Connect with us

Kozhikode

എസ് വൈ എസ് യൂത്ത് കൗൺസിൽ ഇന്നും നാളെയും മർകസിൽ

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് കൗൺസിൽ ഇന്നും നാളെയുമായി കാരന്തൂർ മർകസ് ഇംഗ്ലീഷ് സ്‌കൂളിൽ നടക്കും. ഇന്ന് വൈകീട്ട് അഞ്ചിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, ഖാസിം ഇരിക്കൂർ, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, മജീദ് കക്കാട്, എൻ അലി അബ്ദുല്ല, സി പി സൈതലവി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും.
ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് പരിപാടി സമാപിക്കും. ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രാധാന്യം നൽകുന്ന യൂത്ത് കൗൺസിലിൽ സ്‌റ്റേറ്റ് ക്യാബിനറ്റ് തയ്യാറാക്കിയ സംഘടന റിപ്പോർട്ട് മുഖ്യ ചർച്ചയാകും.
ദേശീയ, അന്തർദേശീയ സാഹചര്യങ്ങളെ പഠനവിധേയമാക്കി കേരളീയ യുവസമൂഹത്തിന്റെ കർമശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള കർമ പരിപാടികൾ ആവിഷ്‌കരിക്കും.

കൗൺസിൽ അംഗങ്ങളുടെ ക്രിയാശേഷിയും ബൗദ്ധിക നിലവാരവും ഉയർത്തുന്നതിനും സ്വയം പഠനത്തിനും അന്വേഷണങ്ങൾക്കും പ്രേരണ ഉണർത്തുന്നതിനുമുള്ള സെഷനുകൾ പരിപാടിയിൽ നടക്കും.
സ്റ്റേറ്റ് ക്യാബിനറ്റ് തിരഞ്ഞെടുത്ത സബ്‌ജക്ട് കമ്മിറ്റി നടപടികൾ നിയന്ത്രിക്കും. യൂത്ത് കൗൺസിലിൽ പങ്കെടുക്കുന്നവർക്കുള്ള പ്രീ സിറ്റിംഗ് സംസ്ഥാനത്തെ 16 കേന്ദ്രങ്ങളിൽ പൂർത്തിയായിട്ടുണ്ട്.

Latest