുന്നത്.